കാലത്തെ അതിജീവിച്ച ബന്ധം
Saturday, October 27, 2018 1:01 AM IST
സത്യാനന്തര (Post Truth) കാലത്തെ മൂന്നു പ്രധാന രാഷ്ട്രങ്ങളുടെ നേതാക്കളാണു ഡോണൾഡ് ട്രംപ്, വ്ലാഡിമിർ പുടിൻ, നരേന്ദ്ര മോദി എന്നിവർ. അതിതീവ്ര ദേശീയതയിലൂടെ ജനപ്രീതിനേടി അധികാരത്തിൽ വന്ന ഇവർക്കു പൊതുവായി ചില ശീലങ്ങളും ശരീരശാസ്ത്രങ്ങളും ഒക്കെയുണ്ട്. മൂവരും തമ്മിലുള്ള ചില ചെയ്തികളിൽ യാദൃച്ഛികമോ അല്ലാതെയോഉള്ള ചില വിട്ടുവീഴ്ചകൾക്കും അവർ തയാറാണ്.
റഷ്യ, ഇറാൻ, വടക്കൻകൊറിയ എന്നീ രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളെ ഉപരോധിക്കാനുള്ള അമേരിക്കൻ നിയമം (കാറ്റ്സ) ഇന്ത്യ-റഷ്യ ആയുധ ഇടപാടിൽ ബാധകമല്ലെന്നു വന്നത് അതുകൊണ്ടാണ്. റഷ്യൻ പ്രസിഡന്റ് പുടിൻ കേവലം 22 മണിക്കൂർ നേരത്തേക്കു മാത്രമാണ് ഈ മാസമാദ്യം ഡൽഹി സന്ദർശനത്തിനായി എത്തിയത്. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച അവസാനിച്ചത് എട്ട് ഉഭയകക്ഷി കരാറുകളുമായാണ്. അതിൽ പ്രധാനമായിരുന്നു റഷ്യയിൽനിന്ന് 40,000 കോടി രൂപയ്ക്ക് എസ്-400 യുദ്ധ വിമാനം വാങ്ങുന്നതിനുള്ള കരാർ. 2020ഓടെ ഇന്ത്യക്ക് റഷ്യൻ നിർമിതമായ ഈ വിമാനം ലഭിക്കുന്പോൾ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ശബ്ദാതിവേഗ വിമാനങ്ങൾ എന്നിവയെ 380 കിലോമീറ്റർ അകലെവച്ച് തകർക്കുന്നതിനുള്ള സാങ്കേതികവിദ്യയാണു കൈവരുന്നത്.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഒക്ടോബർ അഞ്ചിന് പുടിൻ- മോദികൂടിക്കാഴ്ച. 300 ലക്ഷ്യസ്ഥാനങ്ങൾ ഒരേസമയം നിർണയിക്കാനും 36 ശത്രുലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം ആക്രമിക്കാനും കഴിവുള്ള എസ്-400 വിമാനങ്ങൾക്ക് റഡാറുകളെ വെട്ടിച്ച് പറക്കുന്ന അമേരിക്കൻ എഫ്-43 വിമാനങ്ങളെവരെ കണ്ടെത്താൻ സാധിക്കും എന്നാണു വിശദീകരണം.
ഇന്ത്യയിൽ പുതുതായി 12 ആണവനിലയങ്ങൾക്ക് റഷ്യൻ സഹായം ലഭ്യമാക്കുമെന്നതും പുടിന്റെ പ്രഖ്യാപനങ്ങളിലുണ്ട്. ഇന്ത്യയിലെ മിക്ക ആണവനിലയങ്ങളും റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ്. താരാപൂർ, കൽപാക്കം, കൂടംകുളം തുടങ്ങിയവ ഇതിൽപ്പെടും. കൂടംകുളത്തിന്റെ അഞ്ചും ആറും ഘട്ടങ്ങൾ പൂർത്തീകരിക്കുന്നതോടെ ദക്ഷിണേന്ത്യ ഊർജസുരക്ഷിതത്വത്തിൽ സ്വാശ്രയത്വം നേടുമെന്നാണു കണക്കുകൂട്ടൽ.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യ ആവിഷ്കരിച്ച ഗഗൻയാൻ പദ്ധതിക്കു റഷ്യൻ പിന്തുണയുണ്ട്. ലോകത്ത് ആദ്യമായി മനുഷ്യനെ ( യൂറി ഗഗാറിൻ) ബഹിരാകാശത്ത് എത്തിച്ചതു റഷ്യയുടെ പഴയ രൂപമായ സോവ്യറ്റ് യൂണിയനായിരുന്നു .
2025-ഓടെ ഇന്ത്യ- റഷ്യ ഉഭയകക്ഷിവ്യാപാരം 3000 കോടി ഡോളറായി ഉയരും. അമേരിക്കയിൽനിന്നുള്ള ഇറക്കുമതിച്ചുങ്കഭീതി അങ്ങനെ റഷ്യ നികത്തുമെന്നു പ്രതീക്ഷിക്കാം. കൃഷി, വിനോദസഞ്ചാരം, ചെറുകിടവ്യവസായം, സാന്പത്തികവികസനം എന്നീ മേഖലകളിലും കരാറുകളായി എന്നതാണ് പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ബാക്കിപത്രം.
ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന അമേരിക്കൻ തീട്ടൂരത്തിനു വഴങ്ങിയ മോദിസർക്കാർ എന്നാൽ റഷ്യയുമായുള്ള ഇടപാടുകൾ മുമ്പോട്ടു കൊണ്ടുപോവുകയാണ്. അടുത്തയിടെ നടന്ന ചർച്ചയിൽ അമേരിക്കയുമായി കോംകാസ കരാറിൽ എത്തിയതോടെഅമേരിക്കൻ നിരീക്ഷണത്തിലായിരിക്കുകയാണ് ഇന്ത്യ ഇപ്പോൾത്തന്നെ. 2002-ൽ ഒപ്പിട്ട GSOMIA-യും 2016-ൽ എത്തിച്ചേർന്ന LEMO4 കരാറും ഇനി ബാക്കിയുള്ള BECA കരാറും പൂർത്തിയായാൽ ഇന്ത്യ നാറ്റോ അംഗമാകുന്നതിനു തുല്യമാവും. അതുകൊണ്ടൊക്കെത്തന്നെയാവണം മോദി-പുടിൻ ഉടന്പടികളെക്കുറിച്ച് ട്രംപ് തന്ത്രപൂർവമായ മൗനംപാലിക്കുന്നത്.
പാക്കിസ്ഥാൻ ഇതിനകംതന്നെ അമേരിക്കയിൽ നിന്ന് അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങളും ചൈനീസ് നിർമിത എസ്-17 വിമാനങ്ങളും സ്വായത്തമാക്കിയിട്ടുണ്ട്. ചൈനയ്ക്കാകട്ടെ 1700 യുദ്ധവിമാനങ്ങളുടെ കരുത്ത് ഇപ്പോൾതന്നെയുണ്ട്. ചൈനയുമായും പാക്കിസ്ഥാനുമായും ആയിട്ടാണല്ലോ ഇന്ത്യയുടെ സംഘർഷം. ഇന്ത്യൻ പ്രതിരോധരംഗത്തെ ഏറ്റവും വലിയ ഇടപാടുകളിലൊന്നിൽ സമയം പാഴാക്കാതെതന്നെ മോദി ഒപ്പുവച്ചത് ഇതെല്ലാം കണക്കിലെടുത്താവണം. അമേരിക്കയ്ക്കും റഷ്യയ്ക്കും ഒരേപോലെ ഇഷ്ടമുള്ള വിഷയമാണു ദക്ഷിണേഷ്യയിലെ ആയുധപ്പന്തയം. ആണവശക്തികളായ ഇന്ത്യ, പാക്കിസ്ഥാൻ, ചൈന എന്നിവ ആയുധസംഭരണ മത്സരത്തിലേർപ്പെടുന്നതും പ്രതിരോധ ബജറ്റ് കൂട്ടുന്നതും പാശ്ചാത്യശക്തികൾക്ക് ഏറെ വരുമാനം പകരുന്ന കാര്യവുമാണ്.
എസ്. വി.