രാജ്യത്തിന്റെ വിശപ്പകറ്റിയ പ്രതിഭ
Friday, September 29, 2023 2:29 AM IST
സെബിൻ ജോസഫ്
അച്ഛന്റെ വഴിയെ ഡോക്ടറാകാൻ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്ന് സുവോളജി ബിരുദം നേടിയ മങ്കൊന്പ് സാംബശിവൻ സ്വാമിനാഥൻ രാജ്യത്തിന്റെ അന്നദാതാവായി മാറാൻ കാരണം ഭക്ഷ്യക്ഷാമമാണ്.
ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ദുഃസ്വപ്നം എന്നുവിശേഷിപ്പിച്ച 1943ലെ ബംഗാൾ ക്ഷാമം സ്വാമിനാഥനെ കോയന്പത്തൂർ കാർഷിക കോളജിലെത്തിച്ചു. ഇവിടെവച്ച് കോട്ട രാമസ്വാമിയെന്ന ടെന്നീസ്, കിക്കറ്റ് കളിക്കാരനായ പ്രഫസറെ പരിചയപ്പെട്ടതും മറ്റൊരുവഴിത്തിരിവായി. കോട്ട രാമസ്വാമിയിൽനിന്ന് അഗ്രോണമിയെക്കുറിച്ച് കൂടുതൽ അറിഞ്ഞ സ്വാമിനാഥൻ തന്റെ മേഖല അതാണെന്ന് ഉറപ്പിച്ചു. 1950ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ സ്കൂൾ ഓഫ് അഗ്രിക്കൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പിഎച്ച്ഡി നേടി.
1954ൽ ഇന്ത്യയിൽ തിരിച്ചെത്തിയ സ്വാമിനാഥൻ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്ക്കാലിക ചുമതലയിൽ അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ചേർന്നു. ആ വർഷം തന്നെ ന്യൂഡൽഹിയിലെ അഗ്രിക്കച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. ഈ കാലയളവിൽ അഗ്രോണമിസ്റ്റായി നോർമൻ ബോർലോഗുമായി ചേർന്നുള്ള പ്രവർത്തനമാണ് ഇന്ത്യയെ ഹരിത വിപ്ലവത്തിലേക്കg കൈപിടിച്ചു നടത്തിയത്. 1960ൽ രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്പോഴാണ് ഹരിതവിപ്ലവം എന്ന മാജിക്കിലൂടെ രാജ്യത്തെ പാണ്ടികശാലകൾ സ്വാമിനാഥൻ നിറച്ചത്.
പത്തായം നിറച്ച വിപ്ലവം
1968ൽ സ്വാമിനാഥൻ തുടക്കമിട്ട ഹരിതവിപ്ലവം ഇന്ത്യയുടെ കൃഷിജാതകം മാറ്റിമറിച്ചു. പട്ടിണിരാജ്യമായ ഇന്ത്യയുടെ ഗോതന്പ് ഉത്പാദനം ചുരങ്ങിയ കാലം കൊണ്ട് പലമടങ്ങ് ഇരട്ടിയായി. ഭക്ഷ്യവകുപ്പിന്റെ ഗോഡൗണുകൾക്കു സൂക്ഷിക്കാൻ സാധിക്കാത്തതിലും അധികം വിളവ് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കൃഷിയിടം സമ്മാനിച്ചപ്പോൾ ജനങ്ങളുടെയും ഭരണാധികാരികളുടെയും മനം നിറഞ്ഞു. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്ന മാവിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഇടപെട്ട് കുറവ് വരുത്തിയപ്പോൾ ഇന്ത്യ വൻ ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങിയത്.
ഭക്ഷ്യക്ഷാമം നേരിടാൻ ആളുകൾ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കണമെന്ന് 1968ൽ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ആഹ്വാനം ചെയ്തിരുന്നു. ഈ നിലയിലുള്ള രാജ്യത്തെ ഗോതന്പ് കയറ്റുമതിരാജ്യമാക്കിമാറ്റിയത് സ്വാമിനാഥനും ഹരിതവിപ്ലവവുമാണ്. അമേരിക്കയിൽനിന്നുള്ള ധാന്യങ്ങൾ ഇന്ത്യക്കു വേണ്ടെന്നും ഇന്ത്യ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചെന്നും 1971 ഡിസംബറിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയുടെ ഉത്പാദനശേഷി കുറഞ്ഞ പിഎൽ-480 ഗോതന്പു വിത്തുകളാണ് ഇന്ത്യയിൽ അന്നുവരെ കൃഷിചെയ്തുവന്നിരുന്നത്. ഇതിനു പകരം നോർമൻ ബോർലോഗൽ മെക്സിക്കോയിൽ പരീക്ഷിച്ചു വിജയിച്ച അത്യുത്പാദനശേഷിയുള്ള വിത്തിനമായ സൊണേര ഇന്ത്യയിലെത്തിച്ച് സ്വാമിനാഥൻ കൃഷി വിപ്ലവം സൃഷ്ടിച്ചു.
അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും കൃഷിമന്ത്രി സി. സുബ്രഹ്മണ്യവും പൂർണ പിന്തുണ നൽകി. വിദേശവിത്ത് ഇന്ത്യയിൽ കൃഷി ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ആദ്യം സമ്മതിച്ചില്ല. ഇതിനെത്തുടർന്ന് ന്യൂഡൽഹിയിലെ അഞ്ച് ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് വിളവ് കാണിച്ചുകൊടുത്ത് സ്വാമിനാഥൻ അനുമതി നേടി.
കർഷകർക്കു വിത്തും രാസവളവും കീടനാശിനിയും നൽകിയും ശാസ്ത്രീയ ജലസേചനത്തിലൂടെയും പഞ്ചാബിൽനിന്ന് ഹരിതവിപ്ലവും ആരംഭിച്ചു. പതിനായിരക്കണക്കിന് ഡീസൽ പന്പുസെറ്റുകൾ സർക്കാർ ഇതിനായി കർഷകർക്കു വിതരണം ചെയ്തു. ജലദൗർലഭ്യമുള്ള പാടശേഖരങ്ങളിൽ കുഴൽക്കിണറുകൾ കുത്തി. കനാലുകളും ചിറകളും തീർത്ത് ജലമെത്തിച്ചു.
ചോദ്യത്തിന് ഉത്തരം
തമിഴ്നാട്ടിലെ കുഭകോണത്തെയും സ്വന്തം നാടായ കുട്ടനാട്ടിലെയും വയലേലകളിൽ കളിച്ചുവളർന്ന സ്വാമിനാഥൻ ഇതോടെ ചെറുപ്പത്തിൽ തനിക്ക് ഉത്തരമില്ലാതിരുന്ന ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തി. അന്നമൂട്ടുന്ന കർഷകർ എന്തുകൊണ്ടാണ് അരവയർ മാത്രം ആഹാരം കഴിക്കുന്നതെന്നും അവരുടെ ദാരിദ്ര്യം എന്തുകൊണ്ട് മാറുന്നുമില്ലെന്ന് കുഞ്ഞ് സ്വാമിനാഥന്റെ സംശയത്തിന് ഇതോടെ ഉത്തരം ലഭിച്ചു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച ഹരിതവിപ്ലവം നെല്ലിലും ഗോതന്പിലുമായി രാജ്യമൊട്ടാകെ പത്തായങ്ങൾ നിറച്ചു. ഉരുളക്കിഴങ്ങിലും പയർ വർഗങ്ങളിലും ചെറുധാന്യങ്ങളിലും വിപ്ലവം തീർത്തു. ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനും ബംഗ്ലാദേശും ഹരിതവിപ്ലവം ഏറ്റെടുത്തു.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ നായകനായി തിളങ്ങിനിൽക്കുന്പോഴാണ് ഐഎആർഐ മേധാവി സ്ഥാനം രാജിവച്ച് 1981ൽ ഫിലിപ്പീൻസിലെ രാജ്യന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ (ഐആർആർഐ) ഡയറക്ടർ ജനറലായത്. ഐആർആർഐ ഡയറക്ടറായി പ്രവർത്തിക്കുന്ന കാലത്ത് സ്ത്രീകളെ കൃഷിയിലേക്ക് എത്തിക്കുന്നതിനുള്ള സുപ്രധാന നടപടികൾ സ്വീകരിച്ചു.
താങ്ങുവില ഉയർത്തലിനും കാരണക്കാരൻ
2004ൽ കർഷകപ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച നാഷണൽ കമ്മീഷൻ ഫോർ ഫാർമേഴ്സിന്റെ ചെയർമാനായും സ്വാമിനാഥൻ പ്രവർത്തിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കർഷക ആത്മഹത്യകൾ വർധിച്ച സാഹചര്യത്തിൽ 2006ൽ സ്വാമിനാഥൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വിളകളുടെ താങ്ങുവില ഉയർത്തണമെന്ന് ശിപാർശ ചെയ്തു.
ഉത്പാദനച്ചെലവിന്റെ അന്പതു ശതമാനം താങ്ങുവില വേണമെന്നായിരുന്നു ശിപാർശ. 2007 മുതൽ 2013 വരെ രാജ്യസഭാംഗമായിരുന്ന ഇദ്ദേഹം പാർലമെന്റിലും കർഷകർക്കുവേണ്ടി വാദിച്ചു. വനിതാ കർഷകർക്കായി പാർലമെന്റിൽ സ്വകാര്യബിൽ അവതരിപ്പിക്കുകയും ചെയ്തു.
വിവിധ സർവകലാശാലകൾ 84 ഓണററി ഡോക്ടറേറ്റ് ബിരുദം സ്വാമിനാഥനു സമ്മാനിച്ചിട്ടുണ്ട്.
254 പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഈ പ്രബന്ധങ്ങൾ പല ഗവേഷകരും അവരുടെ ഗവേഷണപ്രബന്ധങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. സമ്മതമില്ലാതെ പ്രബന്ധങ്ങൾ സൈറ്റ് ചെയ്യുന്നതിനെ തമാശരൂപേണ സ്വാമിനാഥൻ വിലക്കിയ സംഭവങ്ങളുമുണ്ട്.