ഇന്ത്യയ്ക്ക് ബാറ്റിംഗ്
സതാംപ്ടണ്‍: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കി മുഹമ്മദ് ഷമിയെ ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. മറ്റ് മാറ്റങ്ങളൊന്നും ടീമിലില്ല.

ഋഷഭ് പന്തിന് അവസരം നൽകുമോ എന്നതായിരുന്നു ഇന്ത്യൻ ആരാധകരുടെ ആകാംഷ. എന്നാൽ വിന്നിംഗ് കോപിനേഷനിൽ മാറ്റം വരുത്താൻ നായകൻ കോഹ്ലി തയാറായില്ല.

മറുവശത്ത് അഫ്ഗാൻ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യയ്ക്കെതിരേ ഇറങ്ങുന്നത്. ഓപ്പണർ ഹസ്റത്തുള്ള സസായിയും ബൗളർ അഫ്താബ് ആലവും ടീമിലെത്തി. നൂർ അലി സാദ്രാൻ, ദൗളത് സാദ്രാൻ എന്നിവരെ ഒഴിവാക്കി.

കളിച്ച അഞ്ച് കളികളും തോറ്റ അഫ്ഗാൻ ലോകകപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു. കരുത്തരായ ഇന്ത്യയ്ക്കെതിരേ മികച്ച പോരാട്ടം ലക്ഷ്യമിട്ടാവും അവർ കളത്തിലിറങ്ങുക. മറുവശത്ത് ഇന്ന് വിജയിച്ച് സെമിബർത്ത് ഉറപ്പാക്കാനാകും കോഹ്ലിയുടെയും സംഘത്തിന്‍റെയും ശ്രമം.

ശിഖർ ധവാന്‍റെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹിത് ശർമ-കെ.എൽ.രാഹുൽ സഖ്യം തന്നെയാവും ഇന്നും ക്രീസിലെത്തുക.