ബംഗ്ലാദേശിന് ടോസ്; ഇംഗ്ലണ്ടിന് ബാറ്റിംഗ്
കാർഡിഫ്: ലോകകപ്പ് ക്രിക്കറ്റിലെ നിർണായക പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഓൾറൗണ്ടർ മൊയിൻ അലിക്ക് പകരം പേസ് ബൗളർ ലിയാം പ്ലങ്കറ്റിനെ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയിരിക്കുന്നത്. ന്യൂസിലൻഡിനെതിരേ കളിച്ച ടീമിൽ ബംഗ്ലാദേശ് മാറ്റം വരുത്തിയിട്ടില്ല.

ഇരും ടീമിന്‍റെയും മൂന്നാം മത്സരമാണ് നടക്കുന്നത്. ഓരോ ജയവും തോൽവിയുമായി രണ്ടു പോയിന്‍റ് നേടിയിരിക്കുന്ന ഇരു കൂട്ടർക്കും ഇന്ന് ജയം അനിവാര്യമാണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ബംഗ്ലാദേശും ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് വിജയം നേടി. എന്നാൽ ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിൽ അവർ പരാജയം രുചിച്ചു.

2015-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് ക്വാർട്ടർ ബർത്ത് നേടിയത്. ഈ തോൽവിക്ക് കണക്കൂതീർത്ത് വിജയവഴിയിൽ തിരിച്ചെത്താൻ കൂടിയാണ് എയിൻ മോർഗനും സംഘവും കാർഡിഫിൽ ഇറങ്ങുന്നത്.