ബ്രാത്വൈറ്റ് ഷോ, പക്ഷേ.., ജയം കീവികൾക്കൊപ്പം
മാഞ്ചസ്റ്റർ: കാർലോസ് ബ്രാത്വൈറ്റ് എന്ന ഉയരക്കാരന്റെ ബാറ്റിൽ നിന്ന് 49ാം ഓവറിലെ അവസാന പന്ത് ഉയർന്ന് പൊങ്ങുമ്പോൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരാകെ ആർത്തുവിളിച്ചത് അത് സിക്സെന്നുറപ്പിച്ചായിരുന്നു. എന്നാൽ, ബൗണ്ടറി ലൈനിൽ ബോൾട്ടിന്റെ കൈകളിൽ ആ പന്ത് വിശ്രമം തേടിയപ്പോൾ വിൻഡീസ് ആരാധകർ മാത്രമല്ല ക്രിക്കറ്റ് പ്രേമികളാകെ തലയിൽ കൈവച്ചിട്ടുണ്ടാകണം. കാണികളെ മുൾമുനയിൽ നിർത്തിയ പോരാട്ടത്തിൽ അങ്ങനെ ജയം ഒടുവിൽ കറുത്ത കുതിരകൾക്കൊപ്പം നിന്നു.

ആവേശം അലതല്ലിയ പോരാട്ടത്തിൽ അഞ്ചു റൺസിനാണ് വില്യംസണും കൂട്ടരും വിജയിച്ചത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 291 റൺസ്. വിൻഡീസ് 49 ഓവറിൽ 286ന് ഓൾഔട്ട്. ഈ ജയത്തോടെ ആറുകളിൽ നിന്ന് 11 പോയിന്റുമായി ന്യൂസിലൻഡ് സെമിബർത്ത് ഏറെക്കുറെ ഉറപ്പിച്ചപ്പോൾ ആറു കളികളിൽ നാല് തോൽവികളേറ്റുവാങ്ങിയ വിൻഡീസിന്റെ നില കൂടുതൽ പരുങ്ങലിലാവുകയും ചെയ്തു.
ബ്രാത്വൈറ്റിനു പുറമേ കൂറ്റനടിക്കാരൻ ക്രിസ് ഗെയിലിനും ഷിമോൺ ഹെറ്റ്മെയറിനും മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ചു നിൽക്കാനയത്. 84 പന്തിൽ എട്ട് ഫോറിന്റെയും ആറ് സിക്സറുകളുടെയും അകമ്പടിയോടെ ഗെയിൽ 87 റൺസെടുത്തപ്പോൾ ഹെറ്റ്മെയർ 45 പന്തിൽ 54 റൺസെടുത്തു. നിക്കോളാസ് പൂരന് (ഒന്ന്), ആഷ്ലി നേഴ്സ് (ഒന്ന്), നായകൻ ജെസൺ ഹോൾഡർ (പൂജ്യം), എവിന്‍ ലൂയിസ് (പൂജ്യം) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ കെമര്‍ റോച്ച് 14ഉം ഷെല്‍ഡണ്‍ കോട്രല്‍ 15ഉം റൺസ് മാത്രമെടുത്ത് മടങ്ങി.

ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഫെര്ഗൂസണ് 10 ഓവറില്‍ 59 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. മാറ്റ് ഹെന്‍ട്രി, ഗ്രാന്റ് ഹോം, ജെയിംസ് നീഷാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് 50 ഓവറിൽ എട്ടിന് 291 റൺസെടുത്തു. നായകൻ കെയ്ൻ വില്യംസണിന്റെ സെഞ്ചുറിയുടെ ക രുത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. വില്യംസൺ 154 പന്തിൽ 148 റൺസെടുത്തു. ആദ്യ ഓവറില്‍ തന്നെ കിവീസ് ഓപ്പണര്‍മാരെ പൂജ്യത്തിന് പുറത്താക്കി ഷെല്‍ഡണ്‍ കോട്രൽ ഞെട്ടിച്ചു. പിന്നീട് വില്യംസണും റോസ് ടെയ്ലറും ഒത്തുചേര്‍ന്നതോടെ കിവീസ് പതിയെ കരകയറി. 95 പന്തില്‍ 69 റണ്‍സ് നേടിയ ടെയ്ലറെ ക്രിസ് ഗെയ്ല് മടക്കി.

അവസാന ഓവറുകളിൽ വില്യംസണിന് പിന്തുണയുമായി ജയിംസ് നിഷാമും(23 പന്തിൽ 28), കോളിൻ ഡെ ഗ്രാൻഡ്ഹോമും(ആറ് പന്തിൽ 16) കളിച്ചതോടെ മികച്ച സ്കോറിലെത്തി. വിൻഡീസിന് വേണ്ടി കോട്രൽ നാലും കാർലോസ് ബ്രാത്ത്വെറ്റ് രണ്ടും ഗെയ്ൽ ഒരു വിക്കറ്റും നേടി.