മാർച്ച് 31നു മുന്പ് പൂർത്തിയാക്കേണ്ട നികുതി കാര്യങ്ങൾ
2017- 18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ
2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴയോടുകൂടി ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 മാർച്ച് 31 ആണ്. 5 ലക്ഷം രൂപയിൽ കൂടുതൽ തുക നികുതിക്കുമുന്പ് വരുമാനമുണ്ടെങ്കിൽ പിഴത്തുക 10,000 രൂപയും നികുതിവിധേയമായ തുക 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1000 രൂപയുമാണ് പിഴ.
റിട്ടേണുകളുടെ പുനഃസമർപ്പണം
2017 -18 സാന്പത്തികവർഷത്തിൽ ഫയൽ ചെയ്ത റിട്ടേണുകളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട് എന്നു ബോധ്യമായാൽ അവ റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 മാർച്ച് 31 ആണ്. അതുപോലെ തന്നെ 2016-17 സാന്പത്തിവർഷത്തിലെ റിട്ടേണുകളും മാർച്ച് 31നു മുന്പ് ആവശ്യമെങ്കിൽ റിവൈസ് ചെയ്ത് ഫയൽ ചെയ്യുവാൻ സാധിക്കും.
ആധാർ നന്പർ മാർച്ച് 31നു മുന്പ് ‘പാനു’മായി
ലിങ്ക് ചെയ്യണം
ആധാർ നന്പർ പാനുമായി ലിങ്ക് ചെയ്യാത്തവർക്ക് 2019 മാർച്ച് 31 വരെ അവ ലിങ്ക് ചെയ്യുന്നതിന് സമയം ലഭിക്കുന്നതാണ്.
നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപപദ്ധതികൾ
2018-19 സാന്പത്തികവർഷം മാർച്ച് മാസം 31നു അവസാനിക്കുകയാണല്ലോ. ആദായനികുതിയിൽനിന്നും കിഴിവുകൾ ലഭിക്കുന്നതിനുവേണ്ടി വിവിധങ്ങളായ നിക്ഷേപപദ്ധതികൾ ഉണ്ട്. നിക്ഷേപങ്ങളിലുള്ള ജനങ്ങളുടെ താത്പര്യം വർധിപ്പിക്കുന്നതിനുവേണ്ടിയാണ് നിക്ഷേപപദ്ധതികൾക്ക് നികുതിയിളവ് നൽകുന്നത്. 2018-19 ലെ സാന്പത്തികവർഷത്തിൽ ഇളവ് ലന്ധിക്കണമെങ്കിൽ നിക്ഷേപങ്ങൾ ഈ മാസം 31നുമുന്പ് നടത്തിയിരിക്കണം. വിവിധങ്ങളായ നിക്ഷേപപദ്ധതികളെക്കുറിച്ച്:
ആദായനികുതി നിയമം വകുപ്പ് 80 സി അനുസരിച്ച് :
ഈ വകുപ്പ് അനുസരിച്ച് നികുതിദായകന് ലഭിക്കുന്ന പരമാവധി കിഴിവ് 1,50,000 രൂപയാണ്. താഴെപ്പറയുന്ന നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ചാൽ നികുതിദായകന് ഈ വകുപ്പ് അനുസരിച്ച് കിഴിവു ലഭിക്കുന്നതാണ്. 1) പ്രൊവിഡന്റ് ഫണ്ട്: ശന്പളക്കാരായ നികുതിദായകരുടെ കാര്യത്തിൽ ശന്പളത്തിൽനിന്നു നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിർബന്ധിതമായി പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണ് മൊത്തവരുമാനത്തിൽ നിന്ന് കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽ നിന്നും നിലവിൽ 8.8% പലിശ ലന്ധിക്കുന്നതാണ്. ഈ പലിശയ്ക്കും നികുതിയിൽ നിന്ന് ഒഴിവുള്ളതാണ്.
2) പബ്ലിക് പ്രൊവിഡന്റ് ഫണ്ട് : നിലവിൽ ഇവയ്ക്ക് 7.6% പലിശ ലഭിക്കുന്നതാണ്. ഈ നിക്ഷേപങ്ങൾക്കും നികുതിയിൽനിന്നു ഒഴിവ് ലഭിക്കും. 15 വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ടെങ്കിലും അഞ്ചു വർഷം കഴിയുന്പോൾ 50% വരെ പിൻവലിക്കുവാൻ സാധിക്കും. പലിശയ്ക്ക് നികുതിയിൽ നിന്നും ഒഴിവുണ്ട്.
3) ലൈഫ് ഇൻഷ്വറൻസ് പ്രീമിയം : ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിനാണ് കിഴിവ് ലഭിക്കുന്നത്. മാതാപിതാക്കളുടെ പേരിൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചാൽ അതിന് കിഴിവ് ലഭിക്കുന്നതല്ല.
4) ഇക്വിറ്റി ലിങ്ക്ഡ് ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്) : ഓഹരിനിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇവ. ഇവയ്ക്ക് ഗ്യാരണ്ടീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കുന്നതല്ല. ഓഹരി വിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡന്റിന് മാറ്റം വന്നേക്കാം. ഇവയ്ക്ക്മൂന്നു വർഷത്തെ ലോക്ക്ഇൻ പീരിയഡ് ഉണ്ട്.
5) ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ് : ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും വീടു പണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുന്പോൾ പ്രസ്തുത തുകയ്ക്ക് പരമാവധി 1,50,000 രൂപ വരെ 80 സി വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഭവനം അഞ്ചു വർഷത്തേക്ക് വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതല്ല.
6) വീട് വാങ്ങുന്പോൾ ഉണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും : - വീട് വാങ്ങുന്പോൾ ചെലവാകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും അതിന്റെ രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പ് അനുസരിച്ച് കിഴിവിനർഹമാണ്
7) സുകന്യ സമൃദ്ധി അക്കൗണ്ട് : പെണ്കുട്ടികൾക്കു വേണ്ടി മോദി സർക്കാർ അനുവദിച്ച നിക്ഷേപ ആനുകൂല്യമാണ് ഇത്. പെണ്കുട്ടിയുടെ പേരിൽ (പരമാവധി രണ്ടു പെണ്കുട്ടികൾ, ഇരട്ടകളാണെങ്കിൽ മൂന്ന്) ഈ സ്കീമിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവർഷം 150,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 14 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.1% പലിശ ലഭിക്കുന്നതും പലിശയ്ക്ക് നികുതിയിൽ നിന്ന് ഒഴിവ് ലഭിക്കുന്നതും.
8) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) :- നിലവിൽ അഞ്ചു വർഷത്തെയും 8 വർഷത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നതാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് ലിമിറ്റ് നിശ്ചയിച്ചിട്ടില്ല. ചുരുങ്ങിയ തുക 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുന്പ് നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ലഭിക്കുന്ന പലിശ നികുതിവിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യുന്നതിന് സൗകര്യമുണ്ട്.
9) അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡിപ്പോസിറ്റുകൾ:- അഞ്ചു വർഷത്തെ കാലാവധിയുള്ള ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
10) പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് : സാധാരണഗതിയിൽ പോസ്റ്റ് ഓഫീസ് ഡിപ്പോസിറ്റുകൾ ഒരു വർഷം മുതൽ (1,2,3,5) എന്നീ കാലാവധികളിൽ ലഭ്യമാണ്. നിലവിൽ 6.9% പലിശ നേടിത്തരുന്ന ഈ നിക്ഷേപ പദ്ധതിക്ക് ലഭിക്കുന്ന പലിശയ്ക്കു നികുതി ഇളവ് ഉണ്ടാകുന്നതല്ല.
11) സീനിയർ സിറ്റിസണ് സേവിംഗ്സ് സ്കീം 2004 : മുതിർന്ന പൗരന്മർക്കു വേണ്ടിയുള്ള ഈ നിക്ഷേപ പദ്ധതിക്ക് 9.3% പലിശ ലഭിക്കുന്നതോടൊപ്പം 80 സി വകുപ്പിൽ ആനുകൂല്യവും ലഭിക്കുന്നതാണ്. വോളന്ററി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസാണ്.
12) യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ :- ഇവയ്ക്കും 80 സി വകുപ്പ് അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നതാണ്. 13) കുട്ടികളുടെ ട്യൂഷൻ ഫീസ് : ഈ ഇനത്തിൽ ചെലവാകുന്ന തുകയ്ക്ക് കിഴിവ് ലഭിക്കുന്നതാണ് (പരമാവധി 2 കുട്ടികൾ).
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കുംകൂടി പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
വകുപ്പ് 80 സി.സി.ഡി.(1 ബി) അനുസരിച്ച് എൻപിഎസിൽ
എൻപിഎസിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് മുകളിൽ സൂചിപ്പിച്ച 1,50,000 രൂപ കൂടാതെ പരമാവധി 50,000 രൂപ വരെ അധികം ആനുകൂല്യം ലഭിക്കുന്നതാണ്.
വകുപ്പ് 80 ടി.ടി.എ. അനുസരിച്ച് സേവിംഗ്സ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക്
സേവിംഗ്സ് ബാങ്കിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് പരമാവധി 10,000 രൂപ വരെ നികുതി ആനുകൂല്യം ലഭിക്കുന്നതാണ്. ഇത് വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റുകളിൽനിന്നുലഭിക്കുന്ന പലിശയ്ക്ക് മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെ 80 ടിടിബി അനുസരിച്ച് ഈ വർഷം മുതൽ കിഴിവ് ലഭിക്കുന്നതാണ്.
വകുപ്പ് 80 ഇ അനുസരിച്ച് വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക്
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടിയെടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശയടക്കുന്ന തുകയ്ക്ക് മൊത്തവരുമാനത്തിൽനിന്നും കിഴിവ് ലഭിക്കുന്നതാണ്. തിരിച്ചടവ് കാലാവധി എട്ടു വർഷത്തിൽ കൂടാൻ പാടില്ല. ഉയർന്ന പരിധിയില്ല.
വകുപ്പ് 80 ഡി അനുസരിച്ച് മെഡിക്ലെയിം പോളിസികൾ
നിലവിൽ 25,000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപ വരെയാക്കി വർധിപ്പിച്ചിട്ടുണ്ട്.
കൂടാതെ, മാതാപിതാക്കളുടെ പേരിൽ പ്രസ്തുത ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ അധികമായി 50,000 രൂപയുടെ (മുതിർന്ന പൗരന്മാരാണെങ്കിൽ) നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.