കേരളത്തിൽ ആദായനികുതി റിട്ടേണുകൾ 15 വരെ
ഓഡിറ്റ് ആവശ്യമുള്ള നികുതിദായകരും പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയും പങ്കുകാരും കന്പനികളും ആദായനികുതി നിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുന്നവരും ഒഴികെയുള്ള എല്ലാ നികുതിദായകരും പിഴ കൂടാതെ 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കേരളം ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ഓഗസ്റ്റ് 31 ആയിരുന്നു. എന്നാൽ, കേരളത്തിൽ മാത്രം പ്രസ്തുത തീയതി ഈ മാസം 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കേരളം ഈ അടുത്ത കാലത്ത് നേരിട്ട പ്രളയദുരിതത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് സിബിഡിടി ഈ ആനുകൂല്യം നല്കിയിരിക്കുന്നത്.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ തന്നാണ്ടിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെയും മറ്റും ഇനത്തിൽ ലഭിക്കുന്ന കിഴിവുകളെപ്പറ്റി:
80 സി വകുപ്പനുസരിച്ച്
ഈ വകുപ്പ് അനുസരിച്ച് നികുതിദായകന് ലഭിക്കുന്ന പരമാവധി കിഴിവ് ഒന്നര ലക്ഷം രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാൽ നികുതിദായകന് ഈ വകുപ്പനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്.
1) ലൈഫ് ഇൻഷ്വറൻസ് പ്രീമിയം: ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിന്.
2) പ്രൊവിഡന്റ് ഫണ്ട്: ശന്പളക്കാരായ നികുതിദായകരുടെ കാര്യത്തിൽ ശന്പളത്തിൽനിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിർബന്ധിതമായും പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽനിന്ന് കിഴിവു ലഭിക്കുന്നത്.
3) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഇവയ്ക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നതാണ്. ഈ നിക്ഷേപങ്ങൾക്കും നികുതിയിൽനിന്ന് ഒഴിവ് ലഭിക്കും.
4) ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്): ഓഹരിനിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണിവ. ഇവയ്ക്ക് ഗ്യാരന്റീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കുന്നതല്ല. ഓഹരിവിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡന്റിനു മാറ്റം വന്നേക്കാം.
5) ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്: ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും വീടുപണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുന്പോൾ പ്രസ്തുത തുകയ്ക്ക് പരമാവധി ഒന്നര ലക്ഷം രൂപ വരെ 80 സി വകുപ്പനുസരിച്ച് കിഴിവ് ലഭിക്കും. കിഴിവ് ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഭവനം അഞ്ചു വർഷത്തേക്ക് വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കില്ല.
6) വീട് വാങ്ങുന്പോൾ ഉണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും.
7) സുകന്യ സമൃദ്ധി അക്കൗണ്ട്: പെണ്കുട്ടികൾക്കുവേണ്ടിയുള്ള നിക്ഷേപ ആനുകൂല്യമാണിത്. പെണ്കുട്ടിയുടെ പേരിൽ (പരമാവധി രണ്ടു പെണ്കുട്ടികൾ, ഇരട്ടകളാണെങ്കിൽ മൂന്ന്) ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവർഷം ഒന്നര ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 14 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുകയും പലിശയ്ക്ക് നികുതിയിൽനിന്ന് ഒഴിവ് ലഭിക്കുകയും ചെയ്യും.
8) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി viii ഇഷ്യു): നിലവിൽ അഞ്ചു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യഥാക്രമം 7.9 ശതമാനം നിരക്കിൽ പലിശ ലഭിക്കും. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിനു മുന്പ് നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യുന്നതിനാൽ നികുതിയൊഴിവ് ലഭിക്കും.
9) അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റുകൾ: അഞ്ചു വർഷത്തേക്കുള്ള കാലാവധിയിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കും.
10) അഞ്ചു വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്: അഞ്ചു വർഷത്തെ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്കു മാത്രമേ ആനുകൂല്യം ലഭിക്കൂ. ഉയർന്ന പലിശ നേടിത്തരുന്ന ഈ നിക്ഷേപപദ്ധതിക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവ് ഇല്ല.
11) സീനിയർ സിറ്റിസണ് സേവിംഗ്സ് സ്കീം 2004: മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള ഈ നിക്ഷേപപദ്ധതിക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നതോടൊപ്പം 80 സി വകുപ്പിൽ ആനുകൂല്യവും ലഭിക്കും. വോളണ്ടറി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസാണ്.
12) നബാർഡ് റൂറൽ ബോണ്ടുകൾക്കു മാത്രം 80 സി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കും.
13) യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ.
14) കുട്ടികളുടെ ട്യൂഷൻ ഫീസ്: ഈ ഇനത്തിൽ ചെലവാകുന്ന തുകയ്ക്ക് കിഴിവ് ലഭിക്കുന്നതാണ് (പരമാവധി 2 കുട്ടികൾ).
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കുംകൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
80 സിസിഡി (1) വകുപ്പ് അനുസരിച്ച് എൻപിഎസിൽ
ഈ സ്കീം അനുസരിച്ച് എല്ലാ ജോലിക്കാർക്കും ശന്പളത്തിന്റെ പത്തു ശതമാനം വരെ നിക്ഷേപിക്കാവുന്നതാണ്. ജോലിക്കാർ അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും.
80 സിസിഡി(1 ബി) വകുപ്പനുസരിച്ച് എൻപിഎസിൽ
ഈ സ്കീം അനുസരിച്ച് എൻപിഎസിൽ നിക്ഷേപിക്കുന്നവർക്ക് അധികമായി 50,000 രൂപ വരെ ആനുകൂല്യം ലഭിക്കും.
80 ടിടിഎ വകുപ്പനുസരിച്ച് സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക്
സേവിംഗ്സ് ബാങ്കിൽനിന്ന് ലഭിക്കുന്ന പലിശയ്ക്കു പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കും. ഇത് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റുകളിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ആനുകൂല്യം ലഭിക്കില്ല.
80 ഇ വകുപ്പനുസരിച്ച് വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക്
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി എടുക്കുന്ന വിദ്യാഭ്യാസവായ്പയുടെ പലിശയടയ്ക്കുന്ന തുകയ്ക്ക് മൊത്തവരുമാനത്തിൽനിന്നു കിഴിവ് ലഭിക്കും. തിരിച്ചടവ് കാലാവധി എട്ടു വർഷത്തിൽ കൂടാൻ പാടില്ല. ഉയർന്ന പരിധിയില്ല.
80 ഇഇ വകുപ്പനുസരിച്ച് ഭവനവായ്പയുടെ പലിശയ്ക്ക്
ഈ ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറഞ്ഞിട്ടുള്ള നിബന്ധനകൾ ബാധകമാണ്.
1) നിലവിൽ നികുതിദായകന്റെ പേരിൽ മറ്റു വീടുകൾ ഉണ്ടായിരിക്കാൻ പാടില്ല.
2) ഭവനവായ്പ 2016-17 വർഷത്തിൽ എടുത്തതായിരിക്കണം.
3) വീടിന്റെ മൂല്യം 50 ലക്ഷം രൂപയിൽ കൂടുതലാകാനും ഭവനവായ്പ 35 ലക്ഷത്തിൽ കൂടുതലാകാനും പാടില്ല.
4) ആനുകൂല്യം പരമാവധി 50,000 രൂപ.
80 ജിജി വകുപ്പനുസരിച്ച് വീട്ടുവാടകയ്ക്ക്
നികുതിദായകന്റെ പേരിലോ, ഭാര്യയുടെ പേരിലോ, മൈനർ ആയിട്ടുള്ള കുട്ടികളുടെ പേരിലോ ജോലി ചെയ്യുന്ന സ്ഥലത്ത് വീടില്ലെങ്കിൽ നല്കുന്ന വീട്ടുവാടകയ്ക്ക് നിബന്ധനകൾക്കു വിധേയമായി 5000 രൂപ വരെ പ്രതിമാസ ആനുകൂല്യം ലഭിക്കും. 2016-17 സാന്പത്തികവർഷം മുതലാണ് പ്രസ്തുത തുക 5000 രൂപയിലേക്ക് ഉയർത്തിയിയത്.
80 ഡി വകുപ്പനുസരിച്ച് മെഡിക്ലെയിം പോളിസികൾ
25,000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ, മുതിർന്ന പൗരന്മാർക്ക് ഇത് 30,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ മാതാപിതാക്കളുടെ പേരിൽ പ്രസ്തുത ഇൻഷ്വറൻസ് എടുക്കുകയാണെങ്കിൽ അധികമായി 25,000 രൂപയുടെയും (മുതിർന്ന പൗരന്മാരാണെങ്കിൽ 30,000 രൂപയുടെയും) നികുതി ആനുകൂല്യം ലഭിക്കും.
80 ഡിഡി വകുപ്പനുസരിച്ച് വൈകല്യമുള്ള ബന്ധുവിനു വേണ്ടിയുള്ള മെഡിക്കൽ ചെലവുകൾ
വൈകല്യം 80 ശതമാനത്തിനു താഴെയും 40 ശതമാനത്തിനു മുകളിലുമുള്ള ബന്ധുവിന്റെ മെഡിക്കൽ ചെലവുകളിലേക്ക് ആകുന്ന തുകയ്ക്ക് പരമാവധി 75,000 രൂപ വരെ നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യം ലഭിക്കും. എന്നാൽ, വൈകല്യം 80 ശതമാനത്തിനു മുകളിലാണെങ്കിൽ പ്രസ്തുത തുക പരമാവധി 1,25,000 രൂപയാണ്. ഇത് അവകാശപ്പെടാൻ റിട്ടേണിനോടൊപ്പം ഫോം നന്പർ 10 ഐഎയും ഫയൽ ചെയ്യണം.
80 ജി വകുപ്പനുസരിച്ചുള്ള സംഭാവനകൾ
ഈ വകുപ്പനുസരിച്ച് സംഭാവനകൾ നല്കുന്ന തുകയ്ക്ക് 50%/100% വരെ കിഴിവുകൾ ലഭിക്കുന്നതാണ്. എന്നാൽ, ഇത്തരത്തിൽ ആനുകൂല്യം ലഭിക്കണമെങ്കിൽ 2000 രൂപയ്ക്കു മുകളിലുള്ള തുക കാഷ് ആയി നല്കാൻ പാടില്ല.