മാനം തെളിഞ്ഞു, ടോസിട്ടു; വിൻഡീസിന് ബാറ്റിംഗ്
സതാംപ്റ്റണ്‍: ഒടുവിൽ ഇംഗ്ലീഷ് ആകാശത്ത് സൂര്യൻ ചെറുതായി ഒന്നും ചിരിച്ചു. സതാംപ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. മഴ രസംകൊല്ലിയായി നാല് മത്സരങ്ങൾ തടസപ്പെടുത്തിയ ലോകകപ്പിൽ ഇന്നെങ്കിലും പൂർണമായി കളി നടക്കുമോ എന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.

എവിൻ ലൂയിസ്, ആന്ദ്രേ റസൽ, ഷാനോണ്‍ ഗബ്രിയേൽ എന്നിവർ വിൻഡീസ് ടീമിൽ തിരിച്ചെത്തി. പരിക്ക് മൂലം റസൽ കഴിഞ്ഞ മത്സരത്തിൽ അന്തിമ ഇലവനിലുണ്ടായിരുന്നില്ല. എന്നാൽ ബംഗ്ലാദേശിനെതിരേ വിജയം നേടിയ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്.

മൂന്ന് കളികളിൽ രണ്ടു ജയവും ഒരു തോൽവിയുമായി നാല് പോയിന്‍റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. മൂന്ന് കളികളിൽ നിന്നും മൂന്ന് പോയിന്‍റുള്ള വിൻഡീസ് ആറാം സ്ഥാനത്തും. പാക്കിസ്ഥാനോട് വിജയം നേടിയ വിൻഡീസ് ഓസീസിനോട് പൊരുതി തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്‍റ് ലഭിക്കുകയും ചെയ്തു.