പൊതു​പ്ര​വ​ർ​ത്ത​ന​ത്തിലെ പെൺ​പെ​രു​മ
പൊതു​പ്ര​വ​ർ​ത്ത​ന​ത്തിലെ പെൺ​പെ​രു​മ
ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നു വി​ര​മി​ച്ച​ശേ​ഷം നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും വേ​ണ്ടി സേ​വ​നം
ചെ​യ്യു​ന്ന​തി​ൽ ആ​ത്മ​സന്തോഷം ക​ണ്ടെത്തു​ന്ന ഒ​രു പൊതു​പ്ര​വ​ർ​ത്ത​ക. വ്യോമ​യാ​ന രം​ഗ​ത്തെ
ഉ​ന്ന​ത​പ​ദവി​യി​ൽ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം, പ്രൗ​ഢി​യോടെ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നേക്കാ​ൾ, അ​റി​വും, അ​നു​ഭ​വ​സ​മ്പ​ത്തും സേ​വ​ന​സ​ന്ന​ദ്ധ​ത​യും നാ​ടിന്‍റെ ക്ഷേ​മ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​വുക​യാ​ണു കോത​മം​ഗ​ലം സ്വ​ദേ​ശിനി ​റാ​ണി​ക്കു​ട്ടി ജോർ​ജ്.

പ​ഠ​ന​ത്തി​ലും പ്ര​സം​ഗ​ത്തി​ലും സം​ഘാ​ട​ന രം​ഗ​ത്തും മി​ക​വ​റി​യി​ച്ച യൗ​വ​നം; എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോർ​ട്ട് മാ​നേജ​ർ ത​സ്തി​ക​യി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ഔ​ദ്യോ​ഗി​ക ജി​വി​തം; ഇ​പ്പോൾ ​എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി ജ​ന​ങ്ങ​ൾ​ക്കു​വേണ്ടി, ​ജ​ന​ങ്ങ​ൾ​ക്കൊപ്പം. ​ഇ​താ​ണു കോത​മം​ഗ​ലം. കീ​രം​പാ​റ​യി​ലു​ള്ള റാ​ണി​ക്കു​ട്ടി ജോർ​ജി​നെ സ​വി​ശേ​ഷ വ്യ​ക്തി​ത്വ​മാ​ക്കു​ന്ന​ത്.

എ​ന്തു​കൊണ്ടു പൊതു​പ്ര​വ​ർ​ത്ത​നം

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെയും ​അ​ടു​ത്ത​റി​യാ​നും അ​വ​രു​ടെ ആ​കു​ല​ത​ക​ൾ​ക്ക് ഒ​ര​ള​വു വ​രെ​യെ ങ്കി​ലും പ​രി​ഹാ​ര​മാ​കാ​നും സാ​ധി​ക്കു​ന്ന​തു ജീ​വി​ത​ത്തി​ലെ സൗഭാ​ഗ്യ​വും ക​ട​മ​യു​മാ​ണെ​ന്നാ ണു ​റാ​ണി​ക്കു​ട്ടി​യു​ടെ പ​ക്ഷം.

ഉ​ദ്യോ​ഗ​സ്ഥ​ജീ​വി​തം ന​യി​ക്കു​മ്പോൾ, ​ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ​ണം ചെ​ല​വ​ഴി​ക്കാ​റു​ണ്ട്.
എ​ങ്കി​ലും, ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേക്കി​റ​ങ്ങി​ച്ചെന്ന്, ​അ​വ​രെ അ​റി​ഞ്ഞും അ​നു​ഭ​വി​ച്ചും അ​വ​ർ​ക്കു സ​ഹാ​യ​ങ്ങ​ളെത്തി​ക്കാ​നും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കു​ന്ന​ത് ഇ​പ്പോഴാ​ണ്.

ഏ​തെങ്കി​ലും വി​ധ​ത്തി​ൽ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം ആ​ഗ്ര​ഹി​ക്കു​ക​യോ തേ​ടു​ക​യോ ചെ​യ്യു​ന്ന അ​നേകം ​പേർ ​ന​മു​ക്കു ചു​റ്റു​മു​ണ്ട്. നി​ത്യ​രോഗി​ക​ൾ, വി​ക​ലാം​ഗ​ർ, മാ​ന​സി​ക​വ​വും ശാ​രീ​രി​ക​വു​മാ​യി ബു​ദ്ധി​മു​ട്ട​നുഭ​വി​ക്കു​ന്ന​വ​ർ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ജീ​വി​ത​ത്തിന്‍റെ ​താ​ളം തെ​റ്റി​യ​വ​ർ.... അ​വ​ർ​ക്കെ​ല്ലാം വേ​ണ്ടി എ​നി​ക്കെന്തു ​ചെ​യ്യാ​നാ​കു​മെന്ന ​ചോദ്യം എ​ന്നും ഉ​ള്ളി​ലുണ്ടാ​യി​രു​ന്നു.

അ​വ​രെയൊന്നും കാ​ണാ​തെ ന​മു​ക്കു ന​മ്മു​ടെ കാ​ര്യം മാ​ത്രം നോക്കി ജീ​വി​ത​യാ​ത്ര​യി​ൽ ഒ​രു തു​രു​ത്തു​പോലെ കു​തി​ച്ചു​പാ​യാ​ൻ എ​ളു​പ്പ​മാ​ണ്. അ​ത​ല്ല യ​ഥാ​ർ​ഥ ജീ​വി​തം. അ​പ​ര​നി​ലേ​ക്കു കൂ​ടി ക​ണ്ണും കാ​തും ഹൃ​ദ​യ​വും തു​റ​ക്കു​ന്ന​വ​രെയാ​ണു സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യം . ഇ​തു തി​രി​ച്ച​റി​ഞ്ഞാ​ണു പൊതു​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കുള്ള ​ചു​വ​ടു​വ​യ്പ്.

മി​ക​വി​ന്‍റെ യൗ​വ​നം

പാ​ലാ അ​ൽ​ഫോൻ​സാ കോള​ജി​ൽ ഡി​ഗ്രി പ​ഠ​ന​കാ​ല​ത്ത് കോള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു റാ​ണി​ക്കു​ട്ടി. റാ​ങ്കോടു ​കൂ​ടി​യാ​ണ് ബി​രു​ദപ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​ഘ​ട​നാ പാ​ട​വം, പ്ര​സം​ഗം, ഡി​ബേറ്റ് ​മ​ൽ​സ​ര​ങ്ങ​ളി​ൽ കോള​ജ്, യൂ​ണി​വേഴ്സി​റ്റി ത​ല​ങ്ങ​ളി​ൽ
നി​ര​വ​ധി പു​ര​സ്കാര​ങ്ങ​ൾ. മി​ക​ച്ച ക​ലാ​കാ​രി എ​ന്ന നി​ല​യി​ലും റാ​ണി​ക്കു​ട്ടി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ ട്ടി​ട്ടു​ണ്ട്.

മാ​ർ​ക്ക​റ്റിംഗി​ൽ എം​ബി​എ​യും സ്വി​റ്റ്സർ​ലൻഡിൽ ​നി​ന്ന് ഐ​യാ​ട്ട യു​എ​ഫ്ടി​എ​യി​ൽ ഡി​പ്ലോ​മ​യും നേ​ടി​യ ശേ​ഷ​മാ​ണ് റാ​ണി​ക്കു​ട്ടി എ​യ​ർ ഇ​ന്ത്യയി​ൽ ചേ​രു​ന്ന​ത്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ടൊപ്പം ​വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യമാ​യി​രു​ന്നു.

എ​യ​ർ ഇ​ന്ത്യയി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. റി​ട്ട​യ​ർ​മെന്‍റിനു​ശേഷം ​പാ​ലി​യേറ്റീ​വ് കെ​യ​ർ രം​ഗ​ത്തേക്കി​റ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​തി​ൽ നി​ന്നാ​ണു ജീ​വ​കാ​രു​ണ്യ, പൊതു​പ്ര​വ​ർ​ത്ത​നരം​ഗ​ത്തേ​ക്കുള്ള ​തീ​രു​മാ​ന​ത്തി​ലെത്തി​യ​ത്.


കു​ടും​ബ​ത്തി​ന്‍റെ ​പി​ന്തു​ണ

കാ​ഞ്ഞി​ര​പ്പി​ള്ളി കൊണ്ടു​പ്പ​റ​മ്പി​ൽ കു​ടുംബാം​ഗ​മാ​ണു റാ​ണി ജോർ​ജ്. കോത​മം​ഗ​ല​ത്ത് അ​റി​യ​പ്പെടു​ന്ന ഒ​ലി​യ​പ്പു​റം കു​ടുംബ​ത്തി​ൽ ആ​ന്‍റ​ണി കു​ര്യാ​ക്കോ​സിന്‍റെ ​സ​ഹ​ധ​ർ​മി​ണി. മൂ​ന്ന​ര പ​തി​റ്റാ​ണ്ട് നീ​ണ്ട സേ​വ​ന​ത്തി​ന് ശേ​ഷം സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തി​രു​വ​ന​ന്ത​പു​രം ലോക്കൽ ​ഹെ ഡ് ​ഓ​ഫി​സി​ൽ നി​ന്നു​മാ​ണ് ആ​ന്‍റണി വി​ര​മി​ച്ച​ത്. സ​ർ​ക്കി​ൾ വെ​ൽ​ഫ​യ​ർ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ആ​ന്‍റ​ണി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ്റ്റാ​ഫ് ഫെഡ​റേ ഷ​ന്‍റെ ദേ​ശീയ ​കൗ​ൺ​സി​ൽ അം​ഗം, ഡ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചിട്ടു​ണ്ട്.

പൊ​തു​രം​ഗ​ത്തു ക​ർ​മ​നി​ര​ത​നാ​യ ആന്‍റണിയും മ​ക്ക​ളും റാ​ണി​ക്കു​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്
പി​ന്തു​ണ​യു​മാ​യി ഒ​പ്പമു​ണ്ട്. ദൈ​വം ന​ൽ​കി​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു​കൊണ്ട്, ​ഇ​നി
ആ​രോഗ്യ​മു​ള്ളി​ട​ത്തോളം ​കാ​ലം ജ​ന​ങ്ങ​ൾ​ക്കും നാ​ടി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കണ​മെ​ന്നാണു
​മ​ന​സി​ലെന്നു ​റാ​ണി​ക്കു​ട്ടി പ​റ​യു​ന്നു.

ജ​ന​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നുള്ള ​വ​ലി​യൊരു ​നി​യോഗ​മാ​ണു ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്‍റെ ​ഭ​ര​ണ​സം​വി​ധാ​നത്തി​ലേ​ക്കെത്താ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും റാ​ണി​ക്കു​ട്ടി പ​റയു​ന്നു. അ​തൊരു ​ദൈ​വ നി​യോഗ​മാ​യാ​ണ് കു​ടുംബാം​ഗ​ങ്ങ​ളും ക​ണ​ക്കാ​ക്കുന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ പ്ര​സി​ദ്ധ​മാ​യ എ​സ്എ​പി ലാ​ബ് ഇ​ന്ത്യയി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​ൺ, ഗ്ലാ​സ്ഗോ ​സ്മി​ത്ത്കൈനി​ൽ ജോലി ചെ​യ്യു​ന്ന ആ​ഷ എ​ന്നി​വ​രാ​ണു മ​ക്ക​ൾ. മു​ണ്ട​ക്ക​യം തേ​ന​മാ​ക്ക​ൽ
ജി​നോ, ചെ​ങ്ങ​ളം ചെ​ങ്ങ​ള​ത്തു​പ​റ​മ്പി​ൽ ട്രീ​സ എ​ന്നി​വ​രാ​ണു മ​രു​മ​ക്ക​ൾ.

നാ​ടി​നൊപ്പം

‌ജോലി​യി​ൽ നി​ന്നും വി​ര​മി​ച്ച ശേ​ഷം റാ​ണി​ക്കു​ട്ടി​യും ആന്‍റ​ണി​യും കീ​രം​പാ​റ​യി​ലാ​ണു സ്ഥി​ര​താ​മ​സം. കാ​ർ​ഷി​കരം​ഗ​ത്തും ഏ​റെ താത്പ​ര്യ​മു​ള്ള ഇ​വ​ർ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​തൃ​കാ അ​ടു​ക്ക​ള​ത്തോ​ട്ടവും ​നി​ർ​മി​ച്ചി​ട്ടു​ണ്ട്.

കീ​രം​പാ​റ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഹാ​ൻ​ഡ് എ​ബ്രോ​യി​ഡ​റി​യി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്. ഇ​ത് വ​ഴി അ​വ​ർ​ക്ക് മി​ക​ച്ച വ​രു​മാ​നം ക​ണ്ടെത്തി​ക്കൊടു​ക്കാനാ​യി ഒ​രു യൂ​ണി​റ്റ് സ്ഥാ​പി​ക്കു​വാ​നും ല​ക്ഷ്യ​മി​ടു​ന്നു.

ന​ഗ​ര​ത്തി​ലും നാ​ട്ടി​ൻപു​റ​ത്തും ജീ​വി​ച്ച ത​നി​ക്കു ര​ണ്ടി​ട​ത്തെയും ​ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും അ​ടു​ത്ത​റി​യാ​നാ​യി​ട്ടു​ണ്ടെന്നു ​റാ​ണി​ക്കു​ട്ടി പ​റ​യു​ന്നു. പൊതു​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കാ​നുള്ള ​അ​വ​സ​രം ല​ഭി​ച്ച​തോടെ നാ​ട്ടി​ലെ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം പ്ര​ധാ​ന ല​ക്ഷ്യ​മാ​ക്കി​യുള്ള ​ന​വീ​ന പ്രൊ​ജ​ക്ടു​ക​ളും റാ​ണി​ക്കു​ട്ടി​യു​ടെ മ​ന​സി​ലു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ​വാ​ര​പ്പെട്ടി ​ഡി​വി​ഷ​നി​ൽ​നി​ന്നാ​ണു വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ റാ​ണി​ക്കു​ട്ടി ജോർ​ജ് തെ​ര​ഞ്ഞെടു​ക്ക​പ്പെ​ട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.