വാർണർ റിട്ടേണ്‍സ്
വിലക്ക്, മാനഹാനി, കുറ്റപ്പെടുത്തലുകൾ, പരിഹാസങ്ങൾ, ഏകാന്ത വാസം... എല്ലാം മനസിൽ സംഗ്രഹിച്ചതിന്റെ അടയാളമാണ് നീട്ടി വളർത്തുന്ന ആ താടി... ഡേവിഡ് വാർണർ എന്ന ഓസ്ട്രേലിയൻ ഓപ്പണർ കഴിഞ്ഞ ഒരു വർഷം രാജ്യാന്തര ക്രിക്കറ്റ് ചിത്രത്തിൽ ഇല്ലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിൽ പന്ത് ചുരണ്ടിയ വിവാദത്തെത്തുടർന്ന് വാർണറെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു. സ്റ്റീവ് സ്മിത്തും കാമറൂണ്‍ ബാൻക്രോഫ്റ്റും വാർണർക്കൊപ്പം സസ്പെൻഷനിലായിരുന്നു.
വാർണറും സ്മിത്തും തിരിച്ചെത്തിയാൽ അവർക്കൊപ്പം കളിക്കാൻ താത്പര്യമില്ലെന്ന് ഓസീസ് ടീമിനുള്ളിൽ ചിലർ പറഞ്ഞു. എന്നാൽ, ഇവരുടെ അഭാവത്തിൽ ഓസീസ് ടീം എത്രമാത്രം അശക്തമാണെന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ തെളിഞ്ഞു. ഇരുവരും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മത്സരമായിരുന്നു ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായത്.
രാജ്യാന്തര മത്സരങ്ങളിലേക്കുള്ള മടങ്ങിവരവ് മാൻ ഓഫ് ദ മാച്ച് ആയാണ് വാർണർ ആഘോഷിച്ചത്. 114 പന്ത് നേരിട്ട് എട്ട് ഫോറിന്റെ സഹായത്തോടെ 89 റണ്‍സ് എടുത്ത് വാർണർ പുറത്താകാതെനിന്നു. ക്ഷമയുടെ പര്യായമായിരുന്നു ആ ഇന്നിംഗ്സ്. അഫ്ഗാൻ മുന്നോട്ടുവച്ച 208 റണ്‍സ് എന്ന ലക്ഷ്യം 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. വാർണറും സ്മിത്തും (18 റണ്‍സ്) മൂന്നാം വിക്കറ്റിൽ 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
2018ൽ അഞ്ച് ഏകദിനങ്ങളിൽ മാത്രമായിരുന്നു വാർണർ ഓസീസ് ജഴ്സി അണിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ പരന്പരയിലായിരുന്നു അത്. 2018 ജനുവരി 28നായിരുന്നു വാർണറുടെ അവസാന ഏകദിനം. ചുരുക്കത്തിൽ 16 മാസത്തെ ഇടവേളയ്ക്കുശേഷമാണ് വാർണർ ഏകദിന കളത്തിലെത്തുന്നത്. ഇക്കാലയളവിൽ ഓസ്ട്രേലിയൻ ടീം 21 ഏകദിനങ്ങൾ കളിച്ചു. കഴിഞ്ഞുപോയതിൽനിന്ന് മുക്തിനേടി മുന്നോട്ടുള്ള പ്രയാണത്തിനാണ് ശ്രമിക്കുന്നതെന്നാണ് വാർണർ മത്സരശേഷം പറഞ്ഞത്.
ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരേ നടന്ന സന്നാഹ മത്സരത്തിൽ കൂക്കുവിളികളോടെയായിരുന്നു വാർണറെ ഇംഗ്ലീഷ് ആരാധകർ വരവേറ്റത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും വാർണറിനു സമാന അനുഭവം നേരിട്ടു. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിലായിരുന്നു താരം. ബൗണ്ടറി ലൈനിനരികിൽവച്ച് ആരാധകർക്കൊപ്പം സെൽഫികൾക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫ് നല്‍കിയും വാർണർ തന്റെ സമയം ആസ്വദിച്ചു.