ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത്; പകരം ഋഷഭ് പന്ത് ടീമിൽ
ലണ്ടൻ: പരിക്കേറ്റ ഓപ്പണർ ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത്. ഇടതു തള്ളവിരലിനേറ്റ പരിക്കാണ് ഇടംകൈയൻ ഓപ്പണർക്ക് തിരിച്ചടിയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ഇതോടെ ധവാന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. ലോകകപ്പ് റിസർവ് പട്ടികയിലുള്ള പന്തിനെ ബിസിസിഐ ഇംഗ്ലണ്ടിൽ എത്തിച്ചിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിൻസിന്റെ പന്തുകൊണ്ടാണ് ധവാന് പരിക്കേറ്റത്. മത്സരത്തിൽ സെഞ്ചുറി (117) നേടിയ ധവാൻ മാൻ ഓഫ് ദ മാച്ചായിരുന്നു. പരിക്കു മൂലം ധവാൻ ഫീൽഡിംഗിനിറങ്ങിയിരുന്നില്ല. ധവാന്റെ വിരലിന് പൊട്ടലുണ്ടെന്ന് പിന്നീട് സ്കാനിംഗില്‍ വ്യക്തമായിരുന്നു.
ഇതോടെ ഒരാഴ്ച താരത്തെ നിരീക്ഷിച്ച ശേഷം ടീം മാനേജ്മെന്റ് തീരുമാനം എടുക്കുകയായിരുന്നു. ധവാന്റെ പരിക്ക് ഭേദമാകാൻ ഇനിയും സമയമെടുക്കും. ജൂലൈ പകുതിയോടെ മാത്രമേ താരത്തിന് തിരിച്ചെത്താൻ കഴിയുകയുള്ളൂവെന്നും ടീം മാനേജർ സുനിൽ സുബ്രഹ്മണ്യം പറഞ്ഞു. പന്തിനെ പകരക്കാരനായി ഉൾപ്പെടുത്താൻ ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസിസി ടൂർണമെന്റുകളിൽ മികച്ച റിക്കാർഡുള്ള ധവാനു പരിക്കേറ്റത് ലോകകപ്പിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. ഇതോടെ ഓപ്പണിംഗ് റോളിലേക്ക് മാറിയ കെ.എൽ.രാഹുൽ പാക്കിസ്ഥാനെതിരെ അർധ സെഞ്ചുറി നേടിയിരുന്നു. പ്ലേയിംഗ് ഇലവനിലേക്ക് വിജയ് ശങ്കറാണ് എത്തിയത്.