കേരളത്തിൽ കരളലിയിക്കുന്ന കാഴ്ചകൾ, പുനർനിർമിക്കാൻ യുഎഇ സഹായിക്കും: യൂസഫലി
തൃശൂര്‍ നാട്ടികയിലെ വിവിധ ദുരിതാശ്വാസ ക്യാംപിലെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അന്തേവാസികളെ ആശ്വസിപ്പിക്കുന്നു. പ്രാദേശിക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തു ലക്ഷം രൂപ സംഭാവന ചെയ്താണ് മടങ്ങിയത്. കേരളത്തിലും യുഎഇയിലും രൂപീകരിച്ച വിവിധ ദുരിതാശ്വാസ സമിതികളുടെ പ്രവര്‍ത്തന ഫണ്ടിലേക്കായി ഇതുവരെ 18 കോടി രൂപയാണ് യൂസഫലി സംഭാവന ചെയ്തത്.

യുഎഇ ക്യാബിനറ്റ് ഭാവികാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയെ സന്ദർശിച്ചശേഷം പത്രലേഖകരോടു സംസാരിക്കുകയായിരുന്നു യൂസഫലി. കേരളത്തിലുണ്ടായ ദുരന്തത്തിൽ യുഎഇ ഭരണാധികാരികൾ ഏറെ ദുഖിതരാണ്. കേരളം പുനർനിർമിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. യുഎഇ ഭരണാധികാരികൾ കേരളത്തോടു കാണിക്കുന്ന സഹാനുഭൂതി വിവരണാതീതമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ആരോഗ്യസ്ഥിതി അവഗണിച്ചും പ്രവർത്തിച്ച മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അഭിനന്ദിക്കുന്നു. പ്രധാനമന്ത്രിയും കേരളം സന്ദർശിച്ചു.ഏറെ കാര്യങ്ങൾ ധൃതഗതിയിൽ നടക്കുന്നു. മറ്റു ലോകരാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ എല്ലാവരും ഒത്തൊരുമിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. അല്ലെങ്കിൽ മരണസംഖ്യം ഇനിയും ഉയർന്നേനെ. കഴിഞ്ഞദിവസം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചപ്പോൾ വ്യക്തമായത് ഇതാണ്. ഓരോ സ്ഥലത്തും അതതു പഞ്ചായത്ത് ഭരണസംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഉദ്യോഗസ്ഥർ രാപകലില്ലാതെ അധ്വാനിക്കുകയാണ്. നമ്മുടെ മൽസ്യത്തൊഴിലാളികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.; നമ്മുടെ പട്ടാളക്കാർ രാജ്യത്തിന്റെ അഭിമാനമാണ്. ഇന്ത്യ ഏതു സാഹചര്യത്തെ നേരിടാനും പ്രാപ്തമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് അവരുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു


കേരളത്തിൽ കണ്ടത് കരളലയിക്കുന്ന കാഴ്ചകൾ: യൂസഫലി

ദുരിതാശ്വാസ ക്യാംപുകളിലെ കാഴ്ചകൾ ദയനീയമാണ്. ഭക്ഷണകാര്യങ്ങൾക്ക് ബുദ്ധിമുട്ടില്ല. എന്നാൽ എല്ലായിടവും എത്താൻ പ്രയാസം.അവിടങ്ങളിൽ ഹെലികോപ്റ്ററിൽ ഭക്ഷണവിതരണം നടക്കുന്നുണ്ട്. ക്യാംപുകളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ട്.ഭക്ഷണസാധനങ്ങളും പഴകിയ തുണികളുമൊന്നും നാട്ടിലേക്ക് അയയ്ക്കേണ്ട ആവശ്യമില്ല. അങ്ങനെ അയയ്ക്കേണ്ട സ്ഥലമല്ല കേരളം. 26നു തന്നെ രാജ്യാന്തര വിമാനത്താവളം തുറക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട സമയാണ്.അറബ് സഹോദരങ്ങളും സഹായിക്കാൻ മുന്നോട്ടു വരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.