സിക്സർമാൻ...
പ്രായം 40 ആകാറായെങ്കിലും വെസ്റ്റ് ഇൻഡീസ് വെടിക്കെട്ടുകാരൻ ക്രിസ് ഗെയ്ലിന്റെ ബാറ്റിന്റെ ചൂടിന് ഒട്ടും കുറവില്ല. സിക്സർ പറത്തുന്നത് ഗെയ്ലിന്റെ ഒരു വീക്ക്നസ് ആയി വേണമെങ്കിൽ പറയാം. ലോകകപ്പിൽ ഏറ്റവും അധികം സിക്സർ നേടിയ റിക്കാർഡ് ഇനി വിൻഡീസ് താരത്തിനു സ്വന്തം. ഇന്നലെ പാക്കിസ്ഥാനെതിരേ മൂന്ന് സിക്സർ പറത്തിയ ഗെയ്ൽ ഈ റിക്കാർഡ് സ്വന്തം പേരിൽ കുറിച്ചു. 40 സിക്സറുകൾ ലോകകപ്പിൽ ഗെയ്ൽ ഇതുവരെ പറത്തിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സിന്റെ (37 സിക്സർ) ഒപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു ഗെയ്ൽ ഇതുവരെ. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് ആണ് (31 സിക്സർ) പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലം (29 സിക്സർ), ദക്ഷിണാഫ്രിക്കയുടെ ഹേർഷൽ ഗിബ്സ് (28 സിക്സർ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഏകദിനത്തിൽ ഗെയ്ൽ ഇതുവരെ 317 സിക്സറുകൾ പറത്തിയിട്ടുണ്ട്. 290 മത്സരങ്ങളിലെ 284 ഇന്നിംഗ്സിൽനിന്നാണിത്.