ഡികോക്ക് നയിച്ചു; ദക്ഷിണാഫ്രിക്ക ജയിച്ചു
ലണ്ടൻ: ക്വന്റൺ ഡി കോക്കിന്റെയും ഹഷിം അംലയുടെയും മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിലെ ആദ്യ ജയം. അഫ്ഗാനെ ഒൻപത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കെട്ടുകെട്ടിച്ചത്. മഴ രസം കൊല്ലിയായെത്തിയ മത്സരത്തിൽ അഫ്ഗാൻ മുന്നോട്ട് വച്ച 126 റൺസ് വിജയ ലക്ഷ്യം 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയത്. അര്‍ദ്ധ ശതകം നേടിയ ക്വിന്റണ്‍ ഡി കോക്കിനൊപ്പം മികച്ച പിന്തുണയുമായി ഹഷിം അംലയും ഒപ്പം കൂടിയപ്പോള്‍ ദക്ഷിണാഫ്രിക്കൻ വിജയം അനായാസമായി.
ഡി കോക്ക് 68 റണ്‍സ് നേടി പുറത്തായപ്പോള്‍ ഹഷിം അംല 41 റണ്‍സുമായി പുറത്താകാതെ നിന്നു. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ആന്‍ഡിലെ ഫെഹ്ലുക്വായോ 17 റണ്‍സുമായി വിജയ സമയത്ത് ക്രീസില്‍ നിന്നു. സ്കോറുകൾ തുല്യമായിടത്തു നിന്ന് സിക്സറടിച്ചാണ് ഫെഹ്ലുക്വായോ ടീമിന് ആദ്യ ജയം സമ്മാനിച്ചത്.
നേരത്തെ, നാല് വിക്കറ്റുമായി ഇമ്രാന് താഹിറും മൂന്ന് വിക്കറ്റുമായി ക്രിസ് മോറിസും കളം നിറഞ്ഞതോടെയാണ് അഫ്ഗാൻ 125 എന്ന ചെറിയ സ്കോറിലേക്ക് ഒതുങ്ങിയത്. ഏഴ് അഫ്ഗാൻ താരങ്ങളാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. റാഷിദ് ഖാൻ (35), നൂർ അലി സദ്രാൻ (32), ഹസ്രത്തുള്ള സസായി (22) എന്നിവർക്ക് മാത്രമാണ് താഹിർ-മോറിസ് ബോളിംഗ് കൊടുങ്കാറ്റിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്.
അഞ്ചു കളിയിൽ മൂന്ന് തോൽവിയും ഒരു ജയവുമായി മൂന്ന് പോയിന്റ് നേടിയിട്ടുള്ള ഡുപ്ലസിയും കൂട്ടരും പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണിപ്പോൾ. നാലിൽ നാലും തോറ്റ അഫ്ഗാൻ 10ാം സ്ഥാനത്തും. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിക്കുന്ന ന്യൂസിലൻഡിനോടാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. കരുത്തരായ ഇംഗ്ലണ്ടാണ് അഫ്ഗാൻ അടുത്ത എതിരാളികൾ.