അറിയപ്പെടാതെ പോയ രക്തസാക്ഷികൾ
Wednesday, September 20, 2023 10:46 PM IST
അഡ്വ. ലെഡ്ഗർ ബാവ
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ മൂന്നു രക്തസാക്ഷികളാണ് ലൂക്ക, മത്തായി, ഡാനിയൽ. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തെത്തുടർന്ന് ശംഖുമുഖത്ത് സർ സിപിയുടെ പോലീസ് നടത്തിയ വെടിവെയ്പ്പിലാണ് ഇവർക്കു ജീവൻ നഷ്ടടമായത്. മഹാരാജാവിന്റെ പരമാധികാരത്തിന് വിധേയമായി ഉത്തരവാദിത്വഭരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് ഉത്തരവാദിത്വ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഇതോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗം സർ സിപി നിരോധിച്ചു.
വാൻ റോസ് ജംഗ്ഷനിലെ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി സീൽ വച്ചു. അവിടുത്തെ രേഖകൾ പോലീസ് ചുട്ടുകരിച്ചു. പട്ടം താണുപിള്ളയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ സഹോദരൻ കെ. പത്മനാഭപിള്ള പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകി. പത്മനാഭപിള്ളയും അറസ്റ്റ് ചെയ്യപ്പെട്ടു. ജനങ്ങൾ രോഷാകുലരായി. 1938 ഓഗസ്റ്റ് 31ന് നെയ്യാറ്റിൻകര ടൗണിൽ പ്രവർത്തകർ പോലീസ് കമ്മീഷണറുടെ കാറിനും ബസിനുംനേരേ കല്ലെറിഞ്ഞു. തുടർന്നുണ്ടായ സംഭവങ്ങൾ വെടിവയ്പ്പിൽ കലാശിച്ചു. വെടിയേറ്റ് മരിച്ച യുവാവായ രാഘവൻ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ രക്തസാക്ഷിയായി. തുടർന്ന് സെപ്റ്റംബർ 21ന് ശംഖുമുഖത്ത് അതിവിപുലമായ പ്രതിഷേധ സമ്മേളനം നടത്താൻ സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചു.
പട്ടം താണുപിള്ള പി.എസ്. നടരാജപിള്ള എൻ.കെ. പത്മനാഭപിള്ള, ആനി മാസ്ക്രീൻ എന്നിവരായിരുന്നു ശംഖുമുഖം സമ്മേളനത്തിൽ പ്രസംഗിക്കുമെന്ന് പ്രചരിച്ചിരുന്നത്. തുറമുഖത്തിന്റെ സാന്നിധ്യം കൊണ്ട് വലിയതുറ പ്രസിദ്ധമായിരുന്നു.
ശംഖുമുഖം വെടിവയ്പ്പിലെ രക്തസാക്ഷിയായ ലൂക്കായുടെ സഹോദരൻ ബെഞ്ചമിനുമായി നടത്തിയ സംഭാഷണങ്ങളിൽനിന്നാണ് ലേഖകന്‍ ഇതുസംബന്ധിച്ച് വിലപ്പെട്ട അറിവുകൾ കിട്ടിയത്. ബഞ്ചമിന് അന്ന് 15 വയസായിരുന്നു. ബഞ്ചമിനും ആ സമരത്തിൽ പങ്കെടുത്തിരുന്നു.
സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭത്തിൽ പങ്കാളികളാകാൻ വലിയതുറയിൽനിന്ന് ഒട്ടേറെ ചെറുപ്പക്കാർ മുന്നോട്ടുവന്നു. അവരിൽ പ്രധാനിയായിരുന്നു ലൂക്ക. വലിയതുറയിൽ ഇന്നത്തെ ഒഎൽജി കുരിശടിയുടെ എതിർവശം കളിമണ്‍ ചുവരുള്ള ഓലമേഞ്ഞ വീട്ടിലെ അന്തോണിയുടെയും മരിയയുടെയും എട്ടു മക്കളിൽ ആറാമൻ. ആറടിയോളം പൊക്കമുള്ള ആ ചെറുപ്പക്കാരൻ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗങ്ങളിലും മറ്റും പങ്കെടുത്തു തുടങ്ങുകയും നാട്ടിലെ മറ്റു ചെറുപ്പക്കാരെ അതിനായി അണിനിരത്തുകയും ചെയ്തതോടെ പോലീസിന്റെ ദിവാൻ അനുകൂലികളായ നാട്ടിലെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയായി. 1938 ഓഗസ്റ്റ് 31ന് നെയ്യാറ്റിൻകരയിൽ നടന്ന സമരപരിപാടികളിൽ ലൂക്കായും കൂട്ടരും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. 1938 സെപ്റ്റംബർ 21ലെ ശംഖുമുഖം മഹാ സമ്മേളനത്തിന് മുന്നോടിയായി 19, 20 തീയതികളിൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി ലൂക്കായും കൂട്ടരും നന്നായി പ്രവർത്തിച്ചു.
ഇതിനിടെ 20ന് ശംഖുമുഖത്ത് പോലീസ് ജീപ്പിൽ എത്തിയ ഡിഎസ്പി സുബ്രഹ്മണ്യ അയ്യരും സംഘവും സമ്മേളനത്തിന്റെ ഒരുക്കങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചപ്പോൾ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവർത്തകർ ജീപ്പ് കത്തിച്ചു. അന്ന് ലൂക്ക ഏറെ വൈകിയാണ് വീട്ടിലെത്തിയത്. എന്നാൽ അതിനുമുന്‍പുതന്നെ വലിയതുറയിലെ അന്നത്തെ പ്രധാന ദിവാൻ അനുകൂല രാഷ്ട്രീയ നേതാവ് ലൂക്കായുടെ അമ്മയെ വന്നു കണ്ട് താക്കീത് നൽകി. ലൂക്കാ ഇപ്പോൾ പോലീസിന്റെ പ്രധാന നോട്ടപ്പുള്ളിയാണ്. നാളത്തെ സമ്മേളനത്തിൽനിന്ന് ലൂക്കായെ നിർബന്ധമായും വിലക്കണം. അല്ലാത്തപക്ഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകും എന്നാണ് പോലീസ് റിപ്പോർട്ട് എന്ന് അദ്ദേഹം ലൂക്കായുടെ അമ്മയെ അറിയിച്ചു.
ലൂക്കായുടെ അമ്മയാകെ അസ്വസ്ഥയായി. സെപ്റ്റംബർ 21ന് രാവിലെ മുതൽ ലൂക്കായെ വീടിനുള്ളിൽ പൂട്ടിയിട്ട് മുൻവശത്ത് അമ്മ കാവൽ ഇരുന്നു. നാട്ടിലെ മറ്റു ചെറുപ്പക്കാരോടൊപ്പം കോണ്‍ഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ ലൂക്കായുടെ സഹോദരൻ ബെഞ്ചമിനും ശംഖുമുഖത്തേക്ക് തിരിച്ചു. എയർപോർട്ടിന്റെ ഇന്നത്തെ പടിഞ്ഞാറെ കവാടത്തിന് വടക്കുഭാഗത്തായാണ് ശംഖുമുഖം സമ്മേളനം നടന്ന സ്ഥലം.
എയർപോർട്ടിന് ഉള്ളിലൂടെയുള്ള ആറാട്ട് റോഡ് മാത്രമേയുള്ളൂ അന്ന് ശംഖുമുഖത്ത് എത്താൻ. അക്കാലത്തെ പല പ്രധാന രാഷ്ട്രീയ യോഗങ്ങളും ശംഖുമുഖത്തെ ഈ മണൽ പരപ്പിലാണ് നടന്നിരുന്നത്. യോഗ സ്ഥലത്തിന് ചുറ്റും തെങ്ങും പനയും അവിടവിടെ കൈതക്കൂട്ടങ്ങളും മാത്രമേയുള്ളൂ. അന്നത്തെ സമ്മേളനം തുടങ്ങുന്നതിനു മുന്നേ സംഘർഷഭരിതമായ അന്തരീക്ഷം.
സമ്മേളനത്തിന് നിശ്ചയിച്ചിരുന്ന സമയം അടുത്തു വന്നപ്പോൾ ലൂക്കായ്ക്ക് അടങ്ങിയിരിക്കാൻ ആയില്ല. അദ്ദേഹം വീടിന്റെ പിൻവശത്തെ മേൽക്കൂര മാറ്റി അമ്മ അറിയാതെ അതുവഴി പുറത്തു ചാടി. ശംഖുമുഖം കടൽ തീരത്തെ സംഘർഷം കണ്ട് കടപ്പുറം വഴി ഓടി അവിടെ എത്തി. കടൽക്കരയിൽ തടിച്ചുകൂടിനിന്ന് ജനക്കൂട്ടം സർ സിപിക്കെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. ലൂക്കാ കുതിരപ്പട്ടാളവുമായി ഏറ്റുമുട്ടാനുള്ള ചങ്കുറപ്പോടെ ജനക്കൂട്ടത്തെ തള്ളിമാറ്റി മുന്നോട്ടു നീങ്ങി. ലൂക്കായെ കണ്ട മാത്രയിൽ കുതിരപ്പുറത്തുനിന്ന് ചാടിയിറങ്ങിയ ഒരു പോലീസ് മേധാവി തോക്ക് ചൂണ്ടി നിറയൊഴിച്ചു. നെഞ്ചിൽ വെടിയേറ്റ ലൂക്കാ നിലത്ത് വീഴാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതു കണ്ടുവെന്നാണ് ബെഞ്ചമിൻ പറഞ്ഞത്.
ഇതിനിടയിൽ ജനക്കൂട്ടം നാലുപാടും ചിതറി ഓടി. മിക്കവരും കടലിലേക്ക് ചാടി. ചിലർ കരിന്പനകളുടെ മറവിൽ നിന്നുകൊണ്ട് പോലീസിനുനേരേ കല്ലെറിഞ്ഞു. കുതിരപ്പട്ടാളം കടൽക്കരവരെ പാഞ്ഞടുത്തു. അപ്പോൾ കടലിൽ വീണുകിടക്കുകയായിരുന്നു മത്തായിയും ഡാനിയേലും.
ഇവർ വടക്കുനിന്ന് വലിയതുറയിൽ കുടിയേറി പാർത്തവരായിരുന്നു. പോലീസ് ഇവരെ കരയിലേക്ക് എടുത്തിട്ടു. ആർത്തിരന്പിയ ജനക്കൂട്ടത്തിന്റെ നിലവിളികൾ വകവയ്ക്കാതെ പോലീസ് മത്തായിയെയും ഡാനിയേലിനെയും കടൽക്കരയിൽ ഇട്ട് അടിച്ചുകൊന്നു. ഇതിനിടെ വെടിയേറ്റ ലൂക്കാ പോലീസിന്റെ കണ്ണിൽപ്പെടാതെ കൈതക്കൂട്ടത്തിനുള്ളിലേക്ക് മറയുന്നത് ചിലർ കണ്ടു. പോലീസ് സന്ധ്യയോടെ മത്തായിയുടെയും ഡാനിയേലിന്റെയും മൃതശരീരങ്ങളുമായി സ്ഥലം വിട്ടു. ആ മൃതശരീരങ്ങൾ നാളിതുവരെ ആരും കണ്ടിട്ടില്ല. തുടർന്ന് നാട്ടുകാർ കൈതക്കാട്ടിനുള്ളിൽനിന്നു ലൂക്കായെ കണ്ടെത്തുന്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ആ രാത്രിയിൽ തന്നെ മൃതദേഹം വലിയതുറ സെന്റ് ആന്റണി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
1938 സെപ്റ്റംബർ 21ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ശംഖുമുഖത്തെ ആദ്യ ഐതിഹാസിക സമ്മേളനത്തിൽവച്ച് ജനം പോലീസുമായി ഏറ്റുമുട്ടി മൂന്നുപേർ മരിച്ചു എന്നല്ലാതെ, ലൂക്കായും മത്തായിയും ഡാനിയേലുമാണ് രക്തസാക്ഷികളെന്നുപോലും ഇന്നുവരെ ഒരു ചരിത്ര പുസ്തകത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.