സമയം അറിഞ്ഞുപയോഗിച്ചാൽ നേട്ടം കൊയ്യാം
സമയം അറിഞ്ഞുപയോഗിച്ചാൽ നേട്ടം കൊയ്യാം
“ചുമരില്‍ ഒരു ഘടികാരം തന്‍ സൂചിയിളക്കിക്കൊണ്ടു പറഞ്ഞു- മനുഷ്യാ നിന്‍ ജീവിത സമയം ചെത്തിനുറുക്കുന്നു- നിന്നുടെ മരണത്തിന്‍ സമയമളന്ന് കുറിക്കുകയല്ലോ ഞാന്‍”

ഈ വരികൾ മനസിൽ ഓർത്തുകൊണ്ട് ക്ലോക്കിലെ സെക്കൻഡ് സൂചിയിലേക്ക് ഒന്ന് നോക്കൂ. അത് നമ്മുടെ ആയുസിനെ കൊത്തിനുറുക്കുന്നത് കാണാം.

അമൂല്യമായതൊന്നും വിട്ടു കളയാൻ ആഗ്രഹമില്ലാത്തവനാണു മനുഷ്യൻ. എത്ര പിടിച്ചു വയ്ക്കാൻ ശ്രമിച്ചാലും നമുക്ക് നഷ്ടപ്പെടുന്ന ചിലതുണ്ട്. അതിലൊന്നാണ് സമയം. നാം മെരുക്കിയെടുത്ത സർവ്വ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി വഴുതിച്ചാടുന്ന കാര്യങ്ങൾക്ക് വില മതിക്കാനാവില്ല.

ഈ തിരിച്ചറിവിൽ ഏകോപനമുള്ളത് കൊണ്ടാണ് മനുഷ്യജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് സമയമാണെന്ന കാര്യത്തിൽ തർക്കമുണ്ടാകാത്തത്.മനസിന്‍റെ മടിയോ കൊതിയോ കാലം പരിഗണിക്കുകയില്ല. കാലം നമ്മെ കീഴടക്കുക തന്നെ ചെയ്യും. എല്ലുകളും പല്ലുകളും നമ്മെ തോൽപിക്കാൻ കാലത്തിനൊപ്പം കൂട്ടുകൂടും. ത്വക്കും മുടിയും നമ്മുടെ പഴക്കത്തെ വിളംബരം ചെയ്യും.


വളർച്ചയുടെ ഉച്ചിയിലെത്തിക്കാൻ പണിയെടുത്ത ശരീരത്തിലെ സെല്ലുകൾ ശരീരത്തിന്‍റെ തിരിച്ചു നടത്തം തിരിച്ചറിഞ്ഞ് പണി നിറുത്തി പടിയിറങ്ങും. പരിഗണനകളിൽ നിന്ന് അവഗണനകളുടെ കുപ്പത്തൊട്ടിയിലേക്കുള്ള ദൂരം കുറയും. ഒടുക്കം അവസാന ശ്വാസം സകറാത്തിന്‍റെ സൈറനായി മുഴങ്ങും. ഇരുകാലുകൾ ചേർത്ത് കോച്ചി വലിച്ച് കണ്ണുകൾ മേൽപോട്ടു നോക്കിയുള്ള കിടത്തം ഒരായുഷ്കാലം കൊണ്ടെഴുതിയ കഥയുടെ അവസാന വരിയാകും.

എരിഞ്ഞൊടുങ്ങിയ ഇന്നലെകൾ ഇനി വരില്ല. നാളെ നമുക്കെത്തുമോ എന്ന വിവരവുമില്ല. അനുഭവിക്കുന്ന ഈ സമയം നമുക്കുള്ളതാണ്. അറിഞ്ഞുപയോഗിച്ചാൽ നേട്ടം കൊയ്യാം. അലസമായിരുന്നാൽ വിരൽ കടിക്കേണ്ടി വരും.

അഹ്‌മദ് അനസ്
(ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്‍റ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.