പ്രതിമാസ വാടക 50000 രൂപയ്ക്ക് മുകളിലെങ്കിൽ വ്യക്തികൾ സ്രോതസിൽ നികുതി പിടിക്കണം
പ്രതിമാസം 50000 രൂപയ്ക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും സ്രോ തസിൽ 5% നിരക്കിൽ നികുതി പിടിക്കേണ്ടതുണ്ട്. ഇത് 01-06-2017 മുതൽ പ്രാബല്യത്തിൽ വന്ന നിയമമാണ്.
മുൻകാലങ്ങളിൽ ആദായനികുതി നിയമം 44 എബി. വകുപ്പനുസരിച്ച് കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും മാത്രം ആയിരുന്നു സ്രോതസിൽ 194 ഐ അനുസരിച്ച് വാർഷിക വാടക 2,40,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ 10% നികുതി പിടിക്കേണ്ടിയിരുന്നത്.
എന്നാൽ ഇപ്പോൾ ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികളും ഹിന്ദു അവിഭക്തകുടുംബങ്ങളും പ്രതിമാസ വാടക 50,000 രൂപക്ക് മുകളിലെങ്കിൽ സ്രോതസിൽ 194 ഐബി. വകുപ്പനുസരിച്ച് സ്രോതസിൽ നികുതി പിടിക്കേണ്ടതായിട്ടുണ്ട്.
നികുതി വർഷാവസാനം മാത്രം
വാടക നൽകുന്ന വ്യക്തി വർഷാവസാനം മാത്രം സ്രോതസിൽ നികുതി പിടിക്കുകയും അടക്കുകയും ചെയ്താൽ മതി. ഇതിന് ഫോം 26 ക്യു.സി. എന്ന ചെല്ലാനാണ് ഉപയോഗിക്കേണ്ടത്. ഇനി വർഷാവസാനത്തിന് മുന്‍പ് വാടക കാലാവധി അവസാനിക്കുകയാണെങ്കിൽ കാലാവധി അവസാനിക്കുന്ന മാസം വേണം നികുതി പിടിക്കേണ്ടത്. നികുതി പിടിച്ച് അടച്ചതിന് ശേഷം വാടകക്കാരൻ ഉടമസ്ഥന് 16 സി എന്ന ഫോമിൽ നികുതി പിടിച്ച സർട്ടിഫിക്കേറ്റ് നൽകേണ്ടതുണ്ട്. ഇത് ഒാൺലൈനായി നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ടാൻ എടുക്കേണ്ടതില്ല
വാടകക്കാരൻ പ്രസ്തുത നികുതി പിടിച്ച് അടയ്ക്കേണ്ടതിന് ടാൻ എടുക്കേണ്ടതില്ല. അതുപോലെ തന്നെ വർഷാവസാനത്തിന് മുൻപ് വാടകകരാർ കാലാവധി അവസാനിക്കുക കയും പ്രസ്തുത വ്യക്തി വേറെ കെട്ടിടത്തിലേക്ക് മാറുകയും അവിടെയും പ്രതിമാസ വാടക 50,000/ രൂപക്ക് മുകളിലും ആണെങ്കിൽ അവിടെയും വർഷാവസാനത്തിൽ സ്രോതസിൽ നിന്നും നികുതി പിടിക്കേണ്ടതായിട്ടുണ്ട്.
പിടിച്ച നികുതി ആ മാസം അവസാനിച്ച് കഴിഞ്ഞിട്ട് 30 ദിവസത്തിനകം ഗവണ്മെന്റിൽ അടക്കണം. ഉദാഹരണത്തിന് 2022 മാർച്ച് മാസത്തിൽ പിടിച്ച നികുതി 2022 ഏപ്രിൽ 30 ന് മുന്‍പ് അടക്കണം. നികുതി അടച്ച് 30 ദിവസത്തിനകം ചെല്ലാൻ ഡിപ്പാർട്ട്മെന്റിൽ ഫയൽ ചെയ്യണം.
ഫോം 26 ക്യൂസി പൂരിപ്പിക്കുന്പോൾ അതിൽ കെട്ടിട ഉടമയുടെ പാൻ, ഉടമയുടെയും വാടകക്കാരന്റെയും അഡ്രസ്സ്, വാടകയ്ക്ക് എടുത്ത പ്രോപ്പർട്ടിയുടെ അഡ്രസ്സ്, വാടക കാലാവധി, കൊടുക്കേണ്ട വാടക, അവസാന മാസത്തെ വാടക, ആകെ കൊടുത്ത വാടക, നികുതി അടക്കുവാൻ താമസിച്ചാൽ അതിനുള്ള പലിശ, നികുതി പിടിച്ച തീയതി, നികുതി എന്നിവ സമർപ്പിക്കേണ്ടതായിട്ടുണ്ട്. നികുതി അടച്ച് 45 ദിവസത്തിനകം കെട്ടിട ഉടമക്ക് നികുതി പിടിച്ചതിനുള്ള സർട്ടിഫിക്കറ്റ് ഫോം 16 സിയിൽ നൽകണം.
ഏതെങ്കിലും കാരണവശാൽ 26 ക്യൂസി ഫയൽ ചെയ്യേണ്ട തീയതി ദീർഘിപ്പിച്ചാൽ പ്രസ്തുത തീയതി കഴിഞ്ഞ് 15 ദിവസത്തിനകം 15 സി നൽകേണ്ടതാണ്. താമസത്തിന് വേണ്ടി ആണ് വീട് വാടകയ്ക്ക് എടുത്തിരിക്കുന്നതെങ്കിലും പ്രതിമാസവാടക തുക 50000/- ൽ കൂടുതൽ ആണെങ്കിൽ സ്രോതസിൽ നിന്നും നികുതി പിടിക്കേണ്ടതായിട്ടുണ്ട്. വാർഷിക വാടകയെ അടിസ്ഥാനമാക്കിയാണ് സ്രോതസിൽ നികുതി പിടിക്കേണ്ടത്. എന്നാൽ കെട്ടിട ഉടമക്ക് പാൻ ഇല്ലെങ്കിൽ നികുതി നിരക്ക് 20% ആണ്.
കെട്ടിട ഉടമ നോണ്‍ റെസിഡന്റ് ആണെങ്കിൽ
കെട്ടിട ഉടമ നോണ്‍ റെസിഡന്റ് ആണെങ്കിൽ 50000/ രൂപ എന്ന ലിമിറ്റ് ബാധകമല്ല.
ഇവിടെ ആദായനികുതി നിയമം വകുപ്പ് 195 ഐബി പ്രകാരം അല്ല സ്ത്രോതസ്സിൽ നികുതി പിടിക്കേണ്ടത്. മറിച്ച് വകുപ്പ് 195 പ്രകാരം, എത്ര ചെറുതാണ് വാടകത്തുക എങ്കിലും സ്രോതസിൽ നികുതി പിടിക്കേണ്ടതുണ്ട്.
ഇവിടെ നികുതി പിടിക്കേണ്ട നിരക്ക് നിലവിൽ 31.20% ആണ്. ഉയർന്ന നിരക്കാണെന്ന് വാടകക്കാരനും കെട്ടിട ഉടമയ്ക്കും തോന്നുന്നുണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ നികുതി നിശ്ചയിച്ച് തരുന്നതിന് ആദായനികുതി നിയമം വകുപ്പ് 195(2) പ്രകാരം വാടകക്കാരൻ ആദായനികുതി ഉദ്യോഗസ്ഥൻ (ഇന്റർനാഷണൽ ടാക്സേഷൻ) മുന്‍പാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അല്ലെങ്കിൽ കെട്ടിട ഉടമക്കും 195(3) വകൂപ്പനുസരിച്ച് പ്രസ്തുത നികുതി ഉദ്യോഗസ്ഥൻ മുന്‍പാകെ അപേക്ഷ സമർപ്പിക്കാവുന്നതും അങ്ങനെ കുറഞ്ഞനിരക്കാണ് നിർദേശിച്ചിരിക്കുന്നതെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്.