ഇന്ത്യക്കു പ്രായം കൂടുമ്പോൾ
Friday, September 29, 2023 10:53 PM IST
റ്റി.സി. മാത്യു
വൃദ്ധർ കൂടുന്നു, കുട്ടികൾ കുറയുന്നു. കേരളവും ഇന്ത്യയും കടന്നുപോകുന്നത് ഇങ്ങനെയൊരു കാലത്തിലൂടെയാണ്. ഇതു കുറേക്കാലമായി എല്ലാവർക്കും അറിയാം. നാട്ടിൽ വെള്ളിത്തലകൾ കൂടുന്നു. അതു വലിയ വെല്ലുവിളി ഉയർത്തുന്നുവെന്നും അറിയാം. വൃദ്ധരുടെ പരിപാലനം സമൂഹത്തിനു വലിയ ബാധ്യതയായി മാറുന്നു. നിരവധി മാനങ്ങളുള്ള വലിയ വിഷയം.
ഇതുതന്നെയാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023 ൽ ഉള്ളത്. യുഎൻ പോപ്പുലേഷൻ ഫണ്ടും (യുഎൻഎഫ്പിഎ) ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസും (ഐഐപിഎസ് ) ചേർന്നാണു റിപ്പോർട്ട് തയാറാക്കിയത്. 60 വയസ് മുതൽ മുകളിലോട്ടുള്ളവരെയാണു വൃദ്ധരായി കണക്കാക്കുന്നത്.
വൃദ്ധരുടെ എണ്ണം ഇരട്ടിയിലേറെയാകും
റിപ്പോർട്ടിലെ പ്രസക്തമായ കണക്കുകൾ ഇങ്ങനെ:
☛ ഒന്ന്: ഇന്ത്യൻ ജനസംഖ്യയിൽ വൃദ്ധരുടെ അനുപാതം 2022 ലെ 10.5 ശതമാനത്തിൽനിന്ന് 2050-ൽ 20.8 ശതമാനമാകും. വ്യദ്ധരുടെ സംഖ്യ ഇക്കാലത്ത് 14.9 കോടിയിൽനിന്ന് 34.7 കോടിയിലെത്തും.
☛ രണ്ട്: 2100-ൽ രാജ്യത്തെ ജനസംഖ്യയിൽ 36.1 ശതമാനം വൃദ്ധരായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം ഇരുപതുകളിൽനിന്ന് 40 കളിലേക്ക് കടക്കും.
☛ മൂന്ന്: 2046-ൽ രാജ്യത്തു വൃദ്ധരുടെ എണ്ണം കുട്ടികളുടെ (15 വയസിൽ താഴെയുള്ളവരുടെ) എണ്ണത്തേക്കാൾ കൂടുതലാകും.
☛ നാല്: വൃദ്ധ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളം ആ നിലയിൽ തുടരും. 2021-ൽ ജനസംഖ്യയുടെ 16.5 ശതമാനം പേർ കേരളത്തിൽ വൃദ്ധരായിരുന്നു. 2036-ൽ ഇത് 22.8 ശതമാനമാകും.
☛ അഞ്ച്: വാർധക്യത്തിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ സ്ത്രീകൾ കൂടുതൽ മുന്നിലാകും. 2011-ൽ 60 കഴിഞ്ഞ 1000 പുരുഷന്മാർക്ക് 1033 സ്ത്രീകൾ ഉണ്ടായിരുന്നിടത്ത് 2021 ൽ 1061 ആയി.
അടിസ്ഥാനം ഭദ്രമോ?
ഈ കണക്കുകൾ ഞെട്ടിക്കുന്നവയല്ല. എന്നാൽ ഇതിലെ നിഗമനങ്ങളുടെ അടിത്തറ അത്ര ഭദ്രമാണോയെന്ന സംശയമുണ്ട്. 2021 ൽ സെൻസസ് നടക്കാത്തതിനാൽ ജനസംഖ്യാവളർച്ച സംബന്ധിച്ച നിഗമനങ്ങളിൽ വലിയ പിശകുണ്ടാകാം. 2002-2011 കാലത്തെ വളർച്ചത്താേതും പിന്നീട് വിവിധ സർവേകളിൽ കണ്ട വളർച്ചത്തോതും കൂടി കണക്കാക്കി എടുത്ത നിഗമനങ്ങളാണു പിന്നീട് ജനസംഖയെപ്പറ്റിയുള്ളത്. ഒരു ദശകത്തിലെ മാറ്റങ്ങൾ കണക്കിൽ വന്നിരിക്കാനുള്ള സാധ്യതതന്നെ കുറവാണ്. അതു നിഗമനങ്ങളെ സാരമായി തെറ്റിക്കും.
കേരളം ഉദാഹരണമാണ്. കേരളത്തിലെ ജനനനിരക്ക് 2011-ലെ 15.2 ൽനിന്ന് 2021-ൽ 11.94 ആയി കുറഞ്ഞു. (1000 ജനസംഖ്യയ്ക്ക് എത്ര ജനനം എന്നതാണ് ഈ നിരക്ക്). ആ കുറവു കാണാതെ പഴയ നിരക്കു വച്ച് ജനസംഖ്യാവളർച്ചയുടെ നിഗമനം തയാറാക്കിയാൽ വരുന്ന അന്തരം വലുതായിരിക്കും. ജനസംഖ്യാവളർച്ചയുടെ കാര്യത്തിൽ ഇപ്രകാരമുള്ള വിപ്ലവകരമായ മാറ്റങ്ങൾ കണക്കിലെടുക്കാതെ നടത്തിയ സർവേകൾ ആധാരമാക്കിയാണു പല ജനസംഖ്യാ നിഗമനങ്ങളും. ജനനനിരക്ക് കുറഞ്ഞതു കണക്കിലെടുക്കാത്തപ്പോൾ കുട്ടികളുടെ എണ്ണം കുറവാണെന്ന വസ്തുത അവഗണിക്കപ്പെടുന്നു.
വൃദ്ധരാകാൻ കൂടുതൽ പേർ
ഈ പഠനത്തിൽ കാണുന്നതിലും കുറവാകും രാജ്യത്ത് ഇപ്പോഴുള്ളതും വരുംവർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ കുട്ടികളുടെ എണ്ണമെന്നു ചുരുക്കം. അതായത് ഈ റിപ്പോർട്ടിൽ പറയുന്ന 2046 ന് മുന്പുതന്നെ കുട്ടികളേക്കാൾ കൂടുതൽ വൃദ്ധർ ജനസംഖ്യയിൽ ഉണ്ടാകും. കേരളം അടുത്ത ദശകത്തിൽത്തന്നെ ആ അവസ്ഥയിലേക്കു പോകുന്ന വിധമാണു കാര്യങ്ങൾ.
കഴിഞ്ഞ സെൻസസ് കാലയളവിൽ കേരളത്തിന്റെ പ്രതിവർഷ ജനസംഖ്യാ വളർച്ച 0.5 ശതമാനത്തിൽ താഴെയായിരുന്നു. എന്നാൽ വൃദ്ധസംഖ്യ അക്കാലത്തു വർധിച്ചത് 2.3 ശതമാനം തോതിലാണ്. കഴിഞ്ഞ സെൻസസ് കാലയളവ് 2002-2011 ആണ്. അന്നു വാർധക്യത്തിലേക്കു കടന്നത് 1941-50 കളിൽ ജനിച്ചവരാണ്. 1961 മുതലുള്ള മൂന്നു ദശകങ്ങളിലാണ് കേരളം വലിയ ജനസംഖ്യാ കുതിപ്പ് കണ്ടത്. 1962-71 ൽ 44.5 ലക്ഷം, 1972 -81 ൽ 41 ലക്ഷം, 1982-91 ൽ 36.4 ലക്ഷം എന്നതോതിൽ ജനസംഖ്യ വർധിച്ചു. ആ തലമുറകൾ വാർധക്യത്തിലേക്കു കടക്കാനൊരുങ്ങുകയാണ്.
പണിയാൻ ആൾ കുറയുന്നു
അവർ വാർധക്യത്തിലേക്കു കടക്കുമ്പോൾ മറ്റൊന്നു സംഭവിക്കുന്നു. അധ്വാനിക്കാവുന്ന പ്രായക്കാർ കുറയുന്നു. ആ പ്രായവിഭാഗത്തിൽനിന്നു കുറയുന്നവർക്ക് ആനുപാതികമായി പുതിയ ആളുകൾ എത്തുന്നില്ല. കാരണം ജനനങ്ങൾ കുറഞ്ഞു. വളർന്നുവരാനുള്ള കുട്ടികൾ കുറഞ്ഞു.
ജനസംഖ്യ നിലനിർത്താനാവശ്യമായ ജനനത്തോത് (ടിഎഫ് ആർ - ഒരു സ്ത്രീ തന്റെആയുഷ്കാലത്തു നടത്തുന്ന പ്രസവങ്ങളുടെ എണ്ണം) 2.1 ആണ്. 1990ന് മുന്പുതന്നെ കേരളത്തിലെ ടിഎഫ്ആർ രണ്ടിനു താഴെ എത്തിയതാണ്. അതായത് അധ്വാന വിഭാഗത്തിൽനിന്നു വാർധക്യത്തിലേക്കു കടക്കുന്നവർക്കു പകരം അധ്വാനവിഭാഗത്തിലേക്കു കടക്കാൻ വേണ്ടത്ര കുട്ടികളില്ല. ജനസംഖ്യ പ്രായമേറിയതായി മാറുമ്പോൾ വരുന്ന കാതലായ പ്രശ്നം അതാണ്. അധ്വാനിക്കാൻ ആൾ കുറയുന്നു.
പകരം വരുന്നതു ക്രിമിനലുകളോ?
സമ്പത്തുണ്ടായാലും വൃദ്ധജന പരിപാലനമടക്കമുള്ള കാര്യങ്ങൾ ബുദ്ധിമുട്ടാകുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകുന്നതാണ്. യൂറോപ്പും ജപ്പാനുമൊക്കെ നേരിടുന്ന അവസ്ഥ.
ഭാഷ വേണ്ടത്ര പരിചയമില്ലാത്ത അന്യനാട്ടുകാർ വേണ്ടിവരും വൃദ്ധപരിചരണത്തിനടക്കം വിവിധ ജോലികൾക്ക്. മലകൾക്കപ്പുറത്തുനിന്ന് അവരെ കിട്ടാനില്ലെന്നു കേരളവും മറ്റും പണ്ടേ മനസിലാക്കിയതാണ്. യൂറോപ്പ് ചെയ്യുംപോലെ അന്യരാജ്യക്കാരെ വിളിച്ചുവരുത്തേണ്ട സാഹചര്യം വരും. അപ്പോൾ നമ്മുടെ ശീലവും സംസ്കാരവും ഉള്ളവരെ കിട്ടണമെന്നില്ല. ക്രിമിനലുകളോ ഭീകരരോ മതമൗലികവാദികളോ ഒക്കെ വന്നുചേരില്ലെന്നും പറയാനാകില്ല. അതാണല്ലോ കേരളവും യൂറോപ്പുമൊക്കെ മനസിലാക്കിയത്.
സ്ത്രീകൾക്ക് കൂടുതൽ ദുരിതം
നേരത്തേ കാര്യമായി കണക്കാക്കാതിരുന്ന ഒരു വിഷയത്തിലേക്ക് പുതിയ റിപ്പോർട്ട് വെളിച്ചം വീശുന്നുണ്ട്. വൃദ്ധരിൽ സ്ത്രീ അനുപാതം കൂടുതലാണ്. അതുകൂടിവരികയും ചെയ്യുന്നു. പങ്കാളി ഇല്ലാത്തവരും കൂടുന്നു.
ഇന്ത്യൻ പശ്ചാത്തലത്തിൽ സ്ത്രീകൾക്കു വരുമാനമാർഗങ്ങളും ധനകാര്യ ആസ്തികളും കുറവാണ്. പലർക്കും അതില്ല എന്നുതന്നെ പറയാം. സ്വാഭാവികമായും ഇക്കൂട്ടരുടെ പരിപാലനം വലിയ വിഷയമാകും. സർക്കാരുകളുടെ ചുമതല വർധിക്കുകയാണെന്നു വ്യക്തം.
വൃദ്ധജനങ്ങൾക്കു പ്രതീക്ഷിക്കാവുന്ന ശിഷ്ട ആയുസ് കൂടിവരികയാണ്. അതിൽ കൂടുതൽ ശിഷ്ട ആയുസ് ഉള്ളതു സ്ത്രീകൾക്കാണ്. അതായത് വരുമാനം കുറഞ്ഞ വിഭാഗം കൂടുതൽ കാലം ഒറ്റയ്ക്കു കഴിഞ്ഞുകൂടേണ്ടി വരുന്നു.
വൃദ്ധജനസംഖ്യ വേഗം കൂടുന്നു
2022-50 കാലത്തു രാജ്യത്തെ ജനസംഖ്യ 18 ശതമാനം വളർച്ചയാകും കാണിക്കുക എന്നാണു യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ നിഗമനം. എന്നാൽ വൃദ്ധരുടെ സംഖ്യ 134 ശതമാനം കൂടും. അതായത് രാജ്യത്തെ ജനസംഖ്യാവളർച്ചയുടെ തോത് ഗണ്യമായി കുറയും. പക്ഷേ മുൻകാലത്തെ ജനപ്പെരുപ്പത്തിന്റെ ഫലമായി വാർധക്യത്തിലേക്കു കടക്കുന്നവരുടെ എണ്ണം കുറേ ദശകങ്ങളിൽ വർധിച്ചുവരും. 2022-50 കാലത്ത് 80 വയസിലധികം ഉള്ളവരുടെ എണ്ണം 279 ശതമാനം വർധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ജീവിച്ചുതീർക്കാൻ കൂടുതൽ വർഷങ്ങൾ
വൃദ്ധരുടെ ശിഷ്ട ആയുർപ്രതീക്ഷ കൂടിവരികയാണ്. മറ്റു പ്രായക്കാരുടേതുപോലെ 60 വയസ് കഴിഞ്ഞവരിലും സ്ത്രീകൾക്കാണു കൂടുതൽ ആയുസ് പ്രതീക്ഷിക്കാവുന്നതെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അറുപതുകാരുടെ ശിഷ്ട ആയുർപ്രതീക്ഷ (ദേശീയ ശരാശരി) സ്ത്രീകൾക്ക് 19 ഉം പുരുഷന്മാർക്ക് 17.5 ഉം വർഷങ്ങളാണ്. കേരളത്തിൽ 60 വയസായ സ്ത്രീക്ക് 21.7 വർഷംകൂടി പ്രതീക്ഷിക്കാൻ പറ്റുമ്പോൾ പുരുഷന്മാർക്ക് പ്രതീക്ഷിക്കാവുന്നത് 17.6 വർഷം.
75 വയസായവർക്കു ദേശീയതലത്തിൽ 9.1 വർഷംകൂടി ആയുസ് പ്രതീക്ഷിക്കാൻ പറ്റുമ്പോൾ കേരളത്തിൽ 9.9 വർഷം പ്രതീക്ഷിക്കാം. ഒന്നാംസ്ഥാനത്തുള്ള പഞ്ചാബിൽ 12.5 വർഷം കൂടി പ്രതീക്ഷയുണ്ട്.
ആയുസ് കൂടുന്നത് സർക്കാരുകൾക്കു പെൻഷൻ അടക്കമുള്ള ബാധ്യതകൾ കൂടുതൽ വർധിക്കാൻ കാരണമാകും. അതിന്റെ ധനകാര്യ പ്രത്യാഘാതം സർക്കാരുകൾ പഠിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല.