കിവീസിന് ടോസ്
ബർമിംഗ്ഹാം: ലോകകപ്പിൽ നിലനിൽപ്പിനായി ദക്ഷിണാഫ്രിക്കയും വിജയവഴി തുടരാൻ ന്യൂസിലൻഡും കളത്തിലിറങ്ങുന്നു. ഔട്ട്ഫീൽഡിലെ നനവ് മൂലം വൈകിയ ടോസ് കിവീസിന് ലഭിച്ചു. ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുത്തു.

ലോകകപ്പിൽ സെമി പ്രതീക്ഷ നിൽനിർത്തണമെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. അഞ്ച് കളികളിൽ നിന്ന് ഒരു ജയം മാത്രമുള്ള ഫാഫ് ഡുപ്ലസിസും സംഘത്തിനും മൂന്ന് പോയിന്‍റ് മാത്രമാണുള്ളത്. പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തും.
മറുവശത്ത് കിവീസിന് കളിച്ച നാല് കളികളിൽ മൂന്നിലും വിജയം നേടാനായി. ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ ഒരു പോയിന്‍റ് അങ്ങനെയും കിട്ടി. ആകെ ഏഴ് പോയിന്‍റുമായി കിവീസ് പോയിന്‍റ് പട്ടികയിൽ മൂന്നാമതാണ്. ഇന്ന് ജയിച്ചാൽ ഏറെക്കുറെ അവർ സെമി ബർത്ത് ഉറപ്പിക്കും.

തുടർ വിജയങ്ങൾ നേടിയ ടീമിൽ മാറ്റം വരുത്താതെയാണ് കിവീസ് കളത്തിലിറങ്ങുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന പേസർ ലുങ്കി എൻഗിഡി അന്തിമ ഇലവനിൽ തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി. ബാറ്റിംഗ് നിരയുടെ മോശം ഫോമാണ് അവരെ വലയ്ക്കുന്നത്. ഹാഷിം ആംലയും ഫാഫ് ഡുപ്ലസിസും ജെ.പി.ഡുമ്മിനിയും എല്ലാം പ്രതിഭയുടെ നിഴലിൽ മാത്രമാണ്.