മാലോം(കാസർഗോഡ്): അതിജീവനത്തിനുവേണ്ടി ആരുടെയും ഓശാരത്തിനു കാത്തുനിൽക്കാതെ കർഷകരുടെ അതേ ശക്തി വീണ്ടെടുക്കേണ്ട സമയമായെന്ന് തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി. ‘കാർഷികവൃത്തി കേരള സമൃദ്ധി’ എന്ന മുദ്രാവാക്യവുമായി ദീപിക ഫ്രണ്ട്സ് ക്ലബിന്റെ (ഡിഎഫ്സി) നേതൃത്വത്തിലുള്ള കേരള കർഷക ജാഥയുടെ ഉദ്ഘാടനം മാലോം സെന്റ് ജോർജ് പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശീതീകരിച്ച മുറികളിലിരുന്ന് ഉദ്യോഗസ്ഥമേധാവികൾ സൃഷ്ടിച്ച നിയമങ്ങളെ പേടിക്കാതെ കർഷകൻ അവന്റെ അതിജീവനത്തിനായി ഉണരേണ്ടിയിരിക്കുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കബറിടത്തിൽനിന്നു കൊളുത്തിയ കർഷക ജാഥയുടെ തീനാളം അധികാരകേന്ദ്രങ്ങൾക്ക് അവഗണിക്കാനാവാത്ത ശക്തിയാകും. ദീപിക കർഷകനു വേണ്ടിയാണ് നിലകൊള്ളുന്നത്. -മാർ പാംപ്ലാനി പറഞ്ഞു.
തലശേരി അതിരൂപതാ പരിധിക്കുള്ളിലുള്ള നാലു കുടുംബങ്ങളിലെ അംഗങ്ങളെ പന്നി കുത്തി കൊലപ്പെടുത്തിയിട്ടുണ്ട്. കർഷകന്റെ ചോരയും നീരും ഊറ്റിയെടുത്തു കോർപറേറ്റുകൾക്കു പാദസേവ ചെയ്യുകയാണ് കേന്ദ്രസർക്കാർ. ഗതികെട്ടവരായ നമ്മൾ പ്രതികരിച്ചേ മതിയാവൂ. കർഷകന്റെ ദുരവസ്ഥയിൽ ഇടപെടേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, ദീപിക സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ, അഡ്വർടൈസ്മെന്റ് മാനേജർ ജോസ് ലൂക്കോസ്, രാഷ്ട്രദീപിക സർക്കുലേഷൻ മാനേജർ കെ.ജെ. എൽദോ, ഡിഎഫ്സി സംസ്ഥാന നേതാക്കളായ ടോമി തുരുത്തിക്കര, ജോബിയച്ചൻ വടക്കൻ,തോമസ് കുറിഞ്ഞി ,ടോം കല്ലറയ്ക്കൽ, പോളി അഗസ്റ്റിൻ, കണ്ണൂർ ബ്യൂറോചീഫ് സിജി ഉലഹന്നാൻ, കാസർഗോഡ് ബ്യൂറോ ചീഫ് ഡിറ്റി വർഗീസ്, ദീപിക മുൻ എജിഎം ഡി.പി. ജോസ്, അഡ്വർടൈസ്മെന്റ് അസിസ്റ്റന്റ് മാനേജർമാരായ പി.ജെ. മാത്യു, സെബാസ്റ്റ്യൻ തോമസ്, റെക്സി എം. ഐപ്പ്, സണ്ണി തോമസ്, ദീപിക റീജണൽ മാനേജർമാരായ സെബാൻ കാരക്കുന്നേൽ, ബിനോയ് ഓരത്തേൽ, എം.ടി. തോമസ്, ബാബു പതിപ്പള്ളിൽ, രാഷ്ട്രദീപിക റീജണൽ മാനേജർമാരായ വിപിൻ, രജിത്ത് കുമാർ, പ്രജിത്ത്, റിപ്പോർട്ടർമാരായ ഡാജി ഓടയ്ക്കൽ, മാമച്ചൻ പാലാവയൽ, സിജോ ഡൊമനിക്ക്, കെ.പി. രാജീവൻ എന്നിവർ നേതൃത്വം നൽകി.