പരിശുദ്ധ റംസാന്‍ കാരുണ്യത്തിന്‍റെ മാസം
പരിശുദ്ധ റംസാന്‍ കാരുണ്യത്തിന്‍റെ മാസം
പരിശുദ്ധ റംസാനിന്‍റെ 30 ദിനരാത്രങ്ങള്‍ മൂന്നു പത്തുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതില്‍ ആദ്യത്തെ പത്ത് അല്ലാഹുവിന്‍റെ കാരുണ്യം പെയ്തിറങ്ങുന്നതും രണ്ടാമത്തെ പത്ത് മഗ്ഫിറത്തിന്‍റെയും മൂന്നാമത്തേത് നരക മോചനത്തിന്‍റെതുമാണെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തെ കാരുണ്യത്തിന്‍റെ പത്തു ദിനങ്ങളാണ് സമാഗതമായിരിക്കുന്നത്.

അല്ലാഹു അവന്‍റെ തിരുനോട്ടം കൊണ്ട് വിശ്വാസികളെ സന്തോഷിപ്പിക്കുകയും വലിയ അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യുന്നുവെന്നതാണ് റംസാനിലെ ആദ്യ പത്തു ദിനങ്ങളുടെ പ്രത്യേകത. ഈ കാരുണ്യത്തിനു അതിരു നിശ്ചയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഈ അനുഗ്രഹീത രാവുകളില്‍ കാരുണ്യകടാക്ഷം ചോദിച്ചുകൊണ്ടേയിരിക്കേണ്ടവനാണ് വിശ്വാസി.

വിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശ ഉണ്ടാകാന്‍ പാടില്ല.
നോമ്പുകാരന്‍ പൈശാചിക പ്രവണതകളെ തിരസ്കരിക്കുകയും കര്‍മാനുഷ്ഠാനങ്ങളില്‍ സൂക്ഷമത കൈവരിക്കുകയും വേണം. നബി(സ) പറഞ്ഞു.


അഞ്ചു കാര്യങ്ങള്‍ നോമ്പിനെ നഷ്ടപ്പെടുത്തും. ഏഷണി, പരദൂഷണം, കള്ളസത്യം, വികാരത്തോടെയുള്ള നോട്ടം, കളവ് പറയല്‍ എന്നിവയാണവ. നോമ്പിന്‍റെ പ്രതിഫലം നഷ്ടമാവും വിധമുള്ള സംസാരങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കണം. തിരുനബി(സ)യുടെ മറ്റൊരു ഹദീസ് ഇപ്രകാരമാണ്.

നിങ്ങളിലൊരാള്‍ക്കു വൃതാനുഷ്ടാന ദിനം വന്നാല്‍ ദുഷിച്ച വാക്കുകള്‍ പറയുകയോ അനാവശ്യം സംസാരിക്കുകയോ ചെയ്യരുത്. അവനെ വല്ലവനും ചീത്തപറയുകയോ കൈയേറ്റം ചെയ്യാന്‍ ഒരുമ്പെടുകയോ ചെയ്താല്‍ താന്‍ നോമ്പുകാരനാമെന്ന് പറഞ്ഞുകൊള്ളട്ടെ.
അല്ലാഹു അവന്‍റെ കാരുണ്യ വര്‍ഷം അതിരുകളില്ലാതെ ചൊരിയുന്ന മാസമാണ് പരിശുദ്ധ റംസാന്‍.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.