മയക്കുമരുന്നിൽ മുങ്ങുന്ന യുവത്വം; രക്ഷകനെത്തേടി പഞ്ചാബ്
Wednesday, January 5, 2022 10:14 PM IST
""രാത്രി ഉറങ്ങാനേ കഴിയുന്നില്ല. രണ്ടു മക്കളുടെ മൃതദേഹങ്ങളാണ് എപ്പോഴും കൺമുന്നിൽ.'' പഞ്ചാബിലെ ഒരമ്മയുടെ വിലാപമാണിത്. ഇതുപോലെ നിരവധി അമ്മമാർ ഹൃദയം പൊട്ടി കരയുകയാണ്. അണപൊട്ടിയൊഴുകുന്ന ദുഃഖം സഹിക്കാനാവാതെ.
മയക്കുമരുന്നാണ് ഈ അമ്മമാരെ തീരാദുരിതത്തിലേക്കു തള്ളിയിട്ടത്. പഞ്ചാബിലെ നഗരങ്ങളും ഗ്രാമങ്ങളും ഡ്രഗ് മാഫിയയുടെ പിടിയിലാണ്. പതിവുപോലെ രാഷ്ട്രീയക്കാരിലേക്കു നീളുന്ന ബന്ധം തകർക്കാൻ നിലവിലുള്ള സർക്കാർ സംവിധാനങ്ങൾക്കാവുന്നില്ല. ഡ്രഗ് മാഫിയയുമായി ബന്ധമുണ്ടെന്നു കരുതുന്ന ശിരോമണി അകാലിദൾ നേതാവ് ബിക്രം മജീദിയയ്ക്കെതിരേ കേസെടുക്കണോ എന്ന വിഷയത്തിൽ ചേരിതിരിഞ്ഞ് തർക്കിക്കുകയാണ് രാഷ്ട്രീയക്കാർ. യഥാർഥ പ്രശ്നം അപ്പോഴും കാണാമറയത്താണ്.
മൻജീത് കൗറിന്റെ കഥ
ഭട്ടിൻഡയിലെ ഖുമൻ കലൻ ഗ്രാമത്തിലെ മൻജീത് കൗർ എന്ന അമ്മയ്ക്ക് ഒരു വർഷത്തിനിടെയാണ് രണ്ടു മക്കളെ നഷ്ടമായത്. കഴിഞ്ഞ ഡിസംബർ 28നാണ് ഇരുപത്തൊന്പതുകാരനായ രജീന്ദർ സിംഗിനെ തന്റെ മുറിയിൽ കയ്യിലൊരു ഒഴിഞ്ഞ സിറിഞ്ചുമായി മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് രജീന്ദറിന്റെ ജ്യേഷ്ഠൻ രഞ്ജിത് സിംഗ് (32) അമിത മയക്കുമരുന്നുപയോഗത്താൽ മരിച്ചത്.
രണ്ടുപേരെയും മയക്കുമരുന്നിന്റെ പിടിയിൽനിന്നു മോചിപ്പിക്കാൻ കുടുംബം ആവുന്നതു ചെയ്തെന്നുപറഞ്ഞു കരയുകയാണ് മൻജീത് കൗർ. ഗ്രാമത്തിൽ മയക്കുമരുന്ന് യഥേഷ്ടം കിട്ടുമെന്നതാണ് തന്റെ മക്കളെ നശിപ്പിച്ചതെന്ന് അവർ പറയുന്നു. ഗ്രാമത്തിലെ പത്തുവയസുള്ള കുട്ടിക്കുപോലും കഞ്ചാവും ഹെറോയിനും എവിടെക്കിട്ടുമെന്നറിയാം. പോലീസ് എന്തു ചെയ്യുകയാണ്? അവർ ചോദിക്കുന്നു. ഡ്രഗ് മാഫിയയെ നിയന്ത്രിക്കാൻ ആർക്കും താത്പര്യമില്ല. ബാധിക്കുന്ന കുടുംബങ്ങളെ ആരും ഓർക്കുന്നില്ല- മൻജീദ് കൗറിന്റെ ആത്മരോഷം ബധിരകർണങ്ങളിലാണു പതിക്കുന്നത്.
മജീദിയയ്ക്കെതിരായ കേസ് ഉയർത്തിക്കാട്ടി ഡ്രഗ് മാഫിയയെ തളച്ചെന്ന് ഊറ്റംകൊള്ളുകയാണ് ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാവ് നവജ്യോത് സിംഗ് സിദ്ദു. എന്നാൽ, മയക്കുമരുന്നു വിരുദ്ധ പ്രവർത്തകർക്കും ഇരയായ കുടുംബങ്ങൾക്കും ഇതു ദഹിക്കുന്നില്ല. ഒരു രാഷ്ട്രീയക്കാരനെതിരേ കേസെടുത്തെന്നു കരുതി തീരുന്നതല്ല ഡ്രഗ് മാഫിയയെന്ന് അവർ ഉറച്ചു പറയുന്നു. അത്രയ്ക്കാഴത്തിലാണതിന്റെ വേരുകൾ. രാഷ്ട്രീയക്കാരുടെ പതിവ് ഒളിച്ചുകളികൾ പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നും അവർ കരുതുന്നു.
പഠനങ്ങളും സർവേകളും പറയുന്നത് പഞ്ചാബിലെ മുതിർന്ന ജനസംഖ്യയുടെ 1.2 ശതമാനം പേർ മയക്കുമരുന്നുകളെ ആശ്രയിക്കുന്നവരാണെന്നാണ്. ഏകദേശം 2.32 ലക്ഷം വരും ഇത്. 8.6 ലക്ഷം പേർ ഒരിക്കലെങ്കിലും മയക്കുമരുന്നുപയോഗിച്ചവരാണ്. മുതിർന്ന ജനസംഖ്യയുടെ 4.5 ശതമാനം വരുമിത്. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം 2019ൽ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 2.1 ശതമാനം പേർ (ഏകദേശം 2.26 കോടി പേർ) മയക്കുമരുന്നുപയോഗിക്കുന്നുണ്ട്. ഇതിൽ കഞ്ചാവ്, ഹെറോയിൻ, ബ്രൗൺ ഷുഗർ, മറ്റു ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം പെടും.
ഒന്നിനുമില്ല കണക്കുകൾ
ഈ കണക്കുകൾക്കപ്പുറമാണ് കാര്യങ്ങളെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. മരുന്നടിച്ചു മരിക്കുന്നവരെക്കുറിച്ചോ കടുത്ത ആസക്തിയുള്ളവരെക്കുറിച്ചോ വ്യക്തമായ കണക്ക് ഒരു ഏജൻസിയുടെ കയ്യിലുമില്ലെന്ന് എസ്ബിഎസ് നഗറിലെ ലഹരിവിരുദ്ധ സംഘടനയുടെ പ്രവർത്തകനായ മംഗ് ഗുർപ്രസാദ് പറയുന്നു. സാമൂഹിക ഒറ്റപ്പെടൽ ഭയന്ന് നല്ലൊരു വിഭാഗം ഇക്കാര്യം പോലീസിനോടോ അധികൃതരോടോ വെളിപ്പെടുത്തുന്നില്ല. പോലീസു പോലും ഇത്തരം മരണങ്ങൾ മറച്ചുവയ്ക്കുകയാണ്. മൃതദേഹങ്ങളുടെ സമീപത്തു കണ്ടെത്തുന്ന സിറിഞ്ചുകൾ മാറ്റാൻ പോലീസ് തന്നെ പറയുന്ന സ്ഥിതിയാണെന്ന് ഭട്ടിൻഡയിലെ സന്നദ്ധസംഘടനാ പ്രവർത്തകർ രോഷത്തോടെ പറയുന്നു.
ഡിസംബർ 29ന് മുക്തസർ സാഹിബിലെ വീട്ടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹർപ്രീത് സിംഗ് അമിത മയക്കുമരുന്നുപയോഗം മൂലമാണു മരിച്ചത്. അനാഥമായത് ആറുമാസം പ്രായമുള്ള കുഞ്ഞടക്കമുള്ള കുടുംബം. രണ്ടാഴ്ച ലഹരിമുക്തകേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ ശേഷമാണ് ഹർപ്രീതിന്റെ മരണം. വീടിനടുത്ത് മയക്കുമരുന്ന് എളുപ്പത്തിൽ കിട്ടുമെന്നതാണ് ഇദ്ദേഹത്തെപ്പോലുള്ളവരെ വീണ്ടും മാരകവലയിൽ കുടുക്കുന്നതെന്നു കുടുംബം പറയുന്നു.
ഡിസംബർ 24ന് തരൺതരൺ ജില്ലയിലെ ഫത്തേഹാബാദ് ഗ്രാമത്തിൽ മയക്കുമരുന്നിന്റെ പിടിയിൽപ്പെട്ടു മരിച്ച ഗഗൻദീപ് സിംഗ് പതിനെട്ടുകാരനാണ്. ഗ്രാമത്തിലെ ശ്മശാനത്തിലാണ് ഈ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ മൂന്നു മക്കളും മയക്കുമരുന്നിനടിമകളാണെന്ന് ഗഗൻദീപിന്റെ അച്ഛൻ രാം ലുഭയ്യ പറയുന്നു. മയക്കുമരുന്നു വിതരണക്കാർക്കെതിരേ പരാതി നല്കിയാൽ പോലീസ് കേൾക്കാൻപോലും തയാറാവില്ല- അദ്ദേഹം വിലപിക്കുന്നു.
മരണം കൂടുന്നു
ഭട്ടിൻഡയിലെ സന്നദ്ധസംഘടനയായ നൗജവാൻ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തകയായ സോനു മഹേശ്വരി വളരെ ഭീതിജനകമായ അവസ്ഥയിലേക്കാണു വിരൽ ചൂണ്ടുന്നത്. അമിതലഹരി ഉപയോഗം മൂലമുള്ള രണ്ടോ മൂന്നോ മരണം എല്ലാ മാസവും ഉണ്ടാകുന്നുണ്ട്. ഓരോ തവണയും നിസഹായരായ കുടുംബങ്ങളുടെ അവസ്ഥ വേദനിപ്പിക്കുന്നതാണ്.
2015ൽ മയക്കുമരുന്നുപയോഗത്തെക്കുറിച്ചു പഠിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ന്യൂഡൽഹി എയിംസിലെ ഡോ. അതുൽ അംബേക്കർ. ഇപ്പോഴും ഇന്ത്യയിലെ മയക്കുമരുന്നുപയോഗം കൈവിട്ടുപോയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഓപ്പിയവുമായി ബന്ധപ്പെട്ട (ഓപ്പിയോയിഡ്) മയക്കുമരുന്നിന്റെ ഉപയോഗം ആഗോള ശരാശരിയേക്കാൾ മൂന്നു മടങ്ങാണ് ഇന്ത്യയിൽ. ഈ വിഭാഗത്തിൽ ഹെറോയിനാണ് ഏറ്റവും വലിയ വില്ലൻ. രോഗങ്ങളും മരണവും അംഗവൈകല്യവുമെല്ലാം വരുത്തുന്നതിൽ മുൻപന്തിയിൽ. ഹെറോയിൻ ഉപയോഗത്തിലെ വർധന ആശങ്കാജനകം തന്നെയെന്ന് ഡോ. അംബേക്കർ പറയുന്നു.
പഞ്ചാബിലാണ് മയക്കുമരുന്നുപയോഗിക്കുന്നവർ കൂടുതലെന്ന് ഡോ. അംബേക്കറും വ്യക്തമാക്കുന്നുണ്ട്. വിവിധ വിഭാഗത്തിൽപ്പെട്ട ലഹരി ഉപയോഗത്തിൽ ദേശീയ ശരാശരിയേക്കാൾ എത്രയോ മുന്നിലാണു പഞ്ചാബ്. മദ്യത്തിന്റെ കാര്യത്തിൽ 14.6 ആണ് ദേശീയ ശരാശരി. പഞ്ചാബിൽ 28.5. ഓപ്പിയോയിഡ് ഉപയോഗം ദേശീയ ശരാശരി 2.1 ശതമാനമാണെങ്കിൽ പഞ്ചാബിലത് 9.7 ശതമാനമാണ്.
കഞ്ചാവ് പോയാൽ ഹെറോയിൻ
ശക്തി കുറഞ്ഞ ലഹരിമരുന്ന് നിരോധിച്ചാൽ ആ സ്ഥാനം കൂടുതൽ ശക്തിയുള്ളവ ഏറ്റെടുക്കുമെന്നും ഡോ. അംബേക്കർ ചൂണ്ടിക്കാട്ടി. കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളും പൂർണമായും നിരോധിച്ചതിനു പിന്നാലെയാണ് മാരകമായ ഹെറോയിൻ കളം പിടിച്ചത്. ഡ്രഗ് മാർക്കറ്റിൽ ഹെറോയിന്റെ മൂല്യം വൻതോതിൽ ഉയർന്നു.
പഞ്ചാബിലെ മയക്കുമരുന്ന് വിഷയം രാഷ്്ട്രീയക്കാർ നിസാരമാക്കിയതാണ് പ്രശ്നം ഇത്രയും ഗുരുതരമാകാൻ കാരണം. പഞ്ചാബ് ജനസംഖ്യയുടെ 0.06 ശതമാനം പേർ മാത്രമാണ് മയക്കുമരുന്നടിമകൾ എന്നാണ് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിംഗ് ബാദലിന്റെ കണക്ക്. 2017ൽ അധികാരത്തിൽ വന്ന അമരീന്ദർ സിംഗിനെ കുറ്റപ്പെടുത്തുകയാണ് പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളിയും സംസ്ഥാന കോൺഗ്രസ് ചീഫുമായ നവജ്യോത് സിംഗ് സിദ്ദു ചെയ്തത്. ആം ആദ്മി പാർട്ടിയാവട്ടെ കോൺഗ്രസിനെയും അകാലിദളിനെയും കുറ്റപ്പെടുത്തുന്നു.
അവിശുദ്ധ കൂട്ടുകെട്ട്
മയക്കുമരുന്ന് കച്ചവടക്കാരും പോലീസും രാട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടു പൊളിച്ചാലേ വല്ലതും നടക്കൂ എന്ന് അഡ്വ. നവകിരൺ സിംഗ് പറയുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ആളാണ് ഇദ്ദേഹം. ഡ്രഗ് മാഫിയയുമായി പോലീസിനുള്ള ബന്ധത്തെക്കുറിച്ചു നിരവധി അന്വേഷണ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതെല്ലാം പൂഴ്ത്തിവച്ചിട്ടാണ് രാഷ്ട്രീയക്കാർ താത്കാലിക ലാഭത്തിനുവേണ്ടിയുള്ള കളികളിലേർപ്പെടുന്നത്. നവകിരൺ സിംഗിന്റെ അഭിപ്രായത്തിൽ മജീദിയയ്ക്കെതിരായ നടപടിയെച്ചൊല്ലിയുള്ള പുകമറ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ളതാണ്.
ഒരു സർക്കാരും കടുത്ത നടപടിയിലൂടെ പോലീസിനെ അസ്വസ്ഥരാക്കാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. അധികാര രാഷ്ട്രീയത്തിൽ പോലീസിനുള്ള നിർണായകസ്ഥാനം അറിയാത്തവരല്ലല്ലോ രാഷ്ട്രീയ നേതൃത്വങ്ങൾ. കോടികൾ മറിയുന്ന മയക്കുമരുന്നു കച്ചവടത്തെ തകർക്കാൻ ഇനിയാരെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇരകളാകുന്ന കുടുംബങ്ങളുടെ തീരാവ്യഥയ്ക്ക് അവസാനവും.
എസ്. ജയകൃഷ്ണൻ