വിജയവഴിയിൽ വയനാട്ടുകാരൻ വ്യവസായി
Friday, February 25, 2022 3:57 PM IST
ഉറപ്പുള്ള മനസാണ് കൈമുതൽ
യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടുംകൂടി വിദേശത്തേക്ക് വിമാനം കയറുമ്പോൾ സ്വപ്നങ്ങൾ നിറച്ചാർത്തേകിയ മനസുമാത്രമായിരുന്നു അബ്ദുൾനാസർ എന്ന വയനാട്ടുകാരനു കൂട്ട്. സ്വന്തമായി സമ്പാദിക്കണമെന്നതിനൊപ്പം സമൂഹത്തിലെ പാവപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു മനസുനിറയെ.
വ്യവസായ രംഗത്ത് കാലെടുത്തുവയ്ക്കുമ്പോൾ ഉണ്ടാകുന്ന ആശങ്കകളെ നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഏറെയുള്ള ആ മനസ് അകറ്റിനിർത്തിയപ്പോൾ അബ്ദുൾ നാസർ എന്ന പ്രവാസി വ്യവസായി ജനിക്കുകയായിരുന്നു. ഇന്ന് നാസർ എന്ന പേരിനു മുന്നിൽ ലോകമറിയുന്ന വ്യവസായി എന്നുകൂടി ചേർത്തു വായിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഈ വയനാടുകാരന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
ഇപ്പോൾ നിരവധി സ്ഥാപനങ്ങൾ ഇദ്ദേഹം നടത്തുന്നുണ്ട്. അവിടെ നിരവധി ജീവനക്കാരും ഉണ്ട്. അവരെയെല്ലാം സ്വന്തം പോലെ കൊണ്ടുനടക്കുകയാണ് ഇദ്ദേഹം. കഷ്ടപ്പാട് എന്തെന്നറിഞ്ഞ ഇദ്ദേഹത്തിന് ജീവനക്കാരുടെ വിഷമങ്ങൾ അറിയാം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ വളർച്ചയിൽ അവരും തങ്ങളാൽ ആവുന്നത് ചെയ്യുന്നു.
ഇപ്പോൾ നാട്ടിലെത്തി തിരിഞ്ഞുനോക്കുമ്പോൾ എത്തിപ്പിടിക്കാവുന്നതിലും അപ്പുറം നാസർ സ്വന്തമാക്കികഴിഞ്ഞു. അപ്പോഴും നൂതനമായ വ്യവസായ ആശയങ്ങളും അതുവഴി ജീവകാരുണ്യ പ്രവർത്തനവും എങ്ങനെ കൂടുതൽ ഫലപ്രദമായി നടത്താമെന്ന ചിന്തയാണ് അദ്ദേഹത്തിന്റെ മനസുനിറയേ.
അദ്ദേഹവുമായി സംസാരിക്കുമ്പോൾ ലഭിക്കുന്ന പോസിറ്റീവ് എനർജി ഏതൊരാൾക്കും ജീവിതവഴിയിൽ ഏറെ മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അത്രമാത്രം ജീവിതത്തെ പലകോണുകളിൽ നിന്നും പഠിച്ചാണ് നാടറിയപ്പെടുന്ന വ്യവസായി ആയി അദ്ദേഹം മാറിയത്.
തുടക്കം ഹാർഡ്വെയർ ഷോപ്പ്
വയനാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച അബ്ദുൾ നാസറിന് ബിസിനസിനോടായിരുന്നു താത്പര്യം. യൗവനത്തിൽ തന്നെ ഇതിന് തുടക്കമിടാനും അദ്ദേഹം തീരുമാനിച്ചു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പിന്തുണയോടെ നാദാപുരത്ത് ഹാർഡ്വെയർ ഷോപ്പ് ആരംഭിച്ചായിരുന്നു തുടക്കം.
നല്ല രീതിയിൽ പ്രവർത്തിച്ച ഷോപ്പിൽ നിന്ന് ലഭിച്ച ലാഭത്തിലൂടെ മറ്റു ബിസിനസ് സാധ്യതകളെക്കുറിച്ച് നാസർ പഠിക്കാൻ തുടങ്ങി. അതിനിടെയാണ് ബഹ്റിനിലേക്കുള്ള യാത്ര. അവിചാരിതമെന്ന് പറയാനാവില്ലെങ്കിലും ആ യാത്രയിലൂടെ അബ്ദുൾനാസർ എന്ന വയനാട്ടുകാരന്റെ സ്വപ്നങ്ങൾ പൂവണിയുകയായിരുന്നു.
പറന്നിറങ്ങിയത് സ്വപ്നങ്ങളിലേക്ക്
ബിസിനസ് മോഹം മനസിലേറ്റിയാണ് അബ്ദുൾനാസർ ബഹ്റിനിലേക്ക് വിമാനം കയറിയത്. എല്ലാപ്രവാസികളെയുംപോലെ കുടുംബാംഗങ്ങളേയും നാടുംവിട്ടു നിൽക്കുന്നതിന്റെ ആശങ്കകൾ ആവോളം മനസിലൊതുക്കിയാണ് വിമാനമിറങ്ങിയത്. ആഴ്ചകളും മാസങ്ങളും കഴിഞ്ഞതോടെ അബ്ദുൾനാസർ പൂർണമായും പ്രവാസിയായി മാറി.
പുതിയ ലോകവും അവിടുത്തെ ജനങ്ങളേയും അവരുടെ ഇഷ്ടാനിഷ്ടങ്ങളേയും നാസർ അടുത്തറിഞ്ഞുതുടങ്ങി. കൈയിലുള്ള സമ്പാദ്യവും പ്രവാസജീവിതം സമ്മാനിച്ച സമ്പാദ്യവുമെല്ലാം സ്വരുക്കൂട്ടി ബഹ്റിനിൽ ഒരു ഹോട്ടൽ തുടങ്ങാമെന്ന് ഉറപ്പിച്ചു. പുതിയ സംരംഭം തുടങ്ങുന്നതിന് വലിയ കാലതാമസം നേരിടേണ്ടിവന്നിരുന്നില്ല. എല്ലാംശുഭകരമായി ആരംഭിച്ചു.
സജ്ജരായി 25 ജീവനക്കാർ!
അൽനജാ എന്നായിരുന്നു റസ്റ്ററന്റിന്റെ പേര്. ഹോട്ടൽ ബിസിനിസ് ആരംഭിക്കുന്നതിന് മുമ്പ്തന്നെ അബ്ദുൾനാസർ എല്ലാം മുൻകൂട്ടി കണ്ടിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിൽ അതിവിദഗ്ധനല്ലെങ്കിലും മിക്ക ഭക്ഷണപദാർഥങ്ങളുടേയും രുചിയും അവ പാകം ചെയ്യുന്ന രീതിയും മനസിലാക്കിയിരുന്നു. ഏതൊരു സംരംഭം തുടങ്ങുമ്പോഴും അവയെക്കുറിച്ചുള്ള ദീർഘവീക്ഷണം അത്യന്താപേക്ഷിതമാണ്. അതിനാൽ ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചും മറ്റും അവശ്യംവേണ്ട കാര്യങ്ങൾ ആദ്യമേ മനസിലാക്കിവച്ചിരുന്നു.
രാഷ്ട്രഭേദമില്ലാതെ എല്ലാ നാട്ടിൽ നിന്നുള്ളവരേയും തൊഴിലാളികളായി വച്ചു. ഇതിൽ മലയാളികളും ഉണ്ടായിരുന്നു. എല്ലാവർക്കും തുല്യമായ പരിഗണന നൽകാൻ ശ്രമിച്ചു. അതിന് പിന്നിലുമുണ്ട് ചില കാര്യങ്ങൾ... വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ളവരായതിനാൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മറ്റും ഓരോരുത്തരുമാണ് എത്തിയത്. അതിനാൽ എല്ലാകാര്യങ്ങളും അപ്പപ്പോൾ തന്നെ നിറവേറ്റി നൽകി. തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കായി ഒരിക്കൽപോലും സംഘടിതമായി രംഗത്തെത്തിയിരുന്നില്ല. അതിനുള്ള അവസരം ഒരുക്കാതെ മാന്യമായ രീതിയിൽ തന്നെ തൊഴിലെടുക്കാനുള്ള അവസരം ഒരുക്കി.
റിയൽ എസ്റ്റേറ്റിലേക്ക്
ബഹ്റിനിലെ ഹോട്ടൽ വ്യവസായത്തിനിടെ വീണ്ടും നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിച്ചു. എന്ത് ബിസിനസ് ചെയ്യുമെന്ന ആലോചനക്കിടെ റിയൽ എസ്റ്റേറ്റ്മേഖല മനസിൽ തെളിഞ്ഞു. ഒടുവിൽ ഹോട്ടൽ പൂർണമായും കൈവിടാതെ ബംഗളൂരുവിലേക്ക് തിരിച്ചു. അവിടെ രാജധാനി ഡവലപ്പേഴ്സ് എന്നപേരിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനം ആരംഭിച്ചു. അഞ്ചു വർഷത്തോളം റിയൽ എസ്റ്റേറ്റ് മേഖലയിൽ തുടർന്നു. കരുതലോടെയും സൂക്ഷ്മതയോടെയും ചെയ്താൽ വൻ നേട്ടമുണ്ടാക്കാവുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ് എന്ന പാഠമാണ് നാസർ സമൂഹത്തിനു പകർന്നുനൽകുന്നുത്.
നാസ്കോയുടെ ഉത്ഭവം
റിയൽ എസ്റ്റേറ്റ് മേഖലയിലെ വിജയത്തിൽ നിന്നാണ് സിമന്റ് വ്യവസായ മേഖലയെകുറിച്ച് മനസിലാക്കുന്നത്. ഇതോടെ ഇന്ത്യയിലുടനീളം ശൃംഖലയുള്ള ഒരു കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചു. കമ്പനിക്ക് പലപേരുകളും മനസിൽ തെളിഞ്ഞു. എന്നാൽ ഒന്നിലും തൃപ്തിയുണ്ടായില്ല. ഒടുവിൽ സ്വന്തം പേരിനെക്കുറിച്ച് ആലോചിച്ചു. നാസർ എന്നാൽ അറബിയിൽ സഹായം എന്നാണ് അർത്ഥം. ഒടുവിൽ നാസ് എന്ന പേരിൽ പ്രൈവറ്റ്ലിമിറ്റഡ് കമ്പനിയ്ക്ക് രൂപംനൽകി.
ചെന്നൈ ആസ്ഥാനമാക്കിയാണ് കമ്പനി ആരംഭിച്ചത്. ഭാര്യ സുഹറയും മകൾ ആയിഷ ഷിദുവും കമ്പനിയുടെ ഡയറക്ടർമാരാണ്. സാദിഖലി ശിഹാബ് തങ്ങളാണ് ചെയർമാൻ. കോഴിക്കോട് കോ-ഓപ്പറേറ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരുടെ സ്വപ്നങ്ങൾ കണ്ടുംകേട്ടും അവരുടെ മനസിനെ അടുത്തറിഞ്ഞായിരുന്നു നാസർ സിമന്റ് വ്യവസായത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. റിയൽഎസ്റ്റേറ്റ് മേഖല നൽകിയ സംഭാവനകൾ ഈ ആശയത്തിന് മുതൽക്കൂട്ടായി. ഇത് വഴി 5000 പേർക്ക് നേരിട്ട് തൊഴിൽ നൽകാനാവും.
വിലതുച്ഛം... ഗുണമേന്മയുടെ ഉറപ്പ്
ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീടെന്നത്. കേരളത്തിലായാലും ബംഗാളിലായാലും ലോകത്തിന്റെ ഏത് കോണിലുള്ളവർക്കാണെങ്കിലും സുരക്ഷിതമായ വീടെന്നതാണ് പ്രധാന ലക്ഷ്യം. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വിലവർധനയും മറ്റും ഈ മോഹങ്ങൾക്ക് തടസമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തമായൊരു സിമന്റ് കമ്പനിക്ക് രൂപം നൽകാൻ നാസർ തീരുമാനിച്ചത്.
മറ്റു കമ്പനികൾ നൽകുന്നതിനേക്കാൾ ഗുണമേന്മ ഉറപ്പു നൽകിക്കൊണ്ടാണ് നാസ് എന്ന പേരിലുള്ള കമ്പനി വിലക്കുറവിൽ പുതിയ സിമന്റ് വിപണിയിലെത്തിച്ചത്. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും കമ്പനിയുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കും. ഇതിനുപുറമേ നാസ് ടിഎംടിയും വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസരംഗത്തും ജ്വല്ലറി വ്യവസായ മേഖലകളിലും നാസ് വരുംവർഷങ്ങളിൽ സാന്നിധ്യമായി മാറും.
പാവങ്ങൾക്ക് വീടൊരുക്കുന്ന നന്മമരം
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വ്യവസായത്തിലേക്ക് കടന്ന അബ്ദുൾനാസർ ഇന്നു പലർക്കും തണലേകുന്ന നന്മമരമാണ്. നാല് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ ഇന്നും നാസർ തുടരുന്നുണ്ട്. നിരവധി പേർക്ക് വീടുവച്ചു നൽകിയും സമൂഹവിവാഹം നടത്തിയും പഠന സൗകര്യമൊരുക്കിയും അശരണരർക്ക് ആശ്രയമേകിയും നാസർ ഇപ്പോഴും സേവനരംഗത്ത് സജീവമാണ്.
നാസ് എന്ന കമ്പനി രൂപീകരിച്ചതിന് പിന്നാലെ മറ്റൊരു ലക്ഷ്യവും നാസറിന് മുന്നിലുണ്ട്. നാസ് സിമന്റ് വഴി ലഭിക്കുന്ന ലാഭം ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീടുണ്ടാക്കിനൽകാനാണ് തീരുമാനിച്ചത്. അഞ്ചു വർഷത്തിനുള്ളിൽ പാവപ്പെട്ടവർക്കായി 1000 വീടുകൾ വച്ചുനൽകാനാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിലും ഓരോ വീടെന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫുട്ബോൾ ആരാധകനായ നാസർ കുട്ടികളെ കായികമേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.