രക്തസാക്ഷികൾ ഉണ്ടാകുന്നത്
Sunday, May 28, 2023 12:12 AM IST
അനന്തപുരി /ദ്വിജന്
ക്രൈസ്തവരക്തസാക്ഷികൾ ഉണ്ടാകുന്നത് രാഷ്ട്രീയക്കാരെപ്പോലെ ആരോടും വഴക്കുണ്ടാക്കുവാൻ പോയതുകൊണ്ടോ, പോലീസിനെ ഭയന്ന് ഓടി പാലത്തിൽനിന്നു വീണോ ഒന്നുമല്ലെന്ന് തലശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി അതിരൂപതയിലെ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ സമ്മേളനത്തിൽ ഓർമിപ്പിച്ചത് കേരളത്തിലെ സിപിഎമ്മുകാർക്ക് വല്ലാതെ കൊണ്ടു. പിതാവ് രക്തസാക്ഷികളെ അപമാനിച്ചതിന് മാപ്പു പറയണമെന്നുവരെ അവരുടെ ഒരു നേതാവ് പറഞ്ഞു. ഡിവൈഎഫ്ഐക്കാരും എന്തൊക്കെയോ പറഞ്ഞു.
ആർച്ച്ബിഷപ് എങ്ങനെ രക്തസാക്ഷികളെ അപമാനിച്ചുവെന്നും സത്യം പറയുന്നതിന് എന്തിന് മാപ്പു പറയണമെന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സഖാക്കൾക്കായില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ രക്തസാക്ഷികൾ വലിയ സംവാദവിഷയമായി.
ലോകചരിത്രത്തിൽ ഇന്നുവരെ ഏറ്റവുമധികം രക്തസാക്ഷികൾക്ക് അമ്മയായിട്ടുള്ള സമൂഹമാണ് ക്രൈസ്തവസഭ. ഈ രക്തസാക്ഷികളാരും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരല്ല. അവർ ആരോടും പകയോടെ മരിച്ചവരുമല്ല. അവരുടെ പേരിൽ ആരും കലാപങ്ങൾ ഉണ്ടാക്കിയിട്ടുമില്ല.
ഇവരിൽ 1995 ഫെബ്രുവരി 25ന് മധ്യപ്രദേശിലെ ഉദയനഗറിൽനിന്നു ഇൻഡോറിലേക്കുള്ള യാത്രാമധ്യേ ബസിൽ വച്ച് 40 കുത്തേറ്റ് മരിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയും 2015 ഫെബ്രുവരി 12ന് ഇസ്ലാമിക തീവ്രവാദികൾ പുറത്തുവിട്ട വീഡിയോയിൽ ചിത്രീകരിക്കപ്പെട്ടിരുന്ന ലിബിയയിൽ വച്ച് കശാപ്പു ചെയ്യപ്പെട്ട ഈജിപ്തുകാരായ 21 ക്രൈസ്തവരും സമകാലീന സമൂഹത്തിന്റെ ഓർമയിലെ സുവർണപൂക്കളാണ്. ഇവരാരും ആരോടും കലാപത്തിനുപോയി കൊല്ലപ്പെട്ടവരല്ല. യേശുവിനെ രക്ഷകനും കർത്താവുമായി വിശ്വസിക്കുകയും വിശ്വാസം ഏറ്റുപറയുകയും ചെയ്തതുകൊണ്ട് വധിക്കപ്പെട്ടവരാണ്. ആരോടും വഴക്കിട്ടല്ല മരിച്ചത്. അവരുടെ മരണത്തിന്റെ പേരിൽ ഒരു കലാപവും ആരും ഉണ്ടാക്കിയതുമില്ല.
സുവിശേഷത്തിലെ അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കപ്പെടുന്ന വിശുദ്ധ എസ്തഫാനോസ് മുതൽ എത്രയോ രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണാണു സഭ. കോപാക്രാന്തരായി കൊല്ലാൻ നിൽക്കുന്നവരെ നോക്കാതെ അവർ പരിശുദ്ധാത്മാവ് നിറഞ്ഞ് സ്വർഗത്തിലേക്കു നോക്കുന്നവരാണ്. കർത്താവേ ഈ പാപം അവരുടെമേൽ ആരോപിക്കരുതേയെന്നു കൊലയാളികൾക്കുവേണ്ടി പ്രാർത്ഥിച്ചു മരിക്കുന്നവരാണ്. ഇവരെപ്പോലാണോ എതിരാളിയെ കൊല്ലാൻ ഓടിക്കുന്പോൾ അവൻ പ്രാണഭയം കൊണ്ട് നടത്തുന്ന കുത്തിൽ മരിക്കുന്ന ‘രക്തസാക്ഷി..!’
ഗാന്ധിയും ഇന്ദിരയും രാജീവും
ഭാരതം എന്നും ആദരവോടെ ഓർക്കുന്ന പുണ്യനാമങ്ങളാണ് ഭാരതത്തിലെ മഹാരക്തസാക്ഷികളായ മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. 1948 ജനുവരി 30ന് ന്യൂഡൽഹിയിലെ ബിർളാ ഹൗസിലെ സർവമത പ്രാർത്ഥനയ്ക്കെത്തിയ മഹാത്മാഗാന്ധിയെ ഹിന്ദു തീവ്രവാദിയായ നാഥുറാം ഗോഡ്സെ വെടിവച്ചു കൊന്നതും1984 ഒക്ടോബർ 31 ന് രാവിലെ 9.30ന് ന്യൂഡൽഹിയിലെ സഫ്ദർജംഗ് റോഡിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായിരുന്ന സിക്ക് തീവ്രവാദികളായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരാൽ കൊല്ലപ്പെട്ടതും 1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപതൂരിൽ വച്ച് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെട്ടതും രാഷ്ട്രം അത്യാദരവോടെ ഓർമിക്കുന്ന രക്തസാക്ഷിത്വങ്ങളാണ്. ഇതുപോലെയാണോ കേരളത്തിലെ സഖാക്കൾ ഉണ്ടാക്കുന്ന “രക്തസാക്ഷികൾ?’
രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടുന്നത്
കേരളത്തിൽ സിപിഎം ഉണ്ടാക്കുന്ന രക്തസാക്ഷികളുടെ എത്രയോ കഥകൾ ഇന്നും ജനങ്ങളുടെ ഓർമയിലുണ്ട്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി 2012 മേയ് 26ന് നടത്തിയ പ്രസംഗത്തിൽ അവർ എങ്ങനെ രക്തസാക്ഷികളെ ഉണ്ടാക്കുന്നുവെന്ന് തുറന്നുപറഞ്ഞു. “ശാന്തന്പാറ, രാജാക്കാട് മേഖലകളിൽ പോലീസിന്റെയും ഗുണ്ടകളുടെയും സഹായത്തോടെ ഐഎൻടിയുസി ഉണ്ടാക്കുവാൻ കോണ്ഗ്രസ് നോക്കി. ഞങ്ങൾ ആദ്യം 13 പേരുടെ ലിസ്റ്റുണ്ടാക്കി. വണ്, ടു, ത്രി ആദ്യത്തെ മൂന്നുപേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു, രണ്ടാമനെ കുത്തിക്കൊന്നു, മൂന്നാമത്തവനെ അടിച്ചുകൊന്നു..’’ മണി പറഞ്ഞ ഒന്നാമൻ അഞ്ചേരി ബേബി എന്ന കോണ്ഗ്രസുകാരനായിരുന്നു. 1982 നവംബർ 13ന് വെടിയേറ്റു മരിച്ചു. രണ്ടാമൻ 1983 ജനുവരി 16ന് കൊല്ലപ്പെട്ട മുല്ലച്ചിറ മത്തായിയും മൂന്നാമൻ 1983 ജൂണ് ആറിനു കൊല്ലപ്പെട്ട മുട്ടുകാട് നാണപ്പനുമായിരുന്നു. മൂന്നുപേരെയും കൊന്നത് സിപിഎം പ്രവർത്തകരുമായിരുന്നു.
ഇതു മണി പറഞ്ഞത് 2012 മേയ് നാലിന് ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനെ പരാമർശിച്ചായിരുന്നു. പാർട്ടി ഇങ്ങനെ ചെയ്യുമെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. 51 വെട്ടുകളോടെയാണ് ടി.പി. ചന്ദ്രശേഖരനെ സഖാക്കൾ കൊന്നത്. 1999 ഡിസംബർ ഒന്നിന് കൂത്തുപറന്പിലെ മൊകേരി ഈസ്റ്റ് യുപി സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് സിപിഎമ്മൂകാർ വെട്ടിക്കൊന്ന യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററും 2019 ഫെബ്രുവരി 17ന് കാസർഗോഡ് പെരിയയിൽ കൊലചെയ്യപ്പെട്ട 19കാരനായ കൃപേഷും 24 കാരനായ ശരത് ലാലുമെല്ലാം സഖാക്കൾ എങ്ങനെ രക്തസക്ഷികളെ സൃഷ്ടിക്കുന്നുവെന്നതിന്റെ കഥ പറയുന്നു.
യു.കെ. കുഞ്ഞിരാമനും പി.ടി. തോമസും
സിപിഎമ്മിന്റെ രക്തസാക്ഷികളിലെ ചെന്പു തെളിയിച്ച സംഭവമാണ് തലശേരി കലാപത്തിലെ രക്തസാക്ഷിയായി സിപിഎം ഇപ്പോഴും വാഴ്ത്തുന്ന യു.കെ. കുഞ്ഞിരാമന്റെ കഥ.. ഹിന്ദു തീവ്രവാദികളിൽനിന്നു മുസ്ലിംകളെ രക്ഷിക്കുന്നതിനും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനുമാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടതെന്ന് ഇന്നും പറയുന്ന സിപിഎമ്മുകാരുണ്ട്. എന്നാൽ പി.ടി. തോമസ് ഇതുസംബന്ധിച്ച രേഖകളുമായി നിയമസഭയിൽ എത്തുകയും കള്ളുഷാപ്പിൽ നടന്ന അടിപിടിയിലാണ് കുഞ്ഞിരാമൻ മരിച്ചതെന്ന് സംശയമില്ലാതെ വ്യക്തമാക്കുകയും ചെയ്തിരുന്നു. തോമസിനെ പുലഭ്യം പറഞ്ഞുകൊണ്ട് സിപിഎം സഖാക്കൾ എഴുന്നേറ്റെങ്കിലും തോമസ് പറഞ്ഞതു സത്യവിരുദ്ധമെന്ന് തെളിയിച്ചു സഭാരേഖകളിൽനിന്നു നീക്കം ചെയ്യാൻ നോക്കിയതുമില്ല.
കൂത്തുപറന്പിലെ കുട്ടികൾ
സിപിഎം ഏറെക്കാലം കേരളത്തിലാകെ കൊണ്ടുനടന്ന രക്തസാക്ഷികളാണ് കൂത്തുപറന്പിലെ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട അഞ്ച് യുവാക്കൾ. സഖാക്കളുടെ ഭാഷയിൽ രക്തസാക്ഷികൾ. 1994 നവംബർ 25നാണു സംഭവമുണ്ടായത്. അവിടെ അർബൻ ബാങ്കിന്റെ ഈവനിംഗ് ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ സഹകരണമന്ത്രി എം.വി. രാഘവനെ ഡിവൈഎഫ്ഐക്കാർ തടഞ്ഞു.
പരിയാരത്ത് സ്വാശ്രയ സഹകരണ മെഡിക്കൽ കോളജ് തുടങ്ങാനുള്ള തീരുമാനത്തിനെതിരേയായിരുന്നു പ്രതിഷേധം. മന്ത്രിയെ രക്ഷിക്കാൻവേണ്ടി പോലീസ് നടത്തിയ വെടിവയ്പിൽ അഞ്ചു യുവാക്കൾ കൊല്ലപ്പെട്ടു. കെ.കെ. രാജീവൻ, മധു, ഷിബുലാൽ, ബാബു, റോഷൻ എന്നിവരാണു കൊല്ലപ്പെട്ടത്. ഇവർ മരിച്ചതും അക്രമസമരത്തിൽപ്പെട്ടതിനാണ്.
പിന്നീട് എം.വി. രാഘവന്റെ മകൻ നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുവാൻ കൂത്തുപറന്പിലെ സഖാക്കൾക്ക് ജയ് വിളിക്കേണ്ടി വന്നു. പാർട്ടിതന്നെ പരിയാരത്തെ മെഡിക്കൽ കോളജിന്റെ ഭരണവും പിടിച്ചെടുത്തു. സ്വാശ്രയകോളജുകളും സ്വന്തമാക്കി. കൂത്തുപറന്പിൽ മരിച്ചവർ രക്തസാക്ഷികളാണെങ്കിൽ അവരോടു പാർട്ടി കാണിച്ച മഹാ ആദരമാണിത്.!
പൈനാവിലെ ധീരജും മഹാരാജാസിലെ അഭിമന്യുവും
2022ൽ ഇടുക്കിയിൽ പൈനാവിൽ കൊല്ലപ്പെട്ട ധീരജ് എന്ന 21 കാരനാണ് അടുത്ത രക്തസാക്ഷി. പൈനാവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയായിരുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘട്ടനത്തെ തുടർന്നുണ്ടായ ആക്രമണത്തിലാണ് മരിച്ചത്. പൈനാവിലെ സർക്കാർ എൻജിനിയറിംഗ് കോളജിൽ നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തിയ യൂത്ത് കോണ്ഗ്രസ് നേതാവായ നിഖിൽ പൈലിയെ സിപിഎം സംഘം കൊല്ലാനായി ഓടിച്ചപ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ നിഖിൽ നടത്തിയ ശ്രമമായിരുന്നു ആ കൊലപാതകമെന്നാണു കോണ്ഗ്രസ് ഭാഷ്യം. കാന്പസിനു പുറത്താണു സംഭവം നടന്നത്. പക്ഷേ, ധീരജ് രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ തളിപ്പറന്പ് തൃച്ചംബരത്തുള്ള വീടിനു മുന്നിൽ സിപിഎം വാങ്ങിയ എട്ടു സെന്റ് സ്ഥലത്താണ് ധീരജിന് കുഴിമാടമുണ്ടാക്കിയത്.
2018 ജൂലൈ രണ്ടിന് മഹാരാജാസ് കോളജ് ഹോസ്റ്റലിൽവച്ച് മുസ്ലിം തീവ്രവാദികളാൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവാണ് അഭിമന്യു. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുവാൻ പാർട്ടി സമാഹരിച്ചത് 3.2 കോടി രൂപ. ഇതിൽ മൂന്നിലൊന്നുപോലും കുടുംബത്തിന് കൊടുത്തില്ല. പാർട്ടി ഭരിച്ചിട്ടും കൊലപാതകക്കേസിലെ പ്രതികളെ പിടികൂടാൻ പോലീസും തീക്ഷ്ണത കാട്ടിയില്ല. അവസാനം പ്രധാന പ്രതികൾ വന്നു കീഴടങ്ങിയപ്പോൾ അറസ്റ്റ് ചെയ്തു. ഈ തീവ്രവാദികൾക്കു സർക്കാർ സംരക്ഷണം കിട്ടുന്നുവെന്ന ചിന്തയാണ് സമൂഹത്തിൽ പടരുന്നത്. ഇതെല്ലാമാണു പാർട്ടി രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിന്റെയും അവരെ ആദരിക്കുന്നതിന്റെയും സമാകാലീന ചിത്രങ്ങൾ.
പാവങ്ങൾ.. രക്തസാക്ഷികൾ
ഒരിടത്തും പക്ഷേ പാർട്ടിയുടെ സമുന്നതരായ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ല. 1972 സെപ്റ്റംബർ 23ന് തൃശൂരിൽ കമ്മ്യൂണിസ്റ്റ് യൂണിറ്റി സെന്ററിന്റെ ഓഫീസിനു മുന്നിൽവച്ച് കൊലചെയ്യപ്പെട്ട അഴീക്കോടൻ രാഘവൻ ഒഴികെ (അതും അവരുടെ രക്തസാക്ഷി ലിസ്റ്റിന്റെ സവിശേഷത.) ജീവൻ കൊടുക്കേണ്ടിവരുന്നത് പാവപ്പെട്ടവർക്കു മാത്രം.
ക്രൈസ്തവസഭയിലോ യേശു കുരിശിലേറ്റപ്പെട്ടു. 12 ശ്ലീഹന്മാരിൽ 11 പേരും കൊല്ലപ്പെട്ടു. എത്രയോ മാർപാപ്പമാർ, കർദിനാൾമാർ, തോമസ് മൂറിനെപ്പോലുള്ള ഭരണതന്ത്രജ്ഞർ, രാജാക്കന്മാർ.. യേശുവിനുവേണ്ടി ജീവനർപ്പിച്ചവരിൽ ഏറെയും പ്രമുഖരായിരുന്നു. പൗരസ്ത്യസഭകളിലെ മെത്രാഭിഷേക ശുശ്രൂഷയിലെ ഓക്സിയോസ് പ്രാർത്ഥനയുടെ പശ്ചാത്തലവും ഇതാണത്രെ. സിംഹാസനത്തിലിരുത്തി മെത്രാനെ ഉയർത്തുന്പോൾ ചൊല്ലുന്ന ഓക്സിയോസ് എന്ന പദത്തിന്റെ അർത്ഥം “ഇവൻ യോഗ്യനാകുന്നു’’ എന്നാണ്. ഇവൻ രക്തസാക്ഷിയാകുവാൻ യോഗ്യനാകുന്നു എന്നാണ് അതിനർത്ഥം.
വല്ലാത്ത തീപിടിത്തങ്ങൾ, നിൽക്കാൻ പഠിക്കുന്ന കള്ളന്മാർ
ഇടതുസർക്കാരിനെതിരേ വൻ അഴിമതിയാരോപണങ്ങൾ ഉയരുന്പോൾ ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിച്ചിരുന്ന സർക്കാർ ഓഫീസുകളിൽ തീപിടിത്തമുണ്ടാകുക സാധാരണയായിട്ടുണ്ട്. സെക്രട്ടേറിയറ്റിലുംആരോഗ്യവകുപ്പിന്റെ ഓഫീസുകളിലുമൊക്കെ തീ വരുന്നു. തീപിടിത്തത്തെ അത്യാഹിതമായി ചിത്രീകരിക്കുകയും അതുമൂലം ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്യാറുണ്ട് സർക്കാർ. എന്നാൽ കട്ട സഖാക്കളല്ലാത്ത ജനത്തിന് അത്ര വിശ്വാസം വരുന്നില്ല. കോണ്ഫിഡൻഷ്യലും സൂപ്പർ സെൻസിറ്റീവുമായ ഫയലുകൾ മാത്രമാണ് ഇപ്പോഴും കടലാസിലുള്ളത്. ബാക്കി 80 ശതമാനവും ഇ- ഫയലുകളാണ്. കോവിഡ് കാലത്തെ ആറായിരം കംപ്യൂട്ടർ ഫയലുകൾ നശിപ്പിച്ചതായി വാർത്തയുണ്ട്.
ഏറ്റവും അടുത്ത കാലത്ത് മെഡിക്കൽ സർവീസ് കോർപറേഷന്റെ രണ്ടു സംഭരണശാലകൾ കത്തിനശിച്ചു. ഒന്ന് കൊല്ലത്ത് ഉളിയാക്കോവിൽ, അടുത്തത് തിരുവനന്തപുരത്ത് മേനംകുളത്ത്. ഉളിയാക്കോവിലിൽ തീപിടിച്ചത് 2023 മേയ് 17 ബുധനാഴ്ചയായിരുന്നു. മേനംകുളത്തെ തീപിടിത്തം മേയ് 22നും. രണ്ടിടത്തും വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് ജീവനക്കാർക്ക് പരിക്കുകളില്ല. ഉളിയാക്കോവിലെ തീ കണ്ടത് രാത്രി 8.45 നായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനാണു തീ കണ്ടത്. 25 അഗ്നിരക്ഷാ സംഘങ്ങൾ പുലർച്ചെ ഒന്നുവരെ ജോലി ചെയ്താണു തീയണച്ചത്.
കോവിഡ് കാലത്തെ കച്ചവടങ്ങൾ
കോവിഡ് കാലത്ത് അമിത വിലയ്ക്കു വാങ്ങിയ ഗ്ലൗസുകളും പിപിഇ കിറ്റുകളും കൊല്ലത്ത് കത്തി. ലോകായുക്ത ജൂണ് 15 ന് വാദം കേൾക്കാനിരിക്കെയാണ് ഈ തീപിടിത്തം. 400നും 500നും ഇടയ്ക്ക് രൂപയ്ക്കു കിട്ടുമായിരുന്ന കിറ്റുകൾ 1550 രൂപ വച്ച് സർക്കാർ വാങ്ങുകയായിരുന്നു. സർക്കാർ ഏഴു രൂപ വില നിശ്ചയിച്ചിരുന്ന ഗ്ലൗസുകൾ മലേഷ്യയിൽനിന്നു ക്വട്ടേഷൻ പോലുമില്ലാതെ 12.15 രൂപയ്ക്ക് ഇറക്കുമതി ചെയ്തു. ഒരു കോടി ഗ്ലൗസാണ് ഇറക്കിയത്. മൂന്നാംപക്കം തുകയും നൽകി. ഇതിനു കരാർ നല്കിയത് പച്ചക്കറി കച്ചവടത്തിനായി ഉണ്ടാക്കിയ കന്പനിക്കാണെന്നും ഇവർക്ക് ആറു കോടി രൂപ മുൻകൂർ കൊടുത്തെന്നുമെല്ലാം ആരോപണങ്ങളുണ്ട്. ഇറക്കുമതി ചെയ്യപ്പെട്ട ഗ്ലൗസുകളിൽ പരമാവധി വിലയോ കാലഹരണപ്പെടുന്ന ദിവസമോ പോലും ഉണ്ടായിരുന്നില്ല. ഇവർക്കെത്തിക്കുവാനായത് 41 ലക്ഷം ഗ്ലൗസുകളാണ്. ബാക്കി 59 ലക്ഷത്തിനു കൊടുത്ത തുക തിരിച്ചുപിടിച്ചതുമില്ല. ഇങ്ങനെ കിട്ടാതെ വന്നവ ടെൻഡർ ചെയ്തപ്പോൾ 8.78 രൂപയ്ക്കു കിട്ടുകയും ചെയ്തു. ഉപയോഗിക്കാത്ത ഗ്ലൗസുകളുടെ ഗുണമേന്മ പരിശോധിക്കപ്പെടുമെന്നു വന്നതോടെയാണു തീപിടിത്തം എന്നാണ് ഒരു വ്യാഖ്യാനം.
സെക്രട്ടേറിയറ്റിലും തീ
നിർമിത ബുദ്ധി കാമറകളുടെ കച്ചവട വിഷയം വന്നപ്പോൾ പൊടുന്നനെ സെക്രട്ടേറിയറ്റിലെ വ്യവസായ വകുപ്പ് ഓഫീസിലും തീയുണ്ടായി. എല്ലാം അണച്ചു. അതുപോലെ അന്വേഷണം നടത്തിക്കൊണ്ടിരുന്ന സെക്രട്ടറിക്കു പെട്ടെന്ന് സ്ഥലംമാറ്റ ഉത്തരവായി. അദ്ദേഹത്തിനു പെട്ടെന്ന് പെട്ടെന്ന് സ്ഥലംമാറ്റങ്ങളായി. റിപ്പോർട്ടിൽ സർക്കാരിനെ ന്യായീകരിച്ചതോടെ അദ്ദേഹം വ്യവസായ വകുപ്പിൽ സെക്രട്ടറിയായി തിരിച്ചെത്തുകയും ചെയ്തു. എന്തോ മണക്കുന്നില്ലേ?
2020 ൽ സ്വർണ കള്ളക്കടത്ത് വിഷയമായ കാലത്ത് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചു. വൈകുന്നേരം 4.45 നാണ് തീ കാണപ്പെട്ടത്. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തവരെ ഓടിയെത്തി. പ്രധാന ഫയലൊന്നും പോയില്ലെന്ന് സർക്കാർ പെട്ടെന്നു കണ്ടെത്തി. അക്കാലത്ത് സ്വർണ കള്ളക്കടത്തിനെക്കുറിച്ച് അന്വേഷിച്ച എൻഐഎ സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ വീടുമായുള്ള ബന്ധം അന്വേഷിക്കുന്നതിന് എല്ലാ സിസിടിവി കാമറകളുടെയും ഒരു വർഷത്തെ ഫൂട്ടേജ് ചോദിച്ചു. അപ്പോഴാണു വന്നത്.. 2020 ഓഗസ്റ്റിൽ നടന്ന ഇടിമിന്നലിൽ മുഖ്യമന്ത്രിയുടെ വീട്ടിലെ എല്ലാ കാമറകളും കേടായിപ്പോയെന്ന്. ഒന്നും ബാക്കിയുണ്ടായില്ല.
കാട്ടുപോത്തുകളുടെ സ്വന്തം മന്ത്രി
കാട്ടുപോത്തുകളുടെ സ്വന്തം മന്ത്രിയാകുകയാണ് കേരളത്തിലെ വനം മന്ത്രി എ.കെ ശശീന്ദ്രൻ. അദ്ദേഹത്തിനു മനുഷ്യർ മരിക്കുന്നത് വിഷയമല്ല. പോത്ത് സുരക്ഷിതമായിരിക്കണമെന്നാണു വാശി. മനുഷ്യജീവനുള്ള അവകാശത്തെക്കുറിച്ച് കേരളത്തിലെ മെത്രാൻസംഘത്തിന്റെ അധ്യക്ഷൻ പറഞ്ഞത് അദ്ദേഹത്തിനു പ്രകോപനപരമായി തോന്നി. വന്യജീവി ആക്രമണം തടയുന്നതിന് സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തുന്ന സമരം ഹണിട്രാപ്പിൽ വീണ ചരിത്രമുള്ള മന്ത്രിക്കു ദഹിക്കുന്നില്ല. ഏതായാലും വിഴിഞ്ഞം സമരം പോലെ ഇതു വർഗീയമാക്കുവാൻ സർക്കാർ നോക്കിയില്ല. മേയ് മാസത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു ക്രൈസ്തവരാണെങ്കിലും കൊല്ലപ്പെടുന്നവരെല്ലാം ക്രൈസ്തവരല്ല.
ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരി അടിമകൾ
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ കൊച്ചിയിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ പ്രസംഗിക്കവെ കൊച്ചി സിറ്റി കമ്മീഷണർ കെ. സേതുമാരൻ പറഞ്ഞ ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഇതാ. ഒരു പോലീസ് കമ്മീഷണറുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണത്രെ. കേരളം എത്തിപ്പെട്ടിരിക്കുന്ന വലിയ ദുരന്തത്തിന്റെ നേർചിത്രമാണിത്. പാവം എസ്പി അദ്ദേഹത്തിന് പറയാനല്ലാതെ എന്തു ചെയ്യാനാകും? ഇന്നത്തെ മാതാപിതാക്കൾ എത്തിനിൽക്കുന്ന ഒരു നിസഹായതയാണിത്. ഒന്നോ രണ്ടോ മക്കളാണുള്ളത്. മക്കളെ ഭയന്ന് ഒന്നും പറയാൻ വയ്യാ.
നിയമത്തിന്റെയും പോലീസിന്റെയും സംരക്ഷണം കിട്ടാവുന്ന കുട്ടികളെ തേടിപ്പിടിച്ച് ലഹരിയുടെ അടിമകളാക്കുവാൻ ബോധപൂർവമായ നീക്കം നടക്കുന്നു. സർക്കാരിന്റെ സ്കൂൾ പ്രവേശന ക്രമം ഉപയോഗിച്ച് നന്നായി നടക്കുന്ന സ്കൂളുകളിൽ ലഹരി മാഫിയക്കാർ തങ്ങളുടെ വില്പനക്കാരെ എത്തിക്കുന്നു. അവർ വിതരണം ആരംഭിക്കുന്നു. വിതരണക്കാരെ ഉണ്ടാക്കുന്നു. കുട്ടികളുടെ പ്രൈവസി അവകാശം ഉപയോഗിച്ച് എല്ലാം രഹസ്യമായി സൂക്ഷിക്കുന്നു. അവസാനം ഊരാക്കുടുക്കിലാകുന്പോൾ മാത്രം എല്ലാം പുറത്തുവരുന്നു. ഏതാനും കുട്ടികളുടെ ഉത്തരവാദിത്വം ഓരോ അധ്യാപകനെയും ഏൽപ്പിക്കണം എന്ന മുഖ്യമന്ത്രിയുടെ നിർദേശം നല്ലതാണ്. പക്ഷേ കുട്ടികൾക്ക് ഇന്നുള്ള അവകാശങ്ങൾ വച്ച് അവരെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. ദൈവഭയം ഇല്ലാതാക്കുന്നതും സാമൂഹിക തിന്മകൾ വർധിക്കുവാൻ കാരണമാകുന്നു.