പണിയെന്നാൽ ഇതാണ് "എക്സ്ട്രാ പണി'..! കിവികളെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി
ഓവൽ: ന്യൂസിലൻഡിനെ വിറപ്പിച്ച് ഒടുവിൽ ബംഗ്ലാദേശ് കീഴടങ്ങി. ബംഗ്ലാദേശിന്റെ 245 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 17 പന്തുകൾ ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെയും (40) അർധ സെഞ്ചുറി നേടിയ റോസ് ടെയ്ലറുടേയും (82) മികവിൽ അനായാസ വിജയത്തിലേക്കു നീങ്ങിയ കിവികളെ അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് സമ്മർദത്തിലാഴ്ത്തിയെങ്കിലും വിജയത്തിലെത്താൻ കഴിഞ്ഞില്ല.
നാല് വിക്കറ്റിന് 191 റൺസെന്ന സുരക്ഷിത നിലയിൽനിന്ന് കിവികളെ എട്ടിന് 238 എന്ന നിലയിലേക്ക് ബംഗ്ലാദേശ് എറിഞ്ഞിട്ടെങ്കിലും വൈഡ് ബോളുകൾ കളിയുടെ ഗതിതിരിച്ചു. അവസാന ഓവറുകളിൽ അഞ്ചിലേറെ റൺസ് എക്സട്രാ ആയി ബംഗ്ലാദേശ് വിട്ടുകൊടുത്തു. മത്സരത്തിൽ ആകെ ഒരു നോബോളും ഒമ്പത് വൈഡുകളുമാണ് ബംഗ്ലാ ബൗളർമാർ വിട്ടുകൊടുത്തത്. ഇതായിരുന്നു കളിയിൽ നിർണായകമായത്.
മാർട്ടിൻ ഗുപ്തിലും (25) കോളിൻ മൺറോയും (24) ഓപ്പണിംഗ് വിക്കറ്റിൽ കവികൾക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പിന്നാലെ എത്തിയ വില്യംസണും ടെയ്ലറും ബംഗ്ലാ ബൗളർമാരെ അനായാസം കൈകാര്യം ചെയ്തു. ടെയ്ലർ 91 പന്തിൽ ഒമ്പതു ബൗണ്ടറി സഹിതമാണ് 82 റൺസെടുത്തത്. ടെയ്ലറാണ് കളിയിലെ കേമൻ. വില്യംസണും ടെയ്ലറും 105 റൺസിന്റെ നിർണായക കൂട്ടുകെട്ട് സൃഷ്ടിച്ചാണ് മടങ്ങിയത്. ഈ കൂട്ടുകെട്ട് മെഹദി ഹസൻ പൊളിച്ചതിനു ശേഷം ബംഗ്ലാദേശ് കളിയിലേക്ക് ശക്തമായി തിരിച്ചെത്തി. തുടരെ വിക്കറ്റ് വീഴ്ത്തി കിവികളെ സമ്മർദത്തിലാഴ്ത്താനും സാധിച്ചു. എന്നാൽ വിട്ടുകൊടുത്ത എക്സ്ട്രാ ബംഗ്ലാദേശിനെ തിരിച്ചുകൊത്തി.
നേരത്തെ നാല് വിക്കറ്റ് നേടിയ മാറ്റ് ഹെൻറിയാണ് ബംഗ്ലാദേശിനെ 244 റൺസിൽ ഒതുക്കിയത്. തമീം ഇക്ബാലും (24) സൗമ്യ സർക്കാരും (25) ചേർന്നു ഭേദപ്പെട്ട തുടക്കം ബംഗ്ലാദേശിനു മുതലാക്കാനായില്ല. ഷാക്കിബ് അൽ ഹസന്റെ (64) അർധ സെഞ്ചുറിയാണ് ബംഗ്ലാദേശിനു ഭേദപ്പെട്ട സ്കോർ നൽകിയത്. മറ്റാർക്കും മുപ്പത് റൺസിനു മുകളിൽ സ്കോർ ചെയ്യാനായില്ല. തുടർച്ചയായ രണ്ടാം ജയത്തോടെ നാല് പോയിന്റുമായി ന്യൂസീലൻഡ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.