ട്രെന്റ്ബ്രിഡ്ജിലും "മഴക്കളി'; ഇന്ത്യയും കിവീസും പോയിന്റ് പങ്കിട്ടു
നോട്ടിങാം: ആരാധകരെ നിരാശയിലാഴ്ത്തി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ "മഴക്കളി' തുടരുന്നു. രസംകൊല്ലിയായി ട്രെന്റ്ബ്രിഡ്ജിൽ കാർമേഘങ്ങൾ കൂട്ടംകൂടിയതോടെ ഇന്ത്യ-ന്യൂസിലൻഡ് മത്സരവും ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ സാധിക്കാതെയാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്.
ഇന്ത്യൻ സമയം വൈകുന്നേരം 7.30ന് ഗ്രൗണ്ടിൽ പരിശോധന നടത്തിയ അംപയർമാർ ഈ അവസ്ഥയില്‍ കളി നടത്താന്‍ സാധിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെമഴ തോർന്നപ്പോൾ ഓവർ വെട്ടിച്ചുരുക്കി നടത്താനുള്ള സാധ്യതകളുമായി അംപയർമാർ ഗ്രൗണ്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ വീണ്ടും മഴ എത്തിയതോടെ കളി ഉപേക്ഷിക്കാൻ അംപയർമാർ നിർബന്ധിതരായി.
മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യം കളിച്ച മൂന്ന് കളികളും ജയിച്ച ന്യൂസിലൻഡ് ഏഴു പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്താണ്. ഇന്ത്യ മൂന്നു കളികളിൽനിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു ഉയർന്നു.
മഴയെത്തുടർന്ന് ഈ ലോകകപ്പിൽ ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണം ഇതോടെ നാലായി. ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം ടോസ് ചെയ്യാൻപോലും സാധിക്കാതെ ഉപേക്ഷിച്ചതോടെ മഴയെത്തുടർന്ന് ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ചതിന്റെ റിക്കാർഡ് കുറിക്കപ്പെട്ടിരുന്നു.