സീറോ മലബാര്‍ സംഗമം സമാപിച്ചു; വിശ്വാസദീപ്തിയില്‍ ജ്വലിച്ചു ഹൂസ്റ്റണ്‍
സീറോ മലബാര്‍ സംഗമം സമാപിച്ചു; വിശ്വാസദീപ്തിയില്‍ ജ്വലിച്ചു ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹില്‍ട്ടണ്‍ അമേരിക്കാസില്‍ നടന്ന സീറോ മലബാര്‍ ദേശീയ സംഗമം വിജയകരമായി സമാപിച്ചു. തോമാശ്ലീഹാ പകര്‍ന്ന വിശ്വാസ ദീപ്തിയില്‍ അമേരിക്കയിലെ നാല്പതു ഇടവകകകളില്‍ നിന്നും നാലപ്പത്തഞ്ചു മിഷനുകളിലിനിന്നുമായി നാലായിരത്തില്‍ പരം വിശ്വാസികള്‍ സമ്മേളിച്ചപ്പോള്‍ അമേരിക്കന്‍ മണ്ണിലെ ഏറ്റവും വലിയ സീറോ മലബാര്‍ സംഗമത്തിനു ഹൂസ്റ്റണ്‍ സാക്ഷ്യം വഹിച്ചു.

എഴുപത്തോളം വൈദികള്‍ ഒരുമിച്ചര്‍പ്പിച്ച സമൂഹ ബലിയോടെയാണ് കണ്‍വന്‍ഷനു തുടക്കമായത്. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിതെളിയിച്ചു ദേശീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു.

ഷിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, മയാമി പെന്‍സകോല രൂപതാ ബിഷപ്പ് വില്യം വോക്ക്, തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ. ഫാ. തോമസ് കടുകപ്പള്ളി, രൂപതാ ചാന്‍സലര്‍ ജോണിക്കുട്ടി പുലിശേരി, രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി തുടങ്ങിയവര്‍ പരിപാടികളില്‍ ആത്മീയ നേതൃത്വം നല്‍കി. സുപ്രീം കോടതി (റിട്ട.) ജസ്റ്റിസ് കുര്യന്‍ ജോസഫ്, ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ് , കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം തുടങ്ങിവര്‍ അതിഥികളായി പങ്കെടുത്തു.



കണ്‍വന്‍ഷനു ആതിഥേയത്വം നല്‍കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോന വികാരിയും കണ്‍വെന്‍ഷന്‍ കണ്‍വീനറുമായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കോ കണ്‍വീനര്‍ ഫാ രാജീവ് വലിയവീട്ടില്‍ എന്നിവര്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കി.

പ്രശസ്ത വചന പ്രോഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ബൈബിള്‍ പ്രഭാഷണങ്ങള്‍ കണ്‍വന്‍ഷനു ആത്മീയഉണര്‍വേകി. റിട്ടയേര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫ്, സുവിശേഷ പ്രാസംഗിക ക്രിസ്റ്റീന ശ്രീനിവാസന്‍ (മോഹിനി), പ്രശസ്ത പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ജാക്കി ഫ്രാങ്കോയിസ് എയ്ഞ്ചല്‍, പാറ്റി ഷീനിയര്‍, ഡോ. ജെയ്‌സി എ. ജോസഫ്, മാത്യു ജേക്കബ് , ബ്രദര്‍ സന്തോഷ കരുമാത്ര, ബ്രദര്‍ തോമസ് പോള്‍ തുടങ്ങി നിരവധി പ്രഭാഷകര്‍ ആത്മീയ വേദികള്‍ പങ്കിട്ടു. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ച ലക്ഷ്യംവെക്കുന്ന ക്ലാസുകള്‍ക്കും സിംബോസിയങ്ങളും കലാസാംസ്‌ക്കാരിക പരിപാടികളും ആത്മീയ സംഘടനകളുടെ കൂടിച്ചേരലുകളും, പ്രൊഫഷണല്‍ സെമിനാറുകളും, ഫോറങ്ങളും, പാനല്‍ ചര്‍ച്ചകളും നാല് ദിവസത്തെ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്കു മറക്കാനാവാത്ത ധന്യ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും യുവജങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പതിനഞ്ചു സ്റ്റേജുകളില്‍ മുപ്പത്തഞ്ചോളം പരിപാടികള്‍ സമാന്തരങ്ങളായി കണ്‍വന്‍ഷനില്‍ അരങ്ങേറി. യുവജങ്ങള്‍ക്കു ഡോഡ്ജ്‌ബോള്‍ ഉള്‍പ്പെടെ ആവേശകരമായ പരിപാടികള്‍ സംഘടിപ്പിച്ചതും പ്രത്യേകതയായി. ജപമാല അര്‍പ്പണവും ദിവ്യബലിയും ഓരോദിവസവും അര്‍പ്പിക്കപ്പെട്ടു.




രണ്ടാം ദിനത്തില്‍ രാവിലെ ഇടവകകള്‍ അണിചേര്‍ന്നു കണ്‍വന്‍ഷന്‍ നഗരി ചുറ്റി നടന്ന ഘോഷയാത്ര വര്‍ണശബളമായി. സുപ്രസിദ്ധ സംഗീതജ്ഞനും നിരവധി സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളുടെ സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ അണിയിച്ചൊരുക്കിയ ഓപ്പണിങ് സ്റ്റേജ് പ്രോഗ്രാം, വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ നടന്ന സായാഹ്‌ന കലാസാംസ്‌കാരിക പരിപാടികള്‍, കേരളത്തിലെ പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ 'തൈക്കൂടം ബ്രിഡ്ജും' തുടങ്ങിയവ വേദികള്‍ക്ക് ഉത്സവാന്തരീക്ഷവും സമ്മാനിച്ചു.

ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ,വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, സെക്രട്ടറി പോള്‍ ജോസഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനീഷ് സൈമണ്‍ തുടങ്ങിയവരടങ്ങി എക്‌സിക്യു്ട്ടീവ് കമ്മറ്റിയും സബ് കമ്മറ്റികളും കണ്‍വന്‍ഷന്‍ വിജയത്തില്‍ പങ്കാളികളായി. സമാപനദിവസത്തില്‍ നന്ദിയര്‍പ്പണ ദിവ്യബലി മാര്‍ അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. നാലായിരമം വിശാസികള്‍ സമ്മേളിച്ച കണ്‍വന്‍ഷന്‍ ചരിത്ര വിജയമാണെന്ന് മാര്‍. അങ്ങാടിയത്ത് പറഞ്ഞു. കണ്‍വന്‍ഷനു നേതൃത്വം നല്കിയവര്‍ക്കും പങ്കെടുത്തവര്‍ക്കും പിതാവ് കൃതജ്ഞത പ്രകാശിപ്പിച്ചു.

ജോയ് ആലുക്കാസ്, സിജോ വടക്കന്‍ (ട്രിനിറ്റി ഗ്രൂപ്പ്) , ജിബി പാറക്കല്‍ (പിഎസ്ജി ഗ്രൂപ് ഓഫ് കമ്പനീസ്) എന്നിവരായിരുന്നു 1.8 മില്യണ്‍ ഡോളര്‍ ചെലവ് വന്ന കണ്‍വന്‍ഷന്റെ മുഖ്യ പ്രായോജകര്‍. മുന്‍ വര്‍ഷങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകളേക്കാള്‍ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ഏറെ അനുഭവേദ്യമായെന്നുപങ്കെടുത്തവര്‍ പറഞ്ഞു.



ഒരേമനമോടെ ഒരേ ഗണമായി സഭാമക്കള്‍ ഒന്നുചേര്‍ന്നു അമേരിക്കന്‍ മണ്ണില്‍ മാര്‍ത്തോമ്മാ പകര്‍ന്ന വിശ്വാസ ദീപ്തി അണയാതെ സൂക്ഷിക്കുന്നതില്‍ തീക്ഷണത കാണിച്ചു. അമേരിക്കന്‍ മണ്ണിലെ ആറു പതിറ്റാണ്ട് പിന്നിടുന്ന സീറോ മലബാര്‍ കുടിയേറ്റ ചരിത്രത്തിനൊപ്പം പതിനെട്ടാം വയസിലേക്കെത്തിയ രൂപതയുടെ വളര്‍ച്ചയും ഏതൊരു പ്രവാസ സമൂഹത്തിനും മാതൃകാപരമാണ്. ഇനി എല്ലാ നാല് വര്‍ഷവും ദേശീയ കണ്‍വന്‍ഷന്‍ വേണമെന്ന വിശ്വാസികളുടെ ആവശ്യത്തോടെയും കാണാമെന്ന പ്രതീക്ഷയിലുമാണ് ഏഴാമത് കണ്‍വന്‍ഷനു തിരശീല വീണത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.