അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന രാവ്
അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന രാവ്
മനുഷ്യൻറെ ജീവിത വ്യവഹാരങ്ങളിൽ കടന്നു കൂടുന്ന അപചയങ്ങൾക്ക് തടയിടുകയാണ് വ്രത കാലം. ഓരോ വർഷവും ഇതാവർത്തിക്കുന്പോൾ, ശീലിച്ചു പോന്ന വൃത്തികേടുകൾ മാറ്റി വെച്ച് പകരം ന·കൾ ശീലിക്കാൻ വ്രതകാലം മനുഷ്യനെ സഹായിക്കുന്നു. അഴുക്ക് പുരണ്ട ജീവിത ശൈലിയെ വൃത്തിയുള്ള പരിസരത്തേക്കു പുനരാനയിക്കു കയാണത്. പുണ്യകർമങ്ങൾക്കെല്ലാം സ്രഷ്ടാവ് വർധിച്ച പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് മനുഷ്യനെ ഒരു മഹാ വിരുന്നിന് ക്ഷണിക്കുകയാണ്. വിശുദ്ധിയും പവിത്രതയും നൽകി ഒരു മാസക്കാലം വിരുന്നൊരുക്കി വെച്ച മഹാകാരുണ്യവാൻ, അതിലെ ഒരു രാത്രിക്ക് വലിയ മഹത്വം നൽകിയിരിക്കുന്നു, ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ഒരു രാവ്.

ആ രാത്രിക്ക് അല്ലാഹു അത്യുന്നത പദവി നൽകിയിട്ടുമുണ്ട്. ഏറ്റവും മഹത്തായ സമൂഹത്തിന് ഏറ്റവും മഹാനായ പ്രവാചകർക്ക് ഖുർആൻ അവതീർണമായത് ആ രാത്രിയിലാണ്. സ്ഥാനമില്ലാത്ത വിശ്വാസികൾക്ക്, സ്ഥാനാരോഹണം നൽകപ്പെടുന്ന രാത്രി. അനേകായിരം വിശ്വാസികൾ പാപക്കറകൾ മായ്ക്കപ്പെട്ട് സ്വർഗപ്രവേശം നിശ്ചയിക്കപ്പെടുന്ന രാത്രി. ധാരാളം കരുണയുടെ മാലാഖമാർ പുലരുവോളം ഭൂമിലോകത്തേക്കിറങ്ങുന്ന രാത്രി. എന്തുകൊണ്ടും ഉൽകൃഷ്ടമായ രാത്രി. ഇതുപോലുള്ള അന്നൊരു രാവിൽ വിശുദ്ധ ഖുർആൻ സവിശേഷ രീതിയിൽ അവതരിച്ചു.

ഭക്തരായിട്ടുള്ളവർ ഏറെ കൊതിക്കുന്ന ആ രാവ് റമളാനിലെ ഏതു രാത്രിയുമാകാം. എന്നാൽ അവസാന പത്ത് ദിനങ്ങളിലൊരു രാവ് ആയിരിക്കാനാണ് കൂടുതൽ സാധ്യത. കൃത്യമായി ദിനം അറിയിച്ചു തരാതിരിന്നിട്ടുള്ളതും മനുഷ്യൻറെ ഗുണത്തിനാവുന്നു. വിളിച്ചാൽ ഉടനെ ഉത്തരം കിട്ടുന്ന ഇസ്മുൽ അഅ്ളമും വെള്ളിയാഴ്ചയിൽ ഉടൻ ഉത്തരം ലഭിക്കുന്ന സമയവും അതുപോലെ അല്ലാഹു മറച്ചുവെച്ചതിൽ ചിലത് മാത്രമാണ്. ഈ അനുഗ്രഹീതരാവിനെ പ്രതീക്ഷിച്ചു കൊണ്ട് മാസം മുഴുക്കെ സൽകർമങ്ങളിൽ നിരതനാവട്ടെ എന്നാണ്, നാഥനായ അല്ലാ ഹുവിൻറെ താൽപര്യം. വിനീതനായ ദാസനു കൂടുതൽ കൂടുതൽ ന·കൾ ചെയ്തു കൂട്ടാനുള്ള സാഹചര്യങ്ങൾ അങ്ങനെ ലഭിച്ചുകൊണ്ടിരിക്കുന്നു.


ആഇശാ ബീവി പറയുന്നുണ്ട്: മുത്ത് നബി (സ്വ) റംസാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ ഇഅ്തികാഫ് ഇരിക്കാറുണ്ട്. അവസാനത്തെ പത്ത് ദിനങ്ങളിൽ ലൈലത്തുൽഖദ്റിനെ നിങ്ങൾ ശ്രദ്ധാപൂർവം പ്രതീക്ഷിക്കുക എന്ന് അവിടുന്ന് പറയാറുണ്ട്. (ബുഖാരി). അബൂഹുറൈറ (റ) പറഞ്ഞു: തിരുനബി സ്വ പറഞ്ഞു: വിശ്വസിച്ചും പ്രതിഫലം പ്രതീക്ഷിച്ചും ഏതെങ്കിലും വ്യക്തി ലൈലതുൽ ഖദ്റിൽ രാത്രി നിസ്കാരം നടത്തിയാൽ അവൻറെ കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും. (മുസ്ലിം).

ആരാധനകൾ കൊണ്ട് ധന്യമാക്കിയാണ് ലൈലതുൽ ഖദ്റിനെ പ്രതീക്ഷിക്കേണ്ടത്. നിസ്കാരം, ദാനധർമം, പ്രാർത്ഥന, തൗബ, ഇഅ്തികാഫ്, ഖുർആൻ പാരായണം, ദിക്റ് സ്വലാത്തുകൾ വർദ്ധിപ്പിച്ച് അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന രാവിൽ ഏറ്റവും അനുഗ്രഹീതരാവാൻ നമുക്ക് സാധ്യമാവണം.

ഉൗരകം അബ്ദുറഹ്മാൻ സഖാഫി
സെക്രട്ടറി, കേരള മുസ്ലിം
ജമാഅത്ത്, മലപ്പുറം ജില്ല


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.