നല്ല നാളേയ്ക്കുവേണ്ടി
നല്ല നാളേയ്ക്കുവേണ്ടി
മരണാനന്തരമുള്ള നാളേക്കുവേണ്ടി എന്താണ് ചെയ്തുവച്ചിട്ടുള്ളതെന്ന് ആത്മപരിശോധന നടത്താൻ ഓരോ വിശ്വാസിയോടും ഖുർ ആൻ ആവശ്യപ്പെടുന്നുണ്ട്. അള്ളാഹുവിലേക്കുള്ള മടക്കത്തെ മറക്കുന്നവർ ഫലത്തിൽ അവരവരെ തന്നെയാണ് മറക്കുന്നതെന്നും വേദഗ്രന്ഥം അവിടെ സൂചിപ്പിക്കുന്നുണ്ട്.

സത്യവിശ്വാസികളേ, നിങ്ങള്‍ അള്ളാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അള്ളാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അള്ളാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.(59-18)

പരലോകത്തിനുവേണ്ടി സൽകർമ നിരതനാകാനുള്ള പരിശീലനമാണ് നോമ്പ് നൽകുന്നത്. വ്രതവും രാത്രി നമസ്കാരവും ഖുർ ആൻ പാരായണവും ദാനധർമങ്ങളും മരണത്തെ പുഞ്ചിരി തൂകി നേരിടാനുള്ള കരുതിവപ്പാണ്.


സൽകർമങ്ങൾ അധികരിപ്പിച്ച് അള്ളാഹുവിലേക്ക് മത്സരിച്ചോടാനുള്ള കെൽപ് നേടിത്തരുന്നതിൽ അനൽപമായ പങ്കാണ് റംസാനിനു വഹിക്കാനാവുക. അള്ളാഹുവിനുവേണ്ടി അനുഭവിക്കുന്ന ദാഹവും ക്ഷീണവും വിശപ്പുമെല്ലാം സൽകർമങ്ങളായി രേഖപ്പെടുത്തപ്പെടും എന്നും ഖുർ ആനിൽ തന്നെ കാണാം. നോമ്പിന് ആവശ്യങ്ങളും അഭിലാഷങ്ങളും അടക്കിവച്ചത് പരലോകത്ത് വിശ്വാസികളുടെ തുലാസിൽ കനം തൂങ്ങും എന്നർഥം.

അതുവഴി അവർ പ്രാപിക്കുന്ന സ്വർഗത്തിൽ എല്ലാ മോഹങ്ങൾക്കും നിവൃത്തിയുണ്ട്, ശരീരത്തിന്‍റെയും മനസിന്‍റെയും ആത്മാവിന്‍റെയും സകല മോഹങ്ങൾക്കും..!

മുസ്തഫാ തൻവീർ
(ഐഎസ്എം സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.