ആർത്തലച്ച് "നൈൽ'; വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം
നോട്ടിംഗ്ഹാം: ബാറ്റെടുത്ത അഞ്ച് പേരും രണ്ടക്കം കാണാതെ പുറത്താകുക, പേരുകേട്ട രണ്ട് ബാറ്റ്സ്മാൻമാർ 20ന് താഴെ മാത്രം സ്കോർ ചെയ്യുക....ഈ അവസ്ഥയിൽ ഒരു ടീമിന് നേടാനാകുക താരതമ്യേന ചെറിയർ സ്കോർ മാത്രമാകും എന്നായിരിക്കും ഏതൊരു ആരാധകനും കരുതുക.പക്ഷേ, കങ്കാരുപ്പട ആ ധാരണകൾ തിരുത്തി.
എട്ടാമനായിറങ്ങി വിൻഡീസ് ബൗളർമാരുടെ വീര്യത്തെ അടിച്ചൊതുക്കിയ നാഥൻ കോൾട്ടർനൈലിന്റെയും, "നൈൽ' കുലംകൊത്തിയൊഴുകുമ്പോൾ ഒരറ്റത്ത് നങ്കൂരമിട്ട അലക്സ് കാറെയും മുൻനിരയിൽ താളം കണ്ടെത്തിയ ഏക ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്തിന്റെയും പ്രകടന മികവിൽ, ഓൾഔട്ട് ആയെങ്കിലും 49 ഓവറിൽ ഓസീസ് 288 റൺസ് അടിച്ചെടുത്തു.
ഷെല്‍ഡണ്‍ കോട്രെല്‍ നയിച്ച വിന്‍ഡീസ് പേസ് നിര ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ടീം 79/5 എന്ന നിലയിലേക്ക് വീണിരുന്നു. സ്മിത്തും സ്റ്റോയിനിസുമാണ് ഓസീസിനെ വമ്പൻ തകർച്ചയിൽ നിന്ന് കൈപിടിച്ചുയർത്തിയത്. 41 റണ്‍സ് നേടി കൂട്ടുകെട്ട് മുന്നോട്ട് പോകവെ സ്റ്റോയിനിസ് വീണു. 19 റണ്‍സാണ് താരം നേടിയത്. ആറാം വിക്കറ്റില്‍ സ്മിത്ത്- കാറെ കൂട്ടുകെട്ട് 67 റൺസെടുത്ത് മഞ്ഞപ്പടയെ മുന്നോട്ട് നയിച്ചു.
45 റൺസെടുത്ത കാറെ പുറത്തായതിനു പിന്നാലെയാണ് കോൾട്ടർ നൈൽ എത്തിയത്. അവിടുന്നങ്ങോട്ട് അടിയുടെ പൊടിപൂരമായിരുന്നു. 102 റണ്‍സാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. ഒടുവിൽ 60 പന്തിൽ 92 റൺസ് നേടിയ നൈൽ 49ാം ഓവറിൽ പുറത്താകുമ്പോൾ ഓസീസ് സ്കോർ 284ൽ എത്തിയിരുന്നു.