കണ്ടുപഠിക്കാൻ ഫിൻലൻഡ്
Tuesday, January 18, 2022 10:51 PM IST
ശിശുവിനെ മാന്യനാക്കാനല്ല, മനുഷ്യനാക്കാനാണു വിദ്യാഭ്യാസം നൽകേണ്ടതെന്ന അടിസ്ഥാന ബോധനം നമുക്കാവശ്യമാണ്. വിദ്യാഭ്യാസത്തിന്റെ മാതൃക അന്വേഷിക്കുന്പോൾ നമുക്ക് ഫിൻലൻഡ് എന്ന വികസിത രാജ്യത്തെക്കുറിച്ചു ചിന്തിക്കുന്നത് നല്ലതാകും. ലോകത്തിനുതന്നെ മാതൃകയാകുന്ന വിദ്യാഭ്യാസ സന്പ്രദായമുള്ള ഫിൻലൻഡ് ആണ് 2019-ലെ "വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്' പ്രകാരം ഏറ്റവും സന്തോഷഭരിതമായ രാജ്യം.
ലോകമെന്പാടുമുള്ള വിദ്യാഭ്യാസസന്പ്രദായങ്ങളെ വിലയിരുത്തുന്നതിനായുള്ള "പ്രോഗ്രാം ഫോർ ഇന്റർ നാഷണൽ സ്റ്റുഡന്റ്സ് അസസ്മെന്റ്' (പിസ) പ്രകാരം സ്ഥിരമായി ഉന്നതനിലവാരം പുലർത്തുന്ന വികസിത രാജ്യങ്ങളിൽ ഉൾപ്പെടുന്നതാണ് ഫിൻലൻഡ്. കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യ മാത്രമുള്ള ഈ രാജ്യത്തെ അഴിമതിയുടേയും അക്രമത്തിന്റെയും കുറവും സാമൂഹിക പിന്തുണയും ഉന്നത ജീവിത നിലവാരവും ആയുസും ലോക ശ്രദ്ധ നേടുന്നതാണ്.
മൂന്നര വയസുവരെ കുട്ടികളെ പരിപാലിക്കാൻ അച്ഛന്മാർക്ക് ജോലിയിൽനിന്ന് അവധിയെടുക്കാം. ഏഴു വയസുവരെ ഫിന്നിഷ് ഭാഷയിൽ "നവോള' എന്നു വിളിക്കുന്ന സന്പ്രദായത്തിൽ പരിശീലനം നേടിയവരുടെ നിരീക്ഷണങ്ങളും പരിശീലനങ്ങളും വിലയിരുത്തലുകളും ഉണ്ടാകും. ലോകത്ത് ഏറ്റവും വൈകി വിദ്യാഭ്യാസം തുടങ്ങുന്നത് ഫിൻലൻഡിലെ പ്രത്യേകതയാണ്. ഏഴാം വയസിൽ മാത്രമാണ് കുട്ടികൾ അക്ഷരങ്ങളുടെ ലോകത്ത്് പ്രവേശിക്കുക. അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞ് പൊതുവായതിലോ അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട പഠനശാഖകളിലോ അപ്പർ സെക്കൻഡറി മൂന്നു വർഷം ചെയ്യാം. ഇതിനു ശേഷം സർവകാലശാല ബിരുദം.
പഠനരീതി
ഭാവിയെ അഭിമുഖീകരിക്കാനുതകുന്ന തരത്തിൽ പ്രശ്നാധിഷ്ഠിത പഠനമാണ് ഫിൻലൻഡിൽ. ക്ലാസ് പരീക്ഷ മുതൽ ടേംലി എക്സാമിനേഷനും ഫൈനൽ എക്സാമിനേഷനും ഇതര മത്സര പരീക്ഷകളുംകൊണ്ട് നാം മക്കളുടെ ജീവിതത്തെ അതിസമ്മർദത്തിന്റെ സൂക്ഷ്മതയിൽ നിർത്തുന്പോൾ ഫിൻലൻഡിൽ അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞു നടത്തുന്ന നാഷണൽ മെട്രിക്കുലേഷൻ പരീക്ഷ മാത്രമാണ് ഉള്ളത്.
മത്സരത്തെക്കാൾ സഹകരണമാണ് മനുഷ്യരിൽ ഉജ്ജീവിപ്പിക്കേണ്ടത് എന്നു ലോകത്തെ ബോധ്യപ്പെടുത്തുന്ന ഒരു രാജ്യം. പരീക്ഷകളെ അഭിമുഖീകരിക്കുന്നതിനേക്കാൾ ജീവിതത്തെ അഭിമുഖീകരിക്കാന് പഠിപ്പിക്കുന്ന പ്രായോഗിക വിജ്ഞാനം വികസിപ്പിച്ചെടുക്കുകയെന്നതാണ് പ്രധാനം. തോൽപ്പിക്കാനും ജയിക്കാനും എന്നതിനേക്കാൾ ഒന്നിച്ച് ജീവിക്കാനാകുന്ന സൗഹൃദ ഭാവം മക്കളിൽ വളർത്തുകയെന്നതാണ് പഠനരീതിയിൽ പ്രധാനം.
അധ്യാപകർ
അധ്യാപനം ഏറ്റവും ആദരണീയമായ തൊഴിലാണ് ഫിൻലൻഡിൽ. ഒരു പ്രഫസറുടെ ശന്പളത്തേക്കാൾ കൂടുതലാണ് പ്രാഥമിക ക്ലാസുകളിലെ അധ്യാപകരുടെ ശന്പളം എന്നത് നമ്മെ അതിശയിപ്പിച്ചേക്കാം. എല്ലാത്തിലും രാഷ്ട്രീയം കലർത്തുന്ന നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളിലും നയരൂപീകരണത്തിലും സിലബസും കരിക്കുലവും തയാറാക്കുന്നതിലും എന്തിനേറെ പാഠപുസ്തക സമിതിയിലും ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം ദർശിക്കാം. എന്നാൽ, ഫിൻലൻഡിൽ വിദ്യാഭ്യാസനയ രൂപീകരണത്തിലും പാഠപുസ്തക സമിതിയിലും പാഠ്യപദ്ധതി തയാറാക്കലിലും മൂല്യനിർണയത്തിലും അധ്യാപകർക്കാണ് മുൻഗണന.
സാധാരണ പ്രൈമറി ക്ലാസുകളിൽ ഇരുപത്തിനാലു കുട്ടികൾ മാത്രമാണുണ്ടാവുകയെന്നത് വിദ്യാർഥികളുമായുള്ള സംവേദന ക്ഷമതയ്ക്ക് ആക്കം കൂട്ടുന്നു. അധ്യാപകർക്കു വിദ്യാർഥികളുടെമേൽ നല്ല കരുതലും കാവലും ഒപ്പം ശിക്ഷണാധികാരങ്ങളും ഉണ്ട്.
ഇന്ത്യയിൽ
"വിദ്യാഭ്യാസം ഒരു നാണയമാണ്. അതിന്റെ ഒരു വശം പ്രവൃത്തിയേയും മറുവശം ജ്ഞാനത്തേയും കാണിക്കുന്നു' എന്നാണ് രവീന്ദ്രനാഥ ടാഗോർ പറഞ്ഞുവെക്കുന്നത്. ഇതിൽ ജ്ഞാന സന്പാദനത്തിൽ നമ്മുടെ വിദ്യാഭ്യാസ നയങ്ങൾ മികവുറ്റതാകുന്പോഴും പ്രവൃത്തി അഥവാ വിജ്ഞാനത്തിന്റെ പ്രായോഗികത വിജയം കാണുന്നുണ്ടോയെന്നു വിലയിരുത്തണം. പ്രായത്തിന് അനുസരിച്ച് സ്റ്റേജുകൾ (5+3+3+4) രൂപീകരിച്ചാലും നമ്മുടെ ഭാവികാര്യങ്ങൾക്ക് നമ്മുടെ രാജ്യത്തെ സാധ്യതകൾ എത്രമാത്രമാണ്?
മൂന്നു മുതൽ ആറുവരെ വയസുള്ള കുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലെ അമിതഭാരം നാമെന്താണ് കാണാതെ പോകുന്നത്? 1986-ലെ ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനും 1992-ലെ നയനവീകരണത്തിനു ശേഷം പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുന്പോഴും നമുക്കിടയിലെ ലക്ഷ്യബോധവും ലക്ഷ്യപ്രാപ്തിയും ആരെയും ആകർഷിക്കുന്നതാകുന്നുണ്ടോ; മാതൃകാപരമാകുന്നുണ്ടോ?
ജീവിക്കാൻ ഉത്സാഹം നൽകുന്നതാകണം പഠനം. ഒപ്പം പ്രതിസന്ധികളെ തരണം ചെയ്യാനും ജീവിതം ജാജ്വല്യമാനമാക്കാനും വിദ്യാഭ്യാസത്തിന് ഗുണമുണ്ടാകണം.
ടോം ജോസ് തഴുവംകുന്ന്