ഉത്തരമില്ലാത്ത ചോദ്യങ്ങളും ഇടതു സർക്കാരും
Saturday, September 2, 2023 11:04 PM IST
അനന്തപുരി /ദ്വിജന്
തിരുവോണത്തോടനുബന്ധിച്ച് കളമശേരിയിൽ നടന്ന കാർഷികോത്സവമായിരുന്നു വേദി. കൃഷിമന്ത്രി പി. പ്രസാദും വ്യവസായമന്ത്രി പി. രാജീവും സന്നിഹിതരായിരുന്നു. അവിടെ പ്രസംഗിച്ച സിനിമാനടൻ ജയസൂര്യ ചില സത്യങ്ങൾ പറഞ്ഞു, ചില ചോദ്യങ്ങൾ ചോദിച്ചു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ. കാർഷിക മേഖലയുടെ പ്രശ്നങ്ങൾ ശരിക്കറിയുന്ന മന്ത്രിയാണ് പ്രസാദ് എന്നതും സത്യം. സിപിഐയുടെ കൃഷിമന്ത്രിമാരായിരുന്ന എം.എൻ, വി.വി. രാഘവൻ തുടങ്ങിയവരുടെ തലത്തിലേക്ക് ഉയരുന്ന ഒരു മന്ത്രി. പക്ഷേ അദ്ദേഹത്തിനും ഏറെ പരിമിതികളുണ്ട്. ഒരു ഹെലിക്കോപ്റ്റർ വാടകയ്ക്കെടുത്ത് വെറുതെ ഇട്ട് 22 കോടി ധൂർത്തടിക്കുന്നതടക്കം ധൂർത്തുകളുടെ പല അവതാരങ്ങളും പ്രത്യക്ഷപ്പെടുന്ന ഇക്കാലത്ത് കർഷകനു കൊടുക്കാൻ സർക്കാർ അദ്ദേഹത്തിന് പണം കൊടുക്കുന്നില്ല. അതാണു വിഷയം. നെല്ലു കൊടുത്ത കർഷകനു പണം കിട്ടുന്നില്ല. കുറേപ്പേർക്കു കൊടുക്കാനുണ്ടെന്ന് പ്രസാദും സമ്മതിക്കുന്നു. ഇടതുമുന്നണിയുടെ ശക്തനായ തന്ത്രജ്ഞൻ പി. രാജീവ് ക്ഷണിച്ചതുകൊണ്ടാണ് ജയസൂര്യ ചടങ്ങിനെത്തിയതും പ്രസംഗിക്കാൻ തയാറായതും.
കർഷകരെ ആദരിക്കണം
ജനത്തെ അന്നമൂട്ടാൻ ചെളി പുരളുന്നവന് എന്ത് അംഗീകാരമാണുള്ളത്. ഓണക്കാലത്ത് ശന്പളത്തിനു പുറമെ സർക്കാർ ജീവനക്കാർക്കു ബോണസും വായ്പയും കൊടുക്കാൻ 400 കോടി കണ്ടെത്തിയ സർക്കാരിന് നെൽക്കർഷകന്റെ കുടിശിക കൊടുക്കാൻ പണമില്ലപോലും! ഇതാണ് കർഷകസ്നേഹം! കർഷകൻ ആദരിക്കപ്പെടണം. അവന്റെ വിളവിന് നല്ല വില കിട്ടണം. സർക്കാർ അവരുടെ മക്കൾക്ക് ഉന്നതപഠനത്തിനും ജോലിക്കും വരെ സംവരണം ഏർപ്പെടുത്തണം. ഒരു കൃഷിമന്ത്രി മാത്രം നോക്കിയാൽ നടക്കുന്ന കാര്യമല്ലിത്. സർക്കാർ തലത്തിലാണ് നീക്കങ്ങൾ വേണ്ടത്.
വൻ വിജയമാണെന്ന്
ജയസൂര്യയുടെ വാക്കുകൾ കേരളം ഒന്നാകെ ഏറ്റെടുത്തപ്പോൾ മന്ത്രിക്കു പ്രതികരിക്കേണ്ടിവന്നു. സർക്കാർ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടി വൻ വിജയമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് അവകാശപ്പെട്ടു. ജയസൂര്യ ആസൂത്രിതമായ തിരക്കഥ അഭിനയിക്കുകയായിരുന്നെന്നും അഭിനയം കേമമായെങ്കിലും സിനിമ പൊട്ടിപ്പോയെന്നും പ്രതികരിച്ചു. കൃഷിയിലൂടെ ഉണ്ടാക്കിയ വരുമാനത്തിലൂടെ ആഡംബര കാർ വാങ്ങിയ യുവാക്കളുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. മന്ത്രി എന്ത് അവകാശപ്പെട്ടാലും സർക്കാർ നെല്ലു വാങ്ങിയ പണത്തിന് തിരുവോണ നാളിൽ ഉപവസിക്കേണ്ടി വന്ന കർഷകർ കേരളം എങ്ങോട്ടാവും എന്നതിന്റെ പ്രതീകമാണ്.
കുഴൽനാടൻ വീണ്ടും ചോദിക്കുന്നു
പിണറായി സർക്കാരിനും പിണറായി കുടുംബത്തിനും എതിരേയുള്ള നീക്കങ്ങളുമായി മാത്യു കുഴൽനാടൻ കേരളം നിറയുകയാണ്. തനിക്കെതിരേ ഉന്നയിക്കുന്ന ഓരോ ആരോപണത്തിനും കൃത്യമായി വിശദീകരണം പറയുന്ന കുഴൽനാടൻ സിപിഎമ്മിന് എതിരായി ഉന്നയിക്കുന്ന ഒരു ചോദ്യത്തിനും മറുപടി പറയാൻ അവർക്കാവുന്നില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുഴൽനാടനെതിരേ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി പറയുന്പോഴും അദ്ദേഹം മുന്നേറി കളിക്കുകയാണ്.
നിയമവിരുദ്ധമായി താൻ ഒരു കെട്ടിടവും പണിതില്ലെന്നും ചിന്നക്കനാലിലെ തന്റെ കെട്ടിടം 100 ശതമാനവും നിയമവിധേയമെന്നും പറഞ്ഞ കുഴൽനാടൻ രേഖകൾ പരിശോധിച്ചു ബോധ്യപ്പെടാൻ എം.വി. ഗോവിന്ദനെ വെല്ലുവിളിച്ചു. ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളാണ് നിയമവിരുദ്ധമായി പണിതിരിക്കുന്നത്- കുഴൽനാടൻ കുറ്റപ്പെടുത്തി. കേരളത്തിൽ നിയമവിരുദ്ധമായി പണിത ഒരു കെട്ടിടം തലസ്ഥാനത്തെ സിപിഎം ആസ്ഥാനമന്ദിരമായ എകെജി സെന്ററാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
എകെജി പഠനഗവേഷണ സ്ഥാപനത്തിനു വേണ്ടി എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരള സർവകലാശാലയുടെ സ്ഥലത്ത് ഏതാനും സെന്റ് ഭൂമി അനുവദിച്ചത്. അനുവദിച്ചതിനേക്കാൾ ഭൂമി പാർട്ടി വളച്ചെടുത്തതായി അക്കാലത്ത് വാർത്തയുണ്ടായിരുന്നു. അതെല്ലാം കെട്ടടങ്ങിയതല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നീട് ഇടതു സർക്കാർ സർവകലാശാലയിൽനിന്നു കുറെ ഭൂമികൂടി എകെജി സെന്ററിനു നിയമപരമായി കൈമാറി. ഇപ്പോഴും സർവകലാശാല നൽകിയതിലും വളരെ കൂടുതൽ ഭൂമി അവരുടെ കൈവശമുണ്ട്.
ഒരു പഠന ഗവേഷണ കേന്ദ്രത്തിനായി കൊടുത്ത സ്ഥലത്ത് പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നു. അതുപോലെ നിരത്തോടു ചേർന്നാണ് കെട്ടിടം. കുഴൽനാടൻ ഉന്നയിച്ച ആരോപണം അടിസ്ഥാനമുള്ളതാണ്. പക്ഷേ അന്വേഷിക്കാനോ സത്യം കണ്ടെത്താനോ ഇന്നത്തെ നിലയിൽ ആരും ശ്രമിക്കില്ല.
വിദേശത്തെ ഒരു സ്ഥാപനത്തിൽ തനിക്കുള്ള 24 ശമാനം ഓഹരിയുടെ മതിപ്പു വിലയാണ് വിദേശത്തുള്ള നിക്ഷേപമായി പറയുന്ന ഒന്പത് കോടി രൂപ അദ്ദേഹം വിശദീകരിച്ചു. ആർക്കു വേണമെങ്കിലും പരിശോധിക്കാം. തോമസ് ഐസക്കിന് താത്പര്യം ഇല്ലെന്നു പറഞ്ഞതുകൊണ്ട് എം.വി. ഗോവിന്ദന് പരിശോധിക്കാം കുഴൽനാടൻ വെല്ലുവിളിച്ചു. അതുപോലെ വീണയുടെ സ്ഥാപനത്തിന്റെ കണക്കുകൾ പരിശോധിക്കാൻ അനുവദിക്കുമോ എന്നതാണ് വിഷയം. വിണയോ ഭർത്താവ് മന്ത്രി റിയാസോ അച്ഛൻ പിണറായിയോ ഒരക്ഷരം പോലും പ്രതികരിക്കുന്നില്ല.
വരവിൽ കവിഞ്ഞ സ്വത്ത് തനിക്കില്ലെന്ന് വെല്ലുവിളിച്ച കുഴൽനാടൻ തനിക്കെതിരേ ആരോപണമുന്നയിച്ച പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് എന്നിവർ വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് പറയാമോ എന്നും വെല്ലുവിളിച്ചു. വർഗീസ് പിറ്റേന്ന് തിരിച്ചടിച്ച് കുഴിയിൽ വീണു. ഞങ്ങളുടെ കണക്കെല്ലാം പാർട്ടിക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്കു വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടോ എന്നു മിണ്ടിയില്ല. താൻ അഭിഭാഷകവൃത്തിക്കു നിരക്കാത്ത ഒരു പണിയും ചെയ്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. കുഴൽനാടൻ ഓരോ ദിവസവും സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരം പറയേണ്ട ചോദ്യങ്ങൾ നിരത്തുകയാണ്. മുഖ്യമന്ത്രിയോ മന്ത്രി റിയാസോ വീണയോപോലെ പ്രമുഖരാരും വായ തുറക്കുന്നില്ല. തുറക്കുന്നവരെല്ലാം വലിയ തിരിച്ചടി വാങ്ങുകയും ചെയ്യുന്നു.
മാനനഷ്ടക്കേസ്
എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനെതിരേ 2.5 കോടി രൂപയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് കുഴൽനാടൻകൂടി അംഗമായ ഡൽഹിയിലെ കെഎൻപിഎം എന്ന ലോ സ്ഥാപനം. ഇല്ലെങ്കിൽ ഏഴു ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം എന്നാണ് കന്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങൾക്ക് ദുബായിൽ ഓഫീസ് ഇല്ലെന്നും കള്ളപ്പണ ഇടപാട് ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കുഴൽനാടന്റെ കന്പനി കേസു കൊടുത്തിരിക്കുന്നത്. അത്തരം കേസുകൾക്കൊന്നും കുഴൽനാടന്റെ എതിരാളികൾ ധൈര്യം കാണിക്കുന്നില്ല. കോടതിയിൽ എത്തിക്കിട്ടിയാൽ തെളിവുകളുമായി വേറെ പലരും എത്തുമെന്ന് അവർക്കറിയാം.
മൊയ്തീൻ കുടുങ്ങിയോ?
300 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ചോദ്യം ചെയ്യലിനു വിളിച്ച മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ ആദ്യത്തെ അവസരത്തിൽ ചോദ്യം ചെയ്യലിനു ഹാജരായില്ല. 10 വർഷത്തെ ആദായനികുതി കണക്കുകളുമായി എത്താനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വീണ്ടും ചെല്ലാനാണു പറഞ്ഞിരിക്കുന്നത്. ഇഡി കുരുക്കുകൾ മുറുക്കുകയാണ്.അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് ചെയ്ത ബന്ധുക്കളുടെ ചോദ്യം ചെയ്യൽ ഇഡി തുടരുകയാണ്. കുരുക്ക് മാരകമാവുമോ എന്ന ഭീതിയുണ്ട്. സ്വത്തുസന്പാദനത്തിനുള്ള ത്വര സഖാക്കൾക്കിടയിൽ വ്യാപകമായതിന്റെ കഥകൾ എല്ലാ ജില്ലകളിലുംനിന്നു വരുന്നു. കട്ടൻകാപ്പിയും പരിപ്പുവടയും ഒന്നും പോരാത്ത കാലത്ത് അതെല്ലാം സ്വാഭാവികം.
ജയസൂര്യയും പെരുന്തോട്ടം പിതാവും
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഞങ്ങളും കൃഷിയിലേക്ക്’എന്ന പ്രസാദിന്റെ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘കൃഷിക്കൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായാണ് കളമശേരിയയിൽ കാർഷികോത്സവം സംഘടിപ്പിക്കപ്പെട്ടത്. ഈ വേദിയിൽ പറഞ്ഞതുകൊണ്ടാണ് ജയസൂര്യ നടത്തിയ രോദനം എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തതും നാട്ടിലാകെ അറിയാനിടയായതും.
കേരളത്തിലെ നെൽക്കർഷകരുടെ ദാരുണ സ്ഥിതിയെക്കുറിച്ച് ജയസൂര്യ അവിടെ പറഞ്ഞത് നാട്ടിൽ കർഷകരെ സ്നേഹിക്കുന്ന എല്ലാവരുംതന്നെ ചൂണ്ടിക്കാണിക്കുന്ന സത്യങ്ങളാണെങ്കിലും അദ്ദേഹം അത് തുറന്നുപറയാൻ ഉപയോഗിച്ച വേദി ആ സത്യങ്ങൾക്കു വല്ലാത്ത തീക്ഷ്ണത ഉണ്ടാക്കി.
തലേന്ന് കുട്ടനാടൻ കർഷകരുടെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സാത്വികനായ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം രാമങ്കരിയിൽ നടത്തിയ പ്രസംഗത്തോളം തീവ്രമായിരുന്നില്ല ജയസൂര്യയുടെ വാക്കുകളെങ്കിലും, ഒരു സർക്കാർ ചടങ്ങിൽ രണ്ടു മന്ത്രിമാരെ സാക്ഷിയാക്കിക്കൊണ്ട് അദ്ദേഹം അക്കാര്യങ്ങൾ തുറന്നുപറഞ്ഞതിലൂടെ പറഞ്ഞ കാര്യങ്ങൾ ലോകം കൗതുകത്തോടെ ശ്രദ്ധിച്ചു.
പെരുന്തോട്ടം പിതാവോ ജയസൂര്യയോ രാഷ്ട്രീയലക്ഷ്യങ്ങൾ ഉള്ളവരാണന്ന് ഇടതുമുന്നണിപോലും കരുതുമെന്ന് തോന്നുന്നില്ല. കർഷകർക്കായി കേന്ദ്രസർക്കാർ തരുന്ന പണംപോലും സംസ്ഥാനം വകമാറ്റി ചെലവാക്കുന്നതായി പെരുന്തോട്ടം പിതാവ് പ്രകടിപ്പിച്ച സന്ദേഹംപോലും ഏറ്റെടുക്കാത്ത മാധ്യമങ്ങൾ ജയസൂര്യയുടെ വാക്കുകൾ കൊണ്ടാടി. അത്ര നിസാരമല്ല ഇക്കാര്യം. കേന്ദ്രം കേരളത്തിന് ഒരു തുകയും കൊടുക്കാനില്ലെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിക്കുന്നു. പണം കിട്ടാനുണ്ടെന്ന് കേരളവും. കൊടുത്ത പണം ഉപയോഗിച്ചതിന്റെ കണക്കു കൊടുത്തിട്ടില്ലെന്നതാണ് അടുത്ത വാദം. സത്യം എന്തെന്ന് ജനം അറിയാൻ ഇടയാക്കണം. അതു വേറൊരു വിവാദം.