ഫിഞ്ചിന്റെ പഞ്ചിൽ ലങ്ക വീണു; ഓസീസിന് 87 റൺസിന്റെ കിടിലൻ ജയം
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്കു 87 റൺസ് വിജയം. ആരോൺ ഫിഞ്ചിന്റെ (153) സെഞ്ചുറിക്കരുത്തിൽ ഓസീസ് ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം മറികടക്കാൻ ലങ്കയ്ക്കായില്ല. 45.5 ഓവറിൽ ലങ്ക 247 റൺസിന് ഓൾഔട്ടായി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്കു മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനായില്ല. അർധ സെഞ്ചുറി നേടിയ ഓപ്പണർമാരായ ദിമുത്ത് കരുണരത്നയും (97) കുശാൽ പെരേരയും (52) തുടക്കം ലങ്കയ്ക്കു അനുകൂലമാക്കി. ഇരുവരും ചേർന്ന് 115 റൺസ് സ്കോർ ബോർഡിൽ എഴുതിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. എന്നാൽ കുശാൽ പെരേരയും കരുണരത്നയും പുറത്തായതോടെ ലങ്ക തകർന്നു വീണു. ഓപ്പണിംഗ് സഖ്യമല്ലാതെ കുശാൽ മെൻഡിസിനു (30) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ഓസ്ട്രേലിയ വമ്പൻ സ്കോർ സ്വന്തമാക്കിയത്. ഫിഞ്ച് (153) ഒന്നൊന്നര സെഞ്ചുറിയുമായി മുന്നിൽനിന്നു നയിച്ചപ്പോൾ അർധസെഞ്ചുറിയുമായി മുൻ നായകൻ സ്റ്റീവ് സ്മിത്ത് (73) ശക്തമായ പിന്തുണ നൽകി. തുടക്കം ഗംഭീരമായിട്ടും അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞത് വൻ സ്കോറിലേക്കുള്ള ഓസീസിന്റെ വഴിയടച്ചു. തുടക്കം ഡേവിഡ് വാർണറെ (26) കൂട്ടുപിടിച്ചായിരുന്നു ഫിഞ്ചിന്റെ വെടിക്കെട്ട്. ഓപ്പണിംഗ് സഖ്യം 80 റൺസ് അടിച്ചെടുത്തപ്പോൾ ഫിഞ്ചിന്റെ സംഭാവന 49 റൺസായിരുന്നു.
വാർണറും കവാജയും (10) അടുത്തടുത്ത് മടങ്ങിയെങ്കിലും ക്യാപ്റ്റന് മുൻ ക്യാപ്റ്റൻ തുണയെത്തിയപ്പോൾ കളി ലങ്കയുടെ കൈവിട്ടു. മൂന്നാം വിക്കറ്റിൽ ഫിഞ്ചും സ്മിത്തും ചേർന്ന് 173 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 42.3 ഓവറിൽ രണ്ടിന് 273 റൺസ് എന്ന ശക്തമായ നിലയിൽനിന്ന് ഓസീസിനെ അവസാന ഓവറുകളിൽ മലിംഗയുടെ നേതൃത്വത്തിൽ വരിഞ്ഞുകെട്ടാൻ ലങ്കയ്ക്കായി. ഫിഞ്ചിനേയും സ്മിത്തിനേയും അടുത്തടുത്ത് ലങ്ക പിഴുതു. പിന്നീട് എത്തിയവരിൽ മാക്സ്വെല്ലിനു (46) മാത്രമാണ് കാര്യമായ പ്രകടനം നടത്താൻ സാധിച്ചത്.