ഇയാൾ മോർ..റൺ..! സിക്സർ പെരുമഴയിൽ അഫ്ഗാന് 398 റൺസ് വിജയലക്ഷ്യം
ഓള്‍ഡ് ട്രാഫര്ഡ്: മഴ മാറിനിന്ന ഇംഗ്ലീഷ് മൈതാനത്ത് സിക്സുകളുടെ പെരുമഴ. ഇടമുറിയാതെ സിക്സുകൾ പെയ്തുനിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. അതിവേഗ സെഞ്ചുറിയുമായി ഇയാൻ മോർഗൻ (148), അർധ സെഞ്ചുറികളുമായി ജോണി ബെയർസ്റ്റോ (90) ജോ റൂട്ട് (88), പടക്കംപൊട്ടുന്ന അടിയിൽ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും വലിയ സ്കോർ (397) ഇംഗ്ലണ്ട് കുറിച്ചു.
ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റിക്കാർഡും ഇതിനിടെ വീണു. 25 സിക്സറുകളാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ പറത്തിയത്. അടിയുടെ ചെറിയ പെരുനാളിൽ ഇംഗ്ലണ്ട് ക്യാപ്റ്റനും ഏകദിനത്തിലെ രണ്ട് റിക്കാർഡുകൾ സ്വന്തമാക്കി.
ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റിക്കാർഡും ലോകകപ്പിലെ നാലാമത്തെ വേഗമേറിയ ഏകദിന സെഞ്ചുറിയുമാണ് മോർഗൻ തന്റെ പേരിലാക്കിയത്. 57 പന്തിൽനിന്നാണ് മോർഗൻ സെഞ്ചുറി തികച്ചത്. ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരിൽ ഏറ്റവും കുറഞ്ഞ പന്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റിക്കാർഡും മോർഗന്റേതായി. 17 സിക്സറുകളാണ് ഇംഗ്ലീഷ് കപ്പിത്താൻ ഒറ്റയടിക്ക് സ്വന്തം പേരിൽക്കുറിച്ചത്.
ക്രിക്കറ്റിലെ കമ്പക്കെട്ടുകാരായ ക്രിസ് ഗെയ്ൽ, രോഹിത് ശർമ, ഡി വില്ലിയേഴ്സ് എന്നിവരുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ സിക്സറുകളുടെ റിക്കാർഡ്. ഇവർ 16 സിക്സറുകൾ വീതമാണ് ഒരു മത്സരത്തിൽ നേടിയിരുന്നത്. 71 പന്തിൽ നാല് ബൗണ്ടറി കൂടി ഉൾപ്പെടുന്നതാണ് മോർഗന്റെ ഇന്നിംഗ്സ്. സിക്സറുകളും ബൗണ്ടറികളിലും നിന്നായി 118 റൺസാണ് മോർഗൻ അടിച്ചെടുത്തത്.
ബെയർസ്റ്റോ 99 പന്തിൽനിന്ന് എട്ട് ഫോറും മൂന്ന് സിക്സറുകളും പറത്തിയാണ് 90 റൺസ് തികച്ചത്. 82 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ജോ റൂട്ടിന്റെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റിൽ ബെയർസ്റ്റോ-റൂട്ട് സഖ്യം 120 റൺസാണ് നേടിയത്. മൂന്നാം വിക്കറ്റിൽ റൂട്ടും മോർഗനും ചേർന്ന് 189 റൺസ് അടിച്ചെടുത്തു. അതിൽ റൂട്ടിന്റെ സംഭാവന 43 റൺസ് മാത്രം. ഒമ്പത് പന്തിൽ നാല് സിക്സും ഒരു ബൗണ്ടറിയുമായി അവസാന ഓവറുകളിൽ വെടിക്കെട്ടു തീർത്ത മോയിൻ അലി (പുറത്താകാതെ 31) പടുകൂറ്റൻ സ്കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചു.
ഓള്‍ഡ് ട്രാഫര്ഡിലെ മൈതാനത്ത് കനത്ത റൺമഴയിൽ അഫ്ഗാൻ മുങ്ങിത്താഴുകയായിരുന്നു. അവരുടെ ഏറ്റവും വിലപിടിപ്പുള്ള താരം റാഷിദ് ഖാൻ അടികൊണ്ട് വശംകെട്ട് നാണക്കേടിന്റെ റിക്കാർഡും പോക്കറ്റിലാക്കി. ലോകകപ്പിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളർ എന്ന നാണക്കേടാണ് റാഷിദ് പേരിൽക്കൂട്ടിയത്. ഒമ്പത് ഓവർ മാത്രം എറിഞ്ഞ റാഷിദ് ഖാൻ 110 റൺസാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റുപോലും നേടാനും സാധിച്ചില്ല.