ജന്മനാട്ടിലേക്ക് സ്നേഹസ്വാഗതം
യെമൻ മനുഷ്യരക്തത്തിന്‍റെ മണമുള്ള മണ്ണാണെന്ന് ഫാ.ടോം ഉഴുന്നാലിലിന് അറിയാമാ യിരുന്നു. ആ മണ്ണിൽ കാലുകുത്തുന്ന നിമിഷം മുതൽ മരണത്തിലേക്കു വിരൽ ചൂണ്ടുന്ന തോക്കിൻകുഴലുകൾ തനിക്കു നേരേ തിരിയുമെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. താനറിയാതെ തന്നെ നിരീക്ഷിക്കുന്ന അജ്ഞാതർക്കു നടുവിലാണ് ഒാരോ നിമിഷത്തെ ജീവിതമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇത്രയൊക്കെ ദുരന്തങ്ങൾ പതിയിരിക്കുന്നുവെന്ന് അറിഞ്ഞിട്ടും എന്തിനാണ് ടോമച്ചൻ യെമനിലേക്കു പോയത്... ചിലരുടെയെങ്കിലും സംശയമാണിത്. എന്നാൽ, ഫാ.ടോമിനു പോകാതിരിക്കാനാവില്ല, കാരണം അതാണ് ഒരു മിഷനറിയുടെ ദൗത്യം...

സ്നേഹവും കരുതലും ശുശ്രൂഷയും ആവശ്യമുള്ള ജനതയ്ക്കായി സ്വന്തം ജീവൻ പോലും മറന്നു സേവനം ചെയ്യാനുള്ള ദൗത്യമാണ് ഒാരോ മിഷനറിയുടേതും. തോക്കിൻകുഴലിന്‍റെ ഗർജനത്തേക്കാൾ പട്ടിണിപ്പാവങ്ങളുടെയും രോഗികളുടെയും വിലാപങ്ങളാണ് അവരുടെ കാതുകളിൽ മുഴങ്ങുക. അതു കേട്ടില്ലെന്നു നടിക്കാനോ അതിനെ അവഗണിച്ചു മുന്നോട്ടു നടക്കുവാനോ അവർക്കു കഴിയില്ല. കാരണം, ദൈവത്തിന്‍റെ മുഖമാണ് ആ പാവങ്ങൾക്ക്... ദൈവത്തിന്‍റെ സ്വരമാണ് ആ വിലാപങ്ങൾക്ക്.


ജനതകളുടെ പ്രാർഥനകളാണ് ഒാരോ മിഷനറിയുടെയും കരുത്ത്. കടുത്ത പ്രതിസന്ധികൾ തൊട്ടുമുന്നിലെത്തുന്പോഴും അവരുടെ ശക്തിസ്രോതസ് പ്രാർഥന മാത്രം... രാജ്യം കാത്തിരുന്ന തിരിച്ചുവരവിന്‍റെ ആഹ്ലാദത്തിൽ, നിറഞ്ഞ പ്രാർഥനകളോടെ വരവേൽക്കാം, പ്രിയപ്പെട്ട ടോമച്ചനെ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.