ചെറിയാൻ ഫിലിപ്പും റിയാസും
Sunday, October 24, 2021 12:17 AM IST
ചെ​റി​യാ​ൻ ഫി​ലിപ്പി​നെ​ക്കു​റി​ച്ച് പി​ണ​റാ​യി വ​ള​രെ ന​ല്ല വാ​ക്കു​ക​ളാ​ണു പ​റ​ഞ്ഞ​ത്. "അ​ദ്ദേ​ഹം ഞ​ങ്ങ​ളോ​ട് ന​ന്നാ​യി സ​ഹ​ക​രി​ച്ചു, പു​തി​യ ലൈ​ൻ വ​ല്ല​തും ഉ​ണ്ടോയെന്ന് അ​റി​യി​ല്ല.' റി​യാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർട്ടി ഒ​രു വി​ട്ടുവീ​ഴ്ച​യ്ക്കും ത​യാറ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ചെ​റി​യാ​ൻ ഫി​ലി​പ്പ്

കേ​ര​ള​ത്തി​ലെ വ​ല​ത്-ഇ​ട​തു ചേ​രി​ക​ളി​ലെ പ്ര​മു​ഖ​നാ​യി ഏ​റെക്കാ​ലം വാ​ണി​ട്ടും ഗ​തി​വി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന എ​ല്ലാ പ്ര​മു​ഖ​രു​ടെ​യും സ്വ​ന്ത​മാ​യി​രു​ന്നി​ട്ടും അ​ധി​കാ​ര രാ​ഷ്‌ട്രീയ​ത്തി​ൽ ഏ​റെയൊ​ന്നും നേ​ടാ​നാ​വാ​തെപോ​യ നേ​താ​വാ​ണ് ചെ​റി​യാ​ൻ ഫി​ലി​പ്പ്. ക​ടു​ത്ത ആ​ന്‍റ​ണിഭ​ക്ത​നാ​യി​രു​ന്ന ചെ​റി​യാ​ൻ അ​വ​സാ​നം അ​തി​ലും ക​ടു​ത്ത ക​രു​ണ​ാക​രഭ​ക്ത​നാ​യി. സി​പിഎ​മ്മി​ൽ പി​ണ​റാ​യി​യു​ടെ​യും കോടിയേരിയു​ടെ​യുമെല്ലാം വി​ശ്വ​സ്തനു​മാ​യി​രു​ന്നു.

പ​ക്ഷേ ചെ​റി​യ​ാനു നി​യ​മ​സ​ഭ​യി​ലോ ലോ​ക്സ​ഭ​യി​ലോ എ​ത്താ​നാ​യി​ല്ല. അ​തു ചെ​റി​യാ​നു വി​ധി​ച്ചി​ട്ടി​ല്ലാ​ത്ത വിധമാണ് ജ​ന​വി​ധി​ക​ൾ വ​ന്ന​ത്.​ ആ​ന്‍റ​ണി​യും ക​രു​ണ​ാകര​നും പ​ട​ന​യി​ച്ച 1992ലെ ​കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൂ​ത്ത് ത​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രാ​ളി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ പാ​ർ​ട്ടി​യു​ടെ സ​മു​ന്ന​ത നേ​താ​വാ​ണ് ചെ​റി​യാ​ൻ.

2021 ലെ ​രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ഷ്ട നേ​താ​വാ​യ പി​ണ​റാ​യി ത​ന്നെ രാ​ജ്യ​സ​ഭ​യ​ിലേക്കു വി​ടുമെ​ന്ന് ചെ​റി​യാ​ൻ ആ​ത്മാ​ർ​ഥമാ​യി ആ​ഗ്ര​ഹി​ച്ചു. പ​ക്ഷേ കാ​ര്യ​ത്തോ​ടടു​ത്ത​പ്പോ​ൾ പി​ണറാ​യി​ക്കു ബ്രി​ട്ടാ​സി​നെ സ​ഹാ​യി​ക്കേ​ണ്ടിവ​ന്നു. ചെ​റി​യാ​ൻ ഒൗ​ട്ട്. അ​തോ​ടെ ചെ​റി​യാ​ൻ ത​ന്‍റെ വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി.

ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​തെ, അ​ല്ലെ​ങ്കി​ൽ കു​ഷ്്‌വ​ന്ത് സിം​ഗി​നെ​പ്പോ​ലെ "എ​ല്ലാ​വ​രോ​ടും പ​ക​യോ​ടെ’ സ്വ​ന്തം നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഒ​രു ലോ​കം ഉ​ണ്ടാ​ക്കു​വാ​നാ​ണ് ചെ​റി​യാ​ന്‍റെ പ​രി​പാ​ടി. അ​ത് അ​ദ്ദേ​ഹ​ത്തി​ന് തി​ള​ങ്ങാ​നാ​വു​ന്ന മേ​ഖ​ല ത​ന്നെ​യാ​ണ്.​ കാ​ൽ നൂ​റ്റാ​ണ്ടിനുശേ​ഷ​മു​ള്ള കാ​ല​ത്തെ​ക്കു​റി​ച്ച് ഒ​രു പു​സ്ത​ക​വും സ്വ​ന്തം ചാ​ന​ലും ഒ​ക്കെ തു​ട​ങ്ങി​യാ​ൽ ധാ​രാ​ളം പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​വും.

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ തി​ള​ങ്ങു​ന്പോ​ൾ ചി​ല​പ്പോ​ൾ മ​റ്റ് ആ​ഗ്ര​ഹ​ങ്ങ​ളും സാ​ക്ഷാ​ത്കരി​ക്ക​പ്പെ​ട്ടെ​ന്നു വ​രാം. ഒ​രു ക​ണ്ണു​കൊ​ണ്ടു മാ​ത്രം നോ​ക്കു​ന്ന​വ​രു​ടെ ലോ​ക​ത്ത് ര​ണ്ടു ക​ണ്ണു​ക​ളു​മാ​യി നോ​ക്കു​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഫ​ല​ങ്ങ​ളി​ൽനി​ന്നു​മാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ക.

അ​ദ്ദേ​ഹം പ്ര​ള​യ​ത്തെ​ക്കു​റി​ച്ചു ന​ട​ത്തി​യ നിരീക്ഷ​ണംത​ന്നെ ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​യി. ക​ഴി​ഞ്ഞ പ്ര​ള​യം ക​ഴി​ഞ്ഞ് നെ​ത​ർ​ല​ണ്ടി​ൽ പ​ഠി​ക്കു​വാ​ൻ പോ​യ മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും എ​ന്തു കൊ​ണ്ടു​വ​ന്നു എ​ന്ന ചോ​ദ്യം വ​ള​രെ കൃ​ത്യ​മാ​യി. പി​ണ​റാ​യി എ​ന്ന​ല്ല, മു​ന്പു പ​ഠി​ക്കാ​ൻ പോ​യ​വ​രും കാ​ര്യ​മാ​യി ഒ​ന്നും പ​ഠി​ച്ച​താ​യി കാ​ണാ​നു​ണ്ടാ​വി​ല്ല.

ക​രു​ണാ​ക​ര​നും ആ​ന്‍റ​ണി​യും ഒ​ഴി​കെ​യു​ള്ള മി​ക്ക​വാ​റും മ​ന്ത്രി​മാ​ർ ഭ​ര​കാ​ല​ത്ത് പ​ല​പ​ല കാ​ര​ണ​ങ്ങ​ൾ​ക്കാ​യി വി​ദേ​ശയാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. അ​വ​രി​ൽ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​യാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബ് അ​പ​വാ​ദ​മാ​ണ്. അ​ദ്ദേ​ഹം ചൈ​ന​യി​ൽ പോ​യി വ​ന്ന​തി​ന്‍റെ ഓ​ർ​മ​യാ​ണ് ത​ല​സ്ഥാ​ന​ത്തെ പ്രി​യ​ദ​ർ​ശി​നി പ്ലാ​ന​റ്റോ​റി​യം. സിം​ഗ​പ്പൂ​രി​ൽനി​ന്നു മാ​ലി​ന്യസം​സ്കര​ണം സം​ബ​ന്ധി​ച്ച് പ​ഠി​ച്ചുകൊ​ണ്ടു​വ​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​പ്പാ​ക്കാ​ൻ ആ​രും സ​മ്മ​തി​ച്ചി​ല്ല.
ഭ​വ​നനി​ർ​മാ​ണ മ​ന്ത്രി​യാ​യി​രി​ക്കെ വി​ദേ​ശയാ​ത്ര ന​ട​ത്തി തി​രി​ച്ചുവ​ന്ന മ​ന്ത്രി കെ.​എം. മാ​ണി അ​വി​ടെയൊക്കെ പ്ര​ചാ​ര​ത്തി​ലു​ള്ള പ്രീ ഫാ​ബ്രി​ക്കേ​റ്റ​ഡ് വീ​ടു​ക​ൾ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കുമെ​ന്നു പ​റ​ഞ്ഞിരുന്നെങ്കി​ലും എ​ന്താ​യി എ​ന്നു പി​ന്നീ​ട് കേ​ട്ടി​ട്ടി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ലെ ഷി​ബു ബേ​ബി ​ജോ​ണ്‍ എ​ത്ര​യോ വി​ദേ​ശയാ​ത്ര​ക​ളാ​ണു ന​ട​ത്തി​യ​ത്. എ​ന്തൊ​ക്കെ​യോ കൊ​ണ്ടു​വ​രും എ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വ​ന്ന​താ​യി ക​ണ്ടി​ല്ല. അ​തു​കൊ​ണ്ട് പി​ണ​റാ​യി​യും എ​ന്തെ​ങ്കി​ലും കൊ​ണ്ടു​വ​ന്ന​താ​യി ക​ണ്ടി​ല്ലെ​ന്ന​തി​ൽ ആ​ർ​ക്കും സ​ങ്ക​ടമുണ്ടാ​വാ​നി​ട​യി​ല്ല.

ഇ​നി കോ​ണ്‍​ഗ്ര​സി​ലേ​ക്കു തി​രി​ച്ചുചെ​ന്നാ​ലും ചെ​റി​യാ​നെ അ​വ​ർ സ്വീ​ക​രി​ക്കും. കെ. ​മു​ര​ളീധ​ര​ൻ അ​ട​ക്കമു​ള്ള​വ​ർ സ്വാ​ഗ​തം നേ​ർ​ന്നുക​ഴി​ഞ്ഞു. എ​ങ്കി​ലും ശ​ക്ത​രാ​യ ഗ്രൂ​പ്പ് നേ​താ​ക്ക​ൾ മൗ​ന​ത്തി​ൽ ത​ന്നെ​യാ​ണ്. ആ​രെ​ല്ലാം സ്വാ​ഗ​തം ചെ​യ്താ​ലും ചെ​റി​യാ​ൻ ഇ​റ​ങ്ങി​പ്പോ​ന്ന കാ​ല​ത്തോ​ളം കോ​ണ്‍​ഗ്ര​സി​ൽ ഇ​നി ശ​ക്ത​നാ​വാ​നി​ട​യി​ല്ല. ചെ​റി​യാ​ന്‍റെ ത​ല​മു​റ അ​വി​ടെ​യും ഏ​താ​ണ്ടു പു​റ​ത്താ​യി​ട്ടു​ണ്ട്.​ അ​ന്ന് ആ​ന്‍റ​ണി​യു​ടെ നി​റ​ഞ്ഞ പി​ന്തു​ണ​യി​ൽ ക​ളി​ച്ച ചെ​റി​യാ​ന് തി​രി​ച്ചു ചെ​ന്നാ​ൽ അ​ത്ത​രം ഒ​രു പി​ൻ​ബ​ലം കി​ട്ടാനി​ട​യി​ല്ല.

റി​യാ​സ് വി​വാ​ദം തീ​രു​ന്നി​ല്ല

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സിപി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​നും റി​യാ​സി​ന് ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും സിപിഎ​മ്മി​ലെ മു​റു​മ​റു​പ്പ് ഇ​ല്ലാ​താ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ​ല്ലോ ര​ണ്ടാ​ളും പ​ര​സ്യ​മാ​യി റി​യാ​സി​നെ പി​ന്താ​ങ്ങി​യ​ത്.​ റി​യാ​സി​നെതി​രേ മു​റു​മു​റു​ക്കു​ന്ന​വ​ർ വാ​യ​ട​യ്ക്കു​ന്ന​താ​വും ഇ​ന്ന​ത്തെ നി​ല​യി​ൽ ന​ല്ല​ത്.​ കല്ലേൽ പി​ള​ർ​ക്കു​ന്ന ക​ല്പ​ന​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന സാ​ക്ഷാ​ൽ ഇഎംഎ​സി​നെ പോ​ലും വെ​ല്ലു​വി​ളി​ച്ച വി.​എ​സ് കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ഴു​വ​ൻ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടും അ​ടി​തെ​റ്റിവീ​ണ​ത് കാ​ലം ക​ണ്ട​താ​ണ്.


അ​മ്മ​യു​ടെ വി​ലാ​പം

ത​ട്ടി​ക്കൊ​ണ്ടുപോ​കപ്പെട്ട മ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള അ​മ്മ​മാ​രു​ടെ തേ​ങ്ങ​ലു​ക​ളെ പ​രി​ഹാ​സ​ത്തോ​ടെ നി​ന്ദി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ, സ്വ​ന്തം കു​ഞ്ഞി​നുവേ​ണ്ടി ഒ​ര​മ്മ ന​ട​ത്തു​ന്ന നി​ല​വി​ളി​യു​ടെ വ​ക്താ​ക്ക​ളാ​കു​ന്ന​ത് വി​ധിവൈ​പ​രീ​ത്യം ത​ന്നെ.

ത​ല​സ്ഥാ​ന​ത്തെ പ്ര​മു​ഖ സി​പിഎം കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ഒ​രു യു​വ​തി​യു​ടെ കു​ട്ടി​ക്കുവേ​ണ്ടി​യാ​ണ് ഈ ​നി​ല​വി​ളി.​ ഡി​ഫി നേ​താ​വും സ​ഹ​പ്ര​വ​ർ​ത്ത​ക​നും ഒ​രു കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​യ യു​വാ​വി​ൽനി​ന്നു വി​വാ​ഹ​ത്തി​നു മു​ന്പുത​ന്നെ ഗ​ർ​ഭം ധ​രി​ച്ച​വ​ളാ​ണ് ആ ​പെ​ണ്‍​കു​ട്ടി.​ മ​ക​ളു​ടെ ബ​ന്ധ​ത്തെ അം​ഗീക​രി​ക്കാ​ൻ കു​ടും​ബം ത​യാറാ​യി​ല്ല. സ​മൂഹ​ത്തി​ലും അ​ധി​കാ​രകേ​ന്ദ്ര​ങ്ങ​ളി​ലുമുള്ള സ്വാ​ധീന​വും ഉ​പ​യോ​ഗി​ച്ചു.

ഈ ​യുവതി ഗ​ർ​ഭി​ണി​യാ​കു​ന്ന കാ​ല​ത്ത് ഭ​ർ​ത്താ​വി​നു വേ​റെ ഭാ​ര്യ​യും കു​ഞ്ഞുമുണ്ടാ​യി​രു​ന്നു.​ഏ​തു മാ​താ​പി​താ​ക്ക​ൾ​ക്കാ​ണ് ഇ​ത്ത​രം ഒ​രു ബ​ന്ധ​ത്തെ ന്യാ​യീക​രി​ക്കാ​നാ​വു​ക? പി​ന്നീ​ട് ​അ​യാ​ൾ ആ​ദ്യ​ഭാ​ര്യ​യി​ൽ​നി​ന്നു വി​വാ​ഹ​മോ​ച​നം നേ​ടി ഈ ​പെ​ണ്‍​കു​ട്ടി​യെ കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​ന​ത്തി​നു സ​മ്മ​തി​ച്ച ആ ​യു​വ​തി​യു​ടെ​യും അ​വ​ളു​ടെ കു​ഞ്ഞി​ന്‍റെ​യും സ്ഥി​തി എ​ന്ത്? അ​വ​ർ​ക്കു വേ​റെ ഭ​ർ​ത്താ​വി​നെ കി​ട്ടു​മെ​ന്നു ക​രു​തി​യാ​ലും ആ ​കു​ഞ്ഞി​നു വേ​റെ അ​ച്ഛനെ കി​ട്ടി​ല്ല​ല്ലോ.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ശി​ശു​ക്ഷേ​മ സ​മ​ിതി വ​ഴി ദ​ത്തുന​ൽ​കി നാ​ടു​ക​ട​ത്തി​യെ​ന്നും കു​ഞ്ഞി​നെ വീ​ണ്ടെ​ടു​ത്തു ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വ​തി​യും യു​വാ​വും ഇ​പ്പോ​ൾ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. യുവതിത​ന്നെ സമ്മതപ​ത്രം ന​ൽ​കി​യാ​ണ് കു​ട്ടി​യെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി​യ​തെ​ന്നാ​ണ് വ​ന്നി​ട്ടു​ള്ള മറ്റൊരു വ്യാ​ഖ്യാ​നം.

ഏ​താ​യാ​ലും കു​ഞ്ഞി​നെ ത​ട്ടിയ​ക​റ്റി​യ​വ​ർ​ക്കെ​തി​രേ ഒ​രമ്മ ന​ട​ത്തു​ന്ന രോ​ദ​ന​ത്തി​ന് മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ കി​ട്ടു​ന്ന​ത് ന​ല്ല സൂ​ച​ന​യാ​ണ്. മ​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടുപോ​ക​പ്പെ​ടു​ന്ന അ​മ്മ​മാർക്ക്, മ​ക്ക​ൾ​ക്ക് 18 വ​യ​സു ക​ഴി​ഞ്ഞാ​ൽ പി​ന്നെ ക​ര​യാ​ൻ പോ​ലും അ​വ​കാ​ശ​മി​ല്ലെ​ന്ന് ഇ​നി പ​റ​യു​മോ ആ​വോ?

ന​മ്മു​ടെ കു​ഞ്ഞുങ്ങ​ൾ

നാ​ഷ​ണൽ ക്രൈം ​റി​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2019 ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പ്ര​തി​ക​ളാ​യ 40,000 കേ​സു​ക​ൾ ഇന്ത്യയിൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ര​ണ്ടു മാ​സ​മാ​യി ത​ല​സ്ഥാ​നജി​ല്ല​യി​ലെ ഗ്രാമപ്ര​ദേ​ശ​ത്തെ ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന ഒ​രു സം​ഭ​വം ആ​രെ​യാ​ണ് ആ​കു​ല​പ്പെ​ടു​ത്താ​ത്തത്? ​അ​വി​ടത്തെ ഏ​താ​നും അ​ധ്യാ​പി​ക​മാ​ർ​ക്കും വി​ദ്യാ​ർ​ഥിനി​ക​ൾ​ക്കും ഫോ​ണി​ലൂ​ടെ നിര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും വി​ളി​ക​ളും ഭീ​ഷ​ണി​ക​ളും വ​രു​ന്നു. ഒ​രു ക്ലാ​സി​ലെ 40 വി​ദ്യാ​ർ​ഥിനി​കൾക്കും അ​ഞ്ച് അ​ധ്യാ​പി​ക​മാ​ർ​ക്കു​മാ​ണ് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. സം​ഭ​വം പു​റ​ത്തു പ​റ​യാ​ൻ അ​വ​ർ ത​യാറാ​യ​തോ​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഉ​പ​ഭോ​ക്താ​വി​ന്‍റെ ഒ​രു തി​രി​ച്ച​റി​യ​ൽ വി​വ​ര​വും ല​ഭ്യ​മ​ല്ലാ​ത്ത അ​ശ്ലീ​ല സൈ​റ്റി​ലാ​ണ് ഈ ​കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പി​ക​മാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ന​ല്ക​പ്പെട്ടി​രു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലെ ചി​ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെന്നു ക​ണ്ടെ​ത്തി. ഓ​ണ്‍ ലൈ​ൻ ക്ലാ​സി​നി​ടെ ചി​ത്ര​ങ്ങ​ൾ സ്ക്രീ​ൻ ഷോ​ട്ടാ​യി പ​ക​ർ​ത്തി അ​ശ്ലീല ക​മ​ന്‍റു​ക​ൾ ചേ​ർ​ത്ത് എ​ഡി​റ്റ് ചെ​യ്ത് വി​ദ്യാ​ർ​‌ഥിനി​ക​ൾ ത​ന്നെ ന​ൽ​കു​ന്ന വി​ധ​ത്തി​ൽ സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും അ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ ന​ല്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​വ​സാ​നം കു​റ്റ​വാ​ളി​യാ​യ ആ ​"കൂ​ട്ടു​കാ​ര​ൻ’പോ​ലീ​സ് പി​ടി​യിലാ​യി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തു​കൊ​ണ്ട് കു​റ്റ​വാ​ളി​യു​ടെ പേ​രും വി​വ​ര​ങ്ങ​ളും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​പ്പെ​ടു​ന്നു.​ ഈ വി​ദ്യാ​ർ​ഥിയെ വ​ഴ​ക്കുപ​റ​ഞ്ഞ അ​ധ്യാ​പ​ക​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർഥി​ക്കു ജാമ്യം ​ന​ല്കി​യെ​ങ്കി​ലും ജുവ​നൈ​ൽ ജ​സ്റ്റീസ് ആ​ക്ട​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ സ്വീക​രി​ക്കുമെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു​.

മ​യ​ക്കു​മ​രു​ന്ന്

ത​ല​സ്ഥാ​നന​ഗ​രി കേ​ന്ദ്ര​ീക​രി​ച്ചു ന​ട​ന്ന ഒ​രു മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ത്തി​ലെ പ്ര​തി​ക​ളെ പി​ടികൂടിയി​രു​ന്നു. ബോ​ംബും ക​ത്തി​യും എ​ല്ലാം സ​ഹി​തം അ​ന്ന​ത്തെ പ​ത്ര​ത്തി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ല​ഹ​രി​മ​രു​ന്നാ​യ എംഡിഎംഎ​യു​മാ​യി പി​ടിയിലായ വാ​ർ​ത്ത​യും ഉ​ണ്ടാ​യി​രു​ന്നു. അ​ന്നുത​ന്നെ ഒ​രു പതിനേ​ഴു​കാ​രി​യെ മ​യ​ക്കു​മ​രു​ന്നു കൊ​ടു​ത്ത് കൂ​ട്ട​മാനഭംഗം ന​ട​ത്തി​യ കേ​സി​ൽ കു​റ്റ്യാ​ടി​യ​ിൽ പി​ടി​യിലായ നാ​ലു യു​വാ​ക്ക​ളു​ടെ ക​ഥ​യും ഉ​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം ഇ​റ​ങ്ങി​ച്ചെ​ന്ന യു​വ​തി​യെ മ​യ​ക്കുമ​രു​ന്ന് ക​ല​ർ​ത്തി ശീ​ത​ളപാ​നീയം കൊ​ടു​ത്തശേ​ഷമാ​ണ് കൂ​ട്ടു​കാ​ര​നും കൂ​ട്ടു​കാ​ര​ന്‍റെ കൂ​ട്ടു​കാ​രും ചേ​ർ​ന്ന് മാനഭംഗം ചെയ്തത്.

അനന്തപുരി / ദ്വി​ജ​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.