പോലീസ് സേനയുടെ കർപ്പൂരാഴി നടന്നു
പോലീസ് സേനയുടെ കർപ്പൂരാഴി നടന്നു
ശബരിമല: ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വെള്ളിയാഴ്ച സന്നിധാനത്ത് മണ്ഡലപൂജയ്ക്ക് മുന്നോടിയായി പോലീസ് അയ്യപ്പൻമാരുടെ കർപ്പൂരാഴി നടന്നു. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി ടി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിമരച്ചുവട്ടിൽ ഓട്ടുരുളിയിൽ ഒരുക്കിവച്ച കർപ്പൂരം കത്തിച്ചതോടെ ഘോഷയാത്ര ആരംഭിച്ചു. ചടങ്ങിൽ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആർ. ജയശങ്കർ, സ്പെഷൽ ഓഫീസർ എൻ. വിജയകുമാർ, പമ്പ സ്പെഷൽ ഓഫീസർ യദീഷ് ചന്ദ്ര, അസിസ്റ്റന്റ് സ്പെഷൽ ഓഫീസർ കാർത്തികേയ ഗോകുലചന്ദ്ര, സന്നിധാനം പോലീസ് സ്റ്റേഷൻ എസ്ഐ പി.വിനോദ് കുമാർ, ദേവസ്വം പിആർഒ മുരളി കോട്ടയ്കകം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കർപ്പൂര ആഴി കൊടിമരത്തിന് വലംവച്ച ശേഷം ഘോഷയാത്രയായി മാളികപ്പുറത്തേക്ക് നീങ്ങി. തുടർന്ന് ഘോഷയാത്ര നടപ്പന്തൽ വഴി ആലിൻചുവട്ടിൽ വന്ന് തിരിച്ച് സന്നിധാനം സ്റ്റേജിൽ എത്തി. പുലിവാഹനനായ അയ്യപ്പന്റെ ദൃശ്യാവിഷ്കാരം ഘോഷയാത്രയിൽ പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. പുലികളി, മയിൽക്കാവടി, പന്തളംരാജാവ്, മന്ത്രി, വാവര്, വെളിച്ചപ്പാട്, ശ്രീരാമൻ, നരസിംഹം, ബ്രഹ്്മാവ്, ദുർവാസാവ്, കൃഷ്ണൻ തുടങ്ങിയ വേഷങ്ങളും ഘോഷയാത്രയെ ഭക്‌തിനിർഭരമാക്കി. പുണ്യം പൂങ്കാവനത്തിന്റെ സന്ദേശങ്ങൾ വഹിച്ചുകൊണ്ടുള്ള പെയ്ക്കാലിലുള്ള കൂറ്റൻ ദൃശ്യങ്ങൾ വേറിട്ട കാഴചയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.