സൊഹയ്ൽ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാനു മികച്ച സ്കോർ
ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാന് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 308 റണ്‍സ് നേടി. ബാബർ അസം (69), ഹാരിസ് സൊഹയ്ൽ (59 പന്തിൽ 89) എന്നിവരുടെ അർധസെഞ്ചുറികളാണ് പാക്കിസ്ഥാനെ മികച്ച സ്കോറിൽ എത്തിച്ചത്.
ഇമാം ഉൾ ഹഖ്-ഫഖർ സമാൻ ഓപ്പണിംഗ് കൂട്ടുകെട്ട് പാക്കിസ്ഥാനു മികച്ച തുടക്കമാണു സമ്മാനിച്ചത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 81 റണ്‍സ് അടിച്ചുകൂട്ടി. 44 റണ്‍സ് വീതം നേടി ഇരുവരും ഇമ്രാൻ താഹിറിന് ഇരകളായി. ഇതിനുശേഷമാണ് ബാബർ അസം പാക് ഇന്നിംഗ്സ് കരുപ്പിടിപ്പിക്കുന്നത്. 80 പന്ത് നേരിട്ട അസം ഏഴു ബൗണ്ടറികൾ പായിച്ചു.
സൊഹയ്ലിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് പാക്കിസ്ഥാനെ മുന്നൂറ് കടത്തുന്നത്. 38 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ച സൊഹയ്ൽ, പാക് ഇന്നിംഗ്സിന്റെ അവസാന ഓവറിൽ പുറത്തായി. ഒന്‍പതു ബൗണ്ടറികളും മൂന്നു സിക്സറും സൊഹയ്ൽ പായിച്ചു. മുഹമ്മദ് ഹഫീസ് (20), ഇമാസ് വസിം (23), വഹാബ് റിയാസ് (4) എന്നിവർക്കു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എൻഗിഡി 64 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ഇമ്രാൻ താഹിർ രണ്ടും പെഹ്ലുക്വായോ, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റും നേടി.