സർക്കുലർ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു
സർക്കുലർ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു
ശബരിമല: സർക്കുലർ ബസുകളുടെ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. പമ്പാ–ത്രിവേണി റൂട്ടിൽ മൂന്നു മിനി ബസുകളാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർവീസ് നിർത്തിവയ്ക്കാൻ കെഎസ്ആർടിസി തീരുമാനിച്ച വിവരം രാഷ്ര്‌ടദീപികയാണു വെളിച്ചത്തുകൊണ്ടുവന്നത്. നിർത്തിവയ്ക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം പൂർണമായും സർവീസ് നിർത്തിവച്ചിരുന്ന കാര്യം രാഷ്ര്‌ടദീപിക ചൂണ്ടിക്കാണിച്ചു. രാഷ്ര്‌ടദീപികയിൽ വന്ന വാർത്തയുടെ അടിസ്‌ഥാനത്തിൽ തീരുമാനം പിൻവലിക്കുകയാണെന്നു കെഎസ്ആർടിസി പമ്പ സ്പെഷൽ ഓഫീസർ ജി. ശരത്കുമാർ അറിയിച്ചു.

പമ്പ–ത്രിവേണി റൂട്ടിൽ 10 രൂപയാണു കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കെഎസ്ആർടിസിയോടു വിശദീകരണം ചോദിച്ച സാഹചര്യത്തിലാണി സർവീസ് നിർത്തിവച്ചത്. എന്നാൽ മലയിറങ്ങിവരുന്ന തീർഥാടകർക്കും ദീർഘദൂര സർവീസുകളിൽ വരുന്ന തീർഥാടകർക്ക് ഇരുന്നു സഞ്ചരിക്കുന്നതിനുമാണു സർക്കുലർ സർവീസ് ആരംഭിച്ചത്.


പമ്പയിലേക്ക് തീർഥാടകരെയുംകൊണ്ടുവരുന്ന ദീർഘദൂര ബസുകൾ ത്രിവേണിയിലാണ് ആളുകളെ ഇറക്കുന്നത്. ഇവിടെനിന്നും കാലിയായിട്ടാണ് പമ്പാ സ്റ്റാൻഡിലേക്കു പോകുന്നത്. ഈ ബസിൽ സ്റ്റാൻഡ് വരെ തീർഥാടകരെ സൗജന്യമായി കൊണ്ടുപോകണമെന്ന ആവശ്യവും ശക്‌തമാവുകയാണ്. എന്നാൽ ഇന്നുരാവിലെ പമ്പയിൽ തിരക്കേറിയതിനാൽ സർക്കുലർ സർവീസുകൾ പമ്പയിൽ പാർക്കുചെയ്യാൻ പോലീസ് അനുവദിക്കുന്നില്ലെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. പോലീസിന്റെ തീരുമാനത്തിനെതിരേ ഉയർന്ന ഉദ്യോഗസ്‌ഥർക്കു പരാതി നൽകുമെന്നു പമ്പയിലെ കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.