Wednesday, December 19, 2018 12:58 AM IST
നവോത്ഥാനം ചിലരുടെ കുത്തകയോ?-1 / ഡോ. കെ.എം. ഫ്രാൻസിസ്
കേരളത്തിലെ സാംസ്കാരിക പരിസരം നവോത്ഥാനമെന്ന പദത്തിന്റെ പുതിയ അർഥതലങ്ങൾ തേടുകയാണ്. ഈ അന്വേഷണത്തിൽ കേരളത്തെ തുല്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഭൂമികയാക്കി രൂപാന്തരപ്പെടുത്താൻ യത്നിച്ച പലരെയും ചരിത്രം സൃഷ്ടിക്കുന്നവർ ഒഴിവാക്കുന്നതായി കാണുന്നു. സമുദായ പരിഷ്കർത്താക്കളെ സമൂഹപരിഷ്കർത്താക്കളും സമൂഹപരിഷ്കർത്താക്കളെ സമുദായ പരിഷ്കർത്താക്കളുമായി ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
കേരളത്തിൽ നവോത്ഥാന ചിന്തകൾക്കു വീണ്ടും ജീവൻ ലഭിച്ചതു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ്. ശ്രീനാരായണഗുരു, ചട്ടന്പിസ്വാമികൾ, വി.ടി. ഭട്ടതിരിപ്പാട്, മന്നത്ത് പത്മനാഭൻ, ഡോക്ടർ പൽപ്പു തുടങ്ങിയവരാണു കേരളത്തിൽ മാനവമൂല്യങ്ങൾ വളർത്തിക്കൊണ്ടുവന്നതെന്നു സർക്കാർ പ്രസിദ്ധീകരണങ്ങളിൽ പറയുന്നു. ഇത്തരത്തിൽ പക്ഷപാതപരമായ പ്രചാരണം പ്രതിഷേധാർഹമാണ്. വസ്തുതകളെ സമഗ്രമായി കാണുന്നതിന്റെ അപാകതമൂലമാണിത്. ശ്രീനാരായണഗുരു, വി.ടി. ഭട്ടതിരിപ്പാട്, ഡോക്ടർ പൽപ്പു, കെ. മാധവൻ, ചട്ടന്പിസ്വാമികൾ മുതലായവർ സമൂഹപരിഷ്കർത്താക്കളല്ല, സമുദായ പരിഷ്കർത്താക്കളാണ്.
വനിതാമതിൽ സംഘാടക സമിതിയുടെ ചെയർമാൻതന്നെ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ കേരളത്തിന്റെ നവോത്ഥാനത്തിൽ സംഭാവനകളൊന്നും നൽകിയിട്ടില്ലെന്നു പ്രസ്താവിക്കുകയുണ്ടായി. ഒരു മദ്യവ്യവസായ രാജാവിനെ സാംസ്കാരിക മുന്നേറ്റത്തിന്റെ തലവനാക്കിയാൽ ഇതിൽനിന്നു മെച്ചപ്പെട്ട പ്രസ്താവനകൾ പ്രതീക്ഷിക്കേണ്ടതില്ലല്ലോ! മദ്യപാനം ചെയ്താൽ മാത്രമല്ല മദ്യം വിറ്റഴിച്ചാലും സുബോധം നഷ്ടപ്പെടുമെന്നതിനു വേറെ തെളിവുകൾ വേണ്ടല്ലോ?
നവോത്ഥാനമെന്നാൽ ജാഥയും സമരവും ധർണയും അറസ്റ്റും ജയിലും മാത്രമാണെന്നു ധരിച്ചാൽ ക്രൈസ്തവർ പുറകിലായേക്കാം. എന്നാൽ, നവോത്ഥാനമെന്നാൽ മാനവിക മൂല്യങ്ങൾ മനുഷ്യമനസിനെ ഗ്രസിച്ച്, അതു പൊതുസമൂഹത്തിന്റെ വികാരമായി മാറി, ജനമുന്നേറ്റത്തിലൂടെ സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ സൃഷ്ടിക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെ രൂപപ്പെടുത്തലാണെങ്കിൽ അതിൽ ക്രൈസ്തവർക്കാണു പിതൃത്വം.
തമിഴനെ മലയാളിയാക്കിയത് ആര്?
തമിഴകത്തുനിന്ന് ഉയിർത്തെഴുന്നേറ്റ ഒരു സാമൂഹിക വിഭാഗമാണു മലയാളികൾ. ഈ ഉയിർത്തെഴുന്നേൽപ്പിൽ പ്രധാന പങ്കുവഹിച്ചതു മലയാള ഭാഷയെ ചിട്ടപ്പെടുത്തിയവരാണ്. ഭാഷയുടെ രൂപീകരണമാണ് ചിന്തയുടെ വ്യാപനത്തെ എളുപ്പമാക്കിത്തീർക്കുന്നത്. കേരളത്തിൽ ഇന്നു കാണുന്ന മലയാളഭാഷയുടെ ലിപി, അച്ചടി, വ്യാകരണ നിർമിതി, പുസ്തകപ്രകാശനം, പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവ രൂപപ്പെടുത്തുന്നതിൽ ഇപ്പോൾ നവോത്ഥാന കുത്തക അവകാശപ്പെടുന്നവരുടെ സംഭാവനകൾ ഇരുപതാം നൂറ്റാണ്ടിനു മുന്പ് എന്താണ്?
ജനങ്ങളെ ജാതികളായി വിഭജിച്ച് ജനത്തെ ഭരിച്ചതു ബ്രിട്ടീഷുകാരല്ല, ഇന്ത്യയിലെ സവർണ വർഗമാണ്. ഈ വർഗവിഭജനത്തിലേക്കിറങ്ങിവന്ന ക്രൈസ്തവ മിഷനറിമാരാണ് തമിഴ്ഭാഷയെ മലയാളഭാഷയായി പരിണമിപ്പിച്ചത്. ഈയവസരത്തിൽ ഭാഷാനിപുണന്മാരായ അർണോസ് പാതിരി (1681-1732), ബഞ്ചമിൻ ബെയ്ലി (1791-1871), ഹെർമൻ ഗുണ്ടർട്ട് (1814-1893) എന്നിവരെയാണു കേരളം ആദ്യം ഓർക്കേണ്ടത്.
നവോത്ഥാന മൂല്യങ്ങൾ എന്താണ്? നവോത്ഥാന മൂല്യങ്ങൾ സമൂഹത്തിലേക്കു സന്നിവേശിപ്പിക്കുന്നത് എങ്ങനെയാണ്? ഈ മൂല്യങ്ങൾ സമൂഹത്തിന്റെ പ്രായോഗിക ജീവിതത്തെ ക്രമപ്പെടുത്തുന്നത് എങ്ങനെയാണ്? കേരള സമൂഹചരിത്രത്തിൽ കഴിഞ്ഞ നൂറ്റാണ്ടുകളായി വളർന്നുവന്ന നവോത്ഥാന മൂല്യങ്ങളുടെ സ്രോതസുകൾ ഏതാണ്? ഇത്തരം കാര്യങ്ങൾ പുനർവായനയ്ക്കു വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നവോത്ഥാനം കേരളത്തിൽ
നവോത്ഥാന വളർച്ചയിലെ വിവിധ ഘട്ടങ്ങൾ കടന്നുപോയതു ധർണകൾ, സമരങ്ങൾ, ബന്ദുകൾ, കൊലപാതകങ്ങൾ, ജയിൽ നിറയ്ക്കൽ, മനുഷ്യച്ചങ്ങല, മനുഷ്യമതിൽ മുതലായവയിലൂടെയാണെന്ന മൂഢധാരണ വച്ചുപുലർത്തുന്ന അനേകർ കേരളത്തിലുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുള്ള സമത്വം നിലവിൽ വരണമെങ്കിൽ ഈ ആശയം ആദ്യമേതന്നെ ഭൂരിപക്ഷം ജനങ്ങളുടെ ബുദ്ധിയെ കീഴടക്കണം! നവോത്ഥാന മൂല്യങ്ങൾ ഭൂരിപക്ഷത്തിന്റെ തലച്ചോറിനെ ഗ്രസിക്കുന്പോഴാണു സാമൂഹികമാറ്റം സാധ്യമാകുക എന്ന തത്വചിന്തകരുടെ വാക്കുകൾ ഈയവസരത്തിൽ ഓർക്കുന്നതു നല്ലതായിരിക്കും.
നവോത്ഥാന മൂല്യങ്ങൾ ഭൂരിപക്ഷത്തിന്റെ മസ്തിഷ്കത്തെ ഗ്രസിക്കണമെങ്കിൽ അതിനുള്ള മാർഗങ്ങൾ എന്താണ്? ചിന്തയെ ശാസ്ത്രീയമായി വളർത്തുന്ന ഇടനാഴികളിൽനിന്നാണു പ്രാഥമികമായി മാനവിക ചിന്തകൾ മുളയ്ക്കുന്നതും പ്രബുദ്ധതയായി വളരുന്നതും. ഈ ഇടങ്ങളാണ് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ. മറ്റൊരുവിധത്തിൽ "വിദ്യാധനം സർവധനാൽ പ്രധാനം' എന്നതിന്റെ അർഥം വിദ്യകൊണ്ടു മാത്രമാണു മാനവിക ചിന്തകൾ മുളയ്ക്കുക എന്നാണ്. അതുകൊണ്ട് എല്ലാ നവോത്ഥാന ചിന്തകളും ആരംഭിച്ചതു സർവകലാശാലകളിൽനിന്നാണ്.
സർവകലാശാലകളിൽ പഠിക്കണമെങ്കിൽ ചിന്തകരുടെ ഗ്രന്ഥങ്ങൾ വേണം. ആ ഗ്രന്ഥം വായിച്ചാൽ മനസിലാക്കാനുള്ള പ്രാഥമിക വിദ്യാഭ്യാസം വേണം. ഗ്രന്ഥം അച്ചടിക്കാനുള്ള യന്ത്രം, പുസ്തകം പ്രസാധനം ചെയ്യാനുള്ള പ്രസാധകർ, ചിന്തയെ സാധാരണക്കാരനു മനസിലാക്കാവുന്ന വിധത്തിൽ പരിവർത്തനം ചെയ്യുന്ന കവിതകൾ, ഗാനങ്ങൾ, നാടകം, സിനിമ എന്നിവയിലൂടെയാണ് മൂല്യങ്ങൾ മനുഷ്യമനസിൽ ശക്തിപ്പെടുന്നത്. ഈ പ്രക്രിയയുടെ അടിസ്ഥാനം ഭാഷയുടെ രൂപീകരണമാണ്. ഭാഷ ചിട്ടപ്പെടുത്തണമെങ്കിൽ വ്യാകരണം വേണം. ഇവകൂടാതെ ഇത്തരം മേഖലകളെ വളർത്തുന്ന സാന്പത്തിക സ്രോതസായ കൃഷി, ബാങ്കിംഗ്, വ്യവസായം, ആതുരാലയങ്ങൾ മുതലായവ വേണം.
അതുകൊണ്ടു ലിപി, വ്യാകരണം, ചിന്ത, പുസ്തകരചന, അച്ചടിയന്ത്രം, പുസ്തകപ്രകാശനം, ഗ്രന്ഥശാല, ചിത്രശാല, കവിത, നാടകം, സിനിമ, പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പത്രപ്രവർത്തനം എന്നിവയിലൂടെ മാനവിക മൂല്യങ്ങൾ മനുഷ്യ മസ്തിഷ്കത്തെ ഗ്രസിക്കുന്പോൾ അതിൽനിന്നു രൂപംകൊള്ളുന്ന പൊതുജനാഭിപ്രായം, ജനമുന്നേറ്റങ്ങൾ സൃഷ്ടിക്കുകയും നിലവിലുള്ള സാമൂഹിക ഘടനയെ രൂപാന്തരപ്പെടുത്തുകയും മാനവിക മൂല്യങ്ങൾ പ്രയോഗിക സാമൂഹിക ജീവിതഘടനയായി മാറുകയും ചെയ്യുന്നതാണു നവോത്ഥാനം.
മുകളിൽ പറഞ്ഞ മുഴുവൻ മേഖലകളേയും സമഗ്രമായി പൊതുസമൂഹത്തിനു സംഭാവന ചെയ്ത വ്യക്തികളും സംഘടനകളുമാണു കേരള നവോത്ഥാനത്തിന്റെ ശില്പികൾ. പത്തൊന്പതാം നൂറ്റാണ്ടിൽത്തന്നെ മുകളിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളെയും സമഗ്രമായി സംഭാവനചെയ്ത സമൂഹങ്ങൾക്കും സംഘടനകൾക്കും മാത്രമേ കേരളത്തിലെ പ്രബുദ്ധ സമൂഹത്തെ സൃഷ്ടിച്ചതിന്റെ പിതൃത്വം അവകാശപ്പെടാൻ കഴിയൂ.
എന്താണു നവോത്ഥാനം?
റോമൻ സംസ്കാരത്തിന്റെ ഈറ്റില്ലമായ ഇറ്റലിയിലെ യൂണിവേഴ്സിറ്റികളിൽനിന്ന് ഉയർന്നുവന്ന സാമൂഹിക ജീവിത പരിഷ്കരണ ശ്രമങ്ങളുടെ ആകെത്തുകയാണു നവോത്ഥാനം. ഈ ശ്രമങ്ങളുടെ നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ട വ്യക്തിയാണ് ഫ്രാൻസെസ്കോ പെട്രാർക്ക. വ്യക്തികളുടെ സ്വാതന്ത്ര്യം, മനുഷ്യന്റെ തുല്യത, മൗലികാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ചിന്തകളുടെ കേന്ദ്രം ഗ്രീക്കോ-റോമൻ കലകളിലും ചിന്തകളിലും നിയമസംഹിതയിലും ഒളിഞ്ഞിരിക്കുന്നുവെന്നു പെട്രാർക്ക കണ്ടെത്തി. ഈ മൂല്യങ്ങൾ പുനഃപ്രതിഷ്ഠിക്കാനായി ഇറ്റലിയിൽ നടന്ന വ്യാപകമായ ശ്രമങ്ങളുടെ ആകെത്തുകയാണു നവോത്ഥാനമെന്ന പേരിൽ അറിയപ്പെടുന്നത്.
"മാനവികത'യുടെ ഉയിർത്തെഴുന്നേൽപ്പ് യൂറോപ്യൻ പരിസരങ്ങളിൽ നിരന്തര ചലനങ്ങൾ സൃഷ്ടിച്ചു. പതിനാറാം നൂറ്റാണ്ടിലെ മത നവീകരണ പ്രസ്ഥാനങ്ങൾ (Reformation) നവോത്ഥാനം സൃഷ്ടിച്ച ചലനങ്ങളുടെ തുടർച്ചയായിരുന്നു. മതനവീകരണ പ്രസ്ഥാനങ്ങൾ വീണ്ടും മുന്നോട്ടുനീങ്ങി പതിനെട്ടാം നൂറ്റാണ്ട് ജ്ഞാനോദയത്തിന്റെ അഥവാ പ്രബുദ്ധതയുടെ കാലഘട്ടമായി. ഇരുപതാം നൂറ്റാണ്ടിൽ നവോത്ഥാനം വളർന്നു മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങൾ രൂപംകൊള്ളാൻ ആരംഭിച്ചു.
മാനവിക മൂല്യങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ്, മതനവീകരണം, ജ്ഞാനോദയം, ജനാധിപത്യ രാഷ്ട്രീയ ഘടനയുടെ രൂപീകരണത്തിലൂടെ മനുഷ്യാവകാശ സംരക്ഷണം എന്നീ നാലുഘട്ടങ്ങളിലൂടെ യൂറോപ്പ് കടന്നുപോയി. മാനവികതയുടെ ഈ വളർച്ചയും ഫലവുമാണു നവോത്ഥാനം.
(ലേഖകൻ തൃശൂർ സെന്റ് തോമസ് കോളജ്
മുൻ അധ്യാപകനാണ് )