കാൻസർ ബ്രെഡ് വിറ്റാൽ കർശന നടപടി
കാൻസർ ബ്രെഡ് വിറ്റാൽ കർശന നടപടി
ന്യൂഡൽഹി: കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റ് ചേർത്ത ബ്രെഡുകളുടെ വിൽപ്പന തടയാൻ ഭക്ഷ്യ സുരക്ഷാ അഥോറിറ്റി നടപടിയാരംഭിച്ചു. ഇതിനു പുറമേ കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയ മറ്റൊരു രാസവസ്തുവായ പൊട്ടാസ്യം അയോഡേറ്റിനും ഉടൻ നിരോധനം ഏർപ്പെടുത്തുമെന്നു ഭക്ഷ്യസുരക്ഷാ അഥോറിറ്റി സിഇഒ പവൻകുമാർ അഗർവാൾ ഇന്നലെ വ്യക്‌തമാക്കി. നിരോധിക്കപ്പെട്ട രാസവസ്തുക്കൾ ചേർത്ത ബ്രെഡ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നവർക്കെതിരേ കർശന നപടി സ്വീകരിക്കുമെന്നാണു പവൻകുമാർ അഗർവാൾ പറഞ്ഞത്. ഇതു സംബന്ധിച്ചു സംസ്‌ഥാനങ്ങൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കുന്നതും ഇതു സംബന്ധിച്ചു മാരക രോഗ സാധ്യതകളും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപായി ജനങ്ങൾ പരിഭ്രാന്തരാകുന്നതു കണക്കിലെടുത്ത് കർശന ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി നിർദേശിക്കുന്നു.

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിലാണു രാജ്യത്തു വിറ്റഴിക്കുന്ന പല പ്രമുഖ ബ്രാൻഡ് ബ്രഡുകളിലും മാരക രാസവസ്തുവായ പൊട്ടാസ്യം ബ്രോമേറ്റിന്റെയും പൊട്ടാസ്യം അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയത്.

സിഎസ്ഇയുടെ പഠനറിപ്പോർട്ട് പരിശോധിച്ച ഭക്ഷ്യസുരക്ഷാ അഥോറ്റിയുടെ സയന്റിഫിക് പാനലും പൊട്ടാസ്യം അയോഡേറ്റ് മാരകമാണെന്ന വിലയിരുത്തലാണു നടത്തിയിട്ടുള്ളത്. 28നു ചേരുന്ന പ്രത്യേക യോഗത്തിൽ പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും സംബന്ധിച്ച സിഎസ്ഇയുടെ പഠനറിപ്പോർട്ട് അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിനുശേഷം ഇതു സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ രാജ്യത്ത് അനുമതിയുള്ള പല വസ്തുക്കളും മറ്റു വിദേശരാജ്യത്ത് നിരോധനം നേരിടുന്ന രാസവസ്തുക്കളാണ്. ഈ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ അഥോറിറ്റി ഭക്ഷ്യോത്പന്നങ്ങളിൽ ചേർക്കാൻ അനുമതിയുള്ള വസ്തുക്കളുടെ പട്ടിക പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും അഥോറിറ്റി സിഇഒ വ്യക്‌തമാക്കി.


കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയാണു ബ്രെഡിൽ പൊട്ടാസ്യം ബ്രോമേറ്റ് ചേർക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചത്. പൊട്ടാസ്യം ബ്രോമേറ്റ് ചേർത്ത ബ്രെഡ് ഉത്പന്നങ്ങൾ വിപണിയിൽനിന്നു പൂർണമായും പിൻവലിക്കാൻ കമ്പനികൾക്കു ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇതു പരിശോധിക്കാൻ സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരെ നിയോഗിച്ചെന്നു പവൻകുമാർ അഗർവാൾ വ്യക്‌തമാക്കി.

നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. സംസ്‌ഥാനങ്ങൾക്കു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സൗകര്യങ്ങൾക്കായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പവൻകുമാർ അഗർവാൾ പറഞ്ഞു.

ഇൻസ്റ്റന്റ് നൂഡിൽസിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തും. എംഎസ്ജി ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്താൽ അത് പാക്കറ്റിൽ പ്രത്യേകം പ്രദർശിപ്പിക്കണമെന്നാണു വ്യവസ്‌ഥയെന്നും പവൻകുമാർ പറഞ്ഞു. സിഎസ്ഇയുടെ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്ന പൊട്ടാസ്യം ബ്രോമേറ്റിനു മാത്രമാണു നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പറയുന്ന പൊട്ടാസ്യം അയോഡേറ്റിന്റെ കാര്യത്തിൽ കൂടുതൽ പഠനത്തിനു ശേഷം നടപടിയെന്നാണ് ഭക്ഷ്യസുരക്ഷാ അഥോറിറ്റി നേരത്തേ വ്യക്‌തമാക്കിയിരുന്നത്.

<യ>തയാറാക്കിയത്: സെബി മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.