വിശ്വസനീയമായ അന്വേഷണം ആവശ്യം
Monday, May 8, 2023 12:30 AM IST
കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളുടെ വാർത്താ തലക്കെട്ടുകളിൽ ‘സേഫ് കേരള’ പദ്ധതിയുമായി ബന്ധപ്പെട്ട എഐ കാമറകളിലെ അഴിമതിയെക്കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. സംസ്ഥാനത്തെ അധികാരികൾക്കെതിരേ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ പ്രധാന വ്യക്തികളെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ളതാണ്. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന വൻതുകകൾ ഉൾപ്പെട്ടതാണ് ഈ ഗുരുതരമായ ആരോപണങ്ങൾ.
ഈ ഇടപാടുകളിൽ ക്വട്ടേഷനുകൾ ക്ഷണിച്ചശേഷം കരാറുകൾ നൽകുന്ന സാധാരണ രീതി പാലിക്കുന്നതിലും ധനവകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിക്കുന്നതിലും വീഴ്ചയുണ്ടായിരിക്കുന്നു. കൂടാതെ സംസ്ഥാന ഭരണത്തിലെ ഉന്നതതലത്തിലുള്ള വളരെ പ്രധാനപ്പെട്ട വ്യക്തികളുടെ ചില അടുത്ത ബന്ധങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സത്യസന്ധതയും ധാർമികമൂല്യങ്ങളും പാലിക്കുന്നതിനെ ചോദ്യംചെയ്ത ഈ ഇടപാട് എൽഡിഎഫ് സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾക്ക് അധികാരികളാരും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല എന്നത് സാഹചര്യത്തെ പ്രതികൂലമാക്കുകയും ജനങ്ങളുടെ മനസിൽ നിരവധി സംശയങ്ങൾ ഉയർത്തുകയും മാത്രമാണ് ചെയ്തിരിക്കുന്നത്.
ആരോപണവുമായി പ്രതിപക്ഷം
ആരോപണങ്ങൾ ആദ്യം ഉന്നയിച്ചത് സംസ്ഥാനത്തെ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പിന്നീട് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ്. ഇരുവരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രേഖകൾ ഹാജരാക്കി.
നൂറുവർഷമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായതും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയതുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ട് മുതിർന്ന നേതാക്കളാണിവർ. ഭരണാധികാരികൾക്ക് തക്കസമയത്ത് കടമ്പകൾ സൃഷ്ടിക്കാനുള്ള കളികളിൽ രണ്ട് നേതാക്കളും വിരുതന്മാരാണ്. നൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ആറിലധികം ദിനപത്രങ്ങളെങ്കിലും ഈ ആരോപണങ്ങൾ അവരുടെ ചുമതലകളുടെ ഭാഗമായി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തിൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഈ വർഷം180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്തേക്കു താഴ്ന്നു.
അതെ, 100 വർഷത്തിലേറെ പഴക്കമുള്ള ഈ പത്രങ്ങൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ നാളുകൾ, 1970കളുടെ മധ്യത്തിലെ അടിയന്തരാവസ്ഥ, അധികാരത്തിലിരിക്കുന്നവർക്ക് ഹിതകരമല്ലാത്ത വാർത്തകൾ നൽകുന്നവർക്കെതിരേയുള്ള എൻഡിഎ സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയ്ക്കെല്ലാം പുറമെ ഒട്ടും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളും കരാർവത്കരണങ്ങളും അതിജീവിച്ചവയാണ്.
പ്രധാന വിവാദം
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അവയിൽ ഭൂരിഭാഗവും വായനക്കാർക്ക് സുപരിചിതവും അറിയുന്നതുമാണ്. അത്തരത്തിലുള്ള എല്ലാ പ്രസ്താവനകളും പരാമർശിക്കാൻ കഴിയാത്തത്ര വിശാലമാണെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടവ പ്രസിദ്ധീകരിച്ചത് ഇവയാണ്:
1) പിടിഎസ് എഐ കാമറ-കെൽട്രോൺ ഈടാക്കുന്നത് 9.90 ലക്ഷം
രൂപ, മാർക്കറ്റ് വില 15,000 രൂപ.
2) 3 മെഗാപിക്സൽ എഐ കാമറ യൂണിറ്റ് - കെൽട്രോൺ 9.96 ലക്ഷം,
വിപണി വില 1.60 ലക്ഷം രൂപ.
3) 5 മെഗാപിക്സൽ എഐ കാമറ യൂണിറ്റ്- കെൽട്രോൺ
ഈടാക്കുന്നത് 9.96 ലക്ഷം, മാർക്കറ്റ് വില 2 ലക്ഷം രൂപ.
4) ഇരുമ്പ് ദണ്ഡുകളുള്ള കാമറ സ്റ്റാൻഡിന് വിപണിയിൽ 6000 രൂപ,
കെൽട്രോണിന്റെ വില ഏകദേശം 20,000 രൂപ.
5) വിപണിയിൽ 2500-3000 രൂപ വിലയുള്ള ഇലക്ട്രിസിറ്റി മീറ്റർ
ബോക്സിന് കെൽട്രോൺ വില 15000 രൂപയാണ്.
അധികച്ചെലവിന്റെ വിശദീകരണമായി പറയുന്നത് കാമറയ്ക്കു പുറമെയുള്ള ഗ്രാഫിക് പ്രോസസർ, എഐ ലൈസൻസ് ഫീസ്, സോളാർ പാനൽ, റിക്കാർഡർ, കാമറ ഫിക്സിംഗിനുള്ള ബാറ്ററി എന്നിവയ്ക്കു ചെലവ് കൂടുതലായി എന്നാണ്. ഈ മേഖലയിലെ ബിസിനസുകാർ പറയുന്നത് വിപണിയിൽ ഇവയ്ക്കെല്ലാംകൂടി 30 കോടി രൂപ ചെലവ് വരുമെന്നാണ്. അതാണ് 68 കോടി രൂപയ്ക്ക് വിതരണം ചെയ്യുന്നത്!
കെ-ഫോണിൽ തുടക്കം
മറ്റൊരു കാര്യം കെ-ഫോൺ പദ്ധതിയിൽ നിന്നാണ് ഇത്തരമൊരു കോസ്റ്റ് ക്വട്ടേഷൻ ആരംഭിച്ചത് എന്നതാണ്. കൂടാതെ, പല ഇടപാടുകളിലും പ്രധാന വിതരണക്കാർക്ക് പ്രത്യേക കരാറുകൾക്കു കീഴിൽ ഉപകോൺട്രാക്ടർമാർ ഉണ്ടായത് പ്രാഥമിക നിയമന നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ്. ഈ വിതരണക്കാരിൽ ചിലർ പരസ്പര ധാരണയിൽ പ്രവർത്തിക്കുകയും കൂടിയാലോചിച്ച് ക്വട്ടേഷനുകൾ നൽകുകയും ചെയ്തതായി ആരോപണമുണ്ട്. കൃത്യമായ വസ്തുതകളും കണക്കുകളും നടപടിക്രമങ്ങളും വ്യക്തമാക്കുന്നതിന് ഒരു അംഗീകൃത അന്വേഷണം ആവശ്യമാണ്. ഒരു കരാർ നൽകുമ്പോഴോ ബിസിനസ് ഇടപാടിൽ ഏർപ്പെടുമ്പോഴോ സാധാരണയായി പ്രായോഗികമല്ലാത്ത പ്രവൃത്തികൾക്ക് ഉത്തരവാദികളായവരെ കണ്ടെത്താൻ അത്തരമൊരു അന്വേഷണം ഉപകരിക്കും.
ആരോപണങ്ങൾ ഉയർന്ന് കുറച്ച് ദിവസങ്ങൾക്കുശേഷം വിഷയത്തിൽ വകുപ്പുതല അന്വേഷണത്തിന് പ്രഖ്യാപനമുണ്ടായി. എന്നാൽ, ഒരു മുതിർന്ന സർക്കാർ സെക്രട്ടറിക്ക് എങ്ങനെയാണ് ഇത്തരം ആരോപണങ്ങളിലേക്ക് കടക്കാനും വസ്തുതകൾ പുറത്തുകൊണ്ടുവരാനും നിലവിലെ അവസ്ഥയിൽ ഉത്തരവാദികളെ കണ്ടെത്താനും കഴിയുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ ഊഹാപോഹങ്ങൾ മാത്രമാണ് ഇത് ഉയർത്തുന്നത്. അല്ലെങ്കിൽ ധനവകുപ്പിന്റെ അഭിപ്രായങ്ങൾ ലംഘിച്ച് തീരുമാനമെടുത്താൽ എന്തായിരിക്കും വിശദീകരണം? വിശദമായ അന്വേഷണം നടത്തിയാൽ കൂടുതൽ വസ്തുതകൾ പുറത്തുവരാം. എന്നാൽ കൂടുതൽ വർഷത്തെ സർവീസ് ശേഷിക്കുന്ന ഒരു സീനിയർ സെക്രട്ടറിക്ക് സത്യം പുറത്തുകൊണ്ടുവരുന്നത് എളുപ്പമല്ല. സത്യം വളരെ വിലപ്പെട്ടതാണെന്നും അതിന്റെ ഉപയോഗത്തിൽ നമുക്ക് ലാഭമുണ്ടാക്കാം എന്നുമുള്ള പഴയ നർമോപദേശം പലരും ഓർമിപ്പിച്ചേക്കാം.
മൗനിബാബയായി പിണറായി
വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകേണ്ടതില്ലെന്ന എൽഡിഎഫ് നിലപാടിനൊപ്പം ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. ചിലപ്പോൾ ഓർമ വളരെ ചെറുതാണ്. ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചും അമേരിക്കൻ കമ്പനിയുടെ റിപ്പോർട്ട് പുറത്തുവന്നശേഷം തന്റെ കമ്പനികളുടെ നടത്തിപ്പിന് അദാനി എങ്ങനെയാണ് വൻതുക സമാഹരിക്കുന്നതെന്നും വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് ഏതാനും മാസങ്ങൾക്കു മുമ്പാണ്.
ഈ വിഷയത്തിൽ മോദി മൗനിബാബയുടെറോളിലായിരുന്നു എന്നുമാത്രമല്ല പാർലമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ധനകാര്യബില്ലും മറ്റു പല ബില്ലുകളും ചർച്ച ചെയ്യാതെ പാസാക്കുകയും ചെയ്തു! അതെ, എല്ലാം ജനാധിപത്യ സമ്പ്രദായങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ചെലവിൽ. എല്ലാത്തിനുമുപരി, സുതാര്യത ജനാധിപത്യത്തിന്റെ സത്തയാണെന്ന് എല്ലാവരും വിലമതിക്കണം! എഐ കാമറ പദ്ധതിയെക്കുറിച്ച് ആധികാരിക സ്രോതസുകളിൽനിന്ന് സത്യസന്ധമായ വിശദീകരണം ലഭിച്ചിരുന്നെങ്കിൽ, മുഴുവൻ പ്രശ്നവും സംസ്ഥാന നിയമസഭയിലെ ചർച്ചയിലൂടെയോ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും തമ്മിലുള്ള ചർച്ചയിലൂടെയോ കൈകാര്യം ചെയ്യാമായിരുന്നു. വാസ്തവത്തിൽ, നിശബ്ദത ആശയക്കുഴപ്പം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്.
തൃപ്തി നൽകാത്ത വിശദീകരണം
ബുദ്ധിമാനും മിടുക്കനുമായ മുഖ്യമന്ത്രി പിണറായി വിജയൻ പെട്ടെന്ന് യാഥാർഥ്യം തിരിച്ചറിഞ്ഞു, “ചില സ്ഥാപിത താത്പര്യക്കാർ പുകമറ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു, ഒരു വിഭാഗം മാധ്യമങ്ങളും അവരുടെ ശ്രമത്തിന് പിന്തുണ നൽകുന്നു. ജനങ്ങൾ ഭരണത്തിൽ സംതൃപ്തരായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതുപോരാ, കേരളം അഴിമതിയില്ലാത്ത സംസ്ഥാനമായി മാറണം...
ദുർബലമായ സാമ്പത്തിക പശ്ചാത്തലമുണ്ടായിട്ടും വികസന പ്രവർത്തനങ്ങളിൽ സംസ്ഥാനം വിട്ടുവീഴ്ച ചെയ്തില്ല. 2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സർക്കാർ വിരുദ്ധ പ്രചാരണങ്ങൾക്കിടയിലും ജനങ്ങൾ എൽഡിഎഫിനൊപ്പം നിന്നു.” “അവർ (യുഡിഎഫും ബിജെപിയും) ധിക്കാരപൂർവം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഏർപ്പെടുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലുള്ളവർ യുഡിഎഫ് സംസ്കാരം പങ്കിടുന്നവരല്ലാത്തതിനാൽ അത് വെറുതെ നടക്കില്ല.’’ അദ്ദേഹം കൂട്ടിച്ചേർത്തു. അവർ പറയുന്നത് ജനങ്ങൾ വിശ്വസിക്കാത്തതിനാൽ പ്രതിപക്ഷത്തിന്റെ കള്ളക്കണക്കുകൾ വിലപ്പോവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരം ഇടപാടുകളിലൂടെ മകന്റെ ഭാര്യാപിതാവിന് നേട്ടമുണ്ടാക്കിയതടക്കമുള്ള ആരോപണങ്ങൾക്ക് വിശദീകരണം നൽകാത്തതിനാൽ മുഖ്യമന്ത്രിയുടെ പ്രതികരണം മിക്ക മലയാളികളെയും തൃപ്തിപ്പെടുത്തിയേക്കില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾക്ക് രാഷ്ട്രീയ വിശദീകരണം മറുപടിയാകില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പണം വളരെ വലുതും സാധാരണക്കാരന്റെ പോക്കറ്റുകൾ കാലിയാക്കുന്നതുമായതിനാൽ വ്യക്തമായ വിശദീകരണങ്ങൾ ആവശ്യമാണ്.
ഒരു ഹൈക്കോടതി ജഡ്ജിയുടെയോ അത്തരമൊരു അഥോറിറ്റിയുടെയോ മേൽനോട്ടത്തിലുള്ള വ്യക്തമായ സമയപരിധിയുള്ള വിശ്വസനീയമായ അന്വേഷണത്തിനു മാത്രമേ വസ്തുതകൾ പുറത്തുകൊണ്ടുവരാനും ഈ അഴിമതിക്ക് പിന്നിലെ പ്രതികളെ തിരിച്ചറിയാനും കഴിയൂ. അല്ലെങ്കിൽ അങ്ങനെയൊരു അന്വേഷണത്തിലൂടെ അഴിമതി നടന്നിട്ടുണ്ടോ ഇല്ലയോ എന്നു കണ്ടെത്തി വസ്തുതകൾ പുറത്തുകൊണ്ടുവരാനാകും. വെറുമൊരു അന്വേഷണത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. അന്വേഷണം എന്നാൽ അർഥമാക്കുന്നത് ‘ഔപചാരിക രീതിയിൽ വിവരങ്ങൾ തേടുക, അന്വേഷിക്കുക അല്ലെങ്കിൽ പൊതുവായ രീതിയിൽ ചോദിക്കുക’ എന്നതാണ്. ഒരു ജുഡീഷൽ അഥോറിറ്റിക്ക് ഔപചാരികമായി വിവരങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ നേടാനും കഴിയും. അത്തരം ഉത്തരങ്ങൾ വിശ്വസനീയമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമയപരിധിയും പ്രധാനമാണ്. സംസ്ഥാനത്തിന്റെ ഇന്നത്തെ സാഹചര്യം കണക്കിലെടുത്താൽ, ജനങ്ങളുടെ ആഗ്രഹമാണ് സത്യം കണ്ടെത്തുക എന്നത്. ചില അവസരങ്ങളിൽ സാമാന്യബുദ്ധി സാധാരണമാണ്. നിലവിലെ സാഹചര്യങ്ങൾക്കുള്ള ഉത്തരം അതാണ്.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ