ബാബറിനു സെഞ്ചുറി; പാക്കിസ്ഥാന് ആറ് വിക്കറ്റ് ജയം
ബർമിംഗ്ഹാം: ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ പാക്കിസ്ഥാന് ആറ് വിക്കറ്റ് ജയം. ബാബർ അസാമിന്റെ സെഞ്ചുറി കരുത്താണ് പാക്കിസ്ഥാനു മിന്നും ജയം സമ്മാനിച്ചത്. 124 പന്തിൽ 11 ഫോറുകളുടെ അകന്പടിയോടെയാണ് ബാബർ സെഞ്ചുറി പൂർത്തിയാക്കിയത്.
ന്യൂസിലൻഡ് ഉയർത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് തുടക്കത്തിൽ ഓപ്പണർ ഫഖർ സമാനെ നഷ്ടമായി. ഫഖർ സൽമാനെ ട്രെന്റ് ബോൾട്ട് മാർട്ടിൻ ഗുപ്റ്റിലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.ശേഷം ക്രീസിലെത്തിയ ബാബർ അസമും ഇമാം ഉൾ ഹഖും ചേർന്ന് കീവിസ് ബൗളിംഗിനെ ചെറുക്കാൻ ശ്രമിച്ചെങ്കിലും 11-ാം ഓവറിൽ രണ്ടാം വിക്കറ്റും നഷ്ടമായി. 19 റണ്‍സെടുത്ത ഇമാമിനെ ലോക്കി ഫെർഗൂസണ് പവലിയൻ കയറ്റുകയായിരുന്നു.
പിന്നീട് അസമിനോടൊപ്പം ചേർന്ന് മുഹമ്മദ് ഹഫീസ് പാക്കിസ്ഥാൻ സ്കോർബോർഡ് പതുക്കെ ഉയർത്തി. ന്യൂസിലൻഡ് ബൗളിംഗിനെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേർന്ന് 66 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തു. പാക് സ്കോർ 110ൽ എത്തിയപ്പോൾ ഹഫീസിനെ (32) വില്യംസണ് വീഴ്ത്തി.
ക്രീസിൽ നങ്കൂരമിട്ട അസിമിനോപ്പം പിന്നീട് ഹരീസ് സോഹാലി ചേർന്നതോടെ പാക്കിസ്ഥാൻ വിജയം ഉറപ്പിക്കുകയായിരുന്നു. നാലാം വിക്കറ്റ് കൂട്ടുക്കെട്ടിൽ ഇരുവരും ചേർന്ന് 126 റണ്‍സാണ് നേടിയത്. വിജയിക്കാൻ രണ്ട് റണ്‍ ശേഷിക്കെ സോഹാലിയെ ഗുപ്റ്റ് റണ്‍ഔട്ടാക്കി. 76പന്തിൽ 68 റണ്‍സായിരുന്നു സോഹാലിയുടെ സന്പാദ്യം. പിന്നീട് ക്രീസിലെത്തിയ നായകൻ സർഫറാസ് അഹമ്മദിന് കാര്യമായി യാതൊന്നും ചെയ്യേണ്ടിവന്നില്ല. 101 റണ്‍സെടുത്ത ബാബറും അഞ്ച് റണ്‍സെടുത്ത അഹമ്മദും പുറത്താകതെ നിന്നു.
ന്യൂസിലാൻഡിനായി ബോൾട്ടും ഫെർഗൂസണും വില്യംസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് നീഷാമിന്റെയും ഗ്രാൻഡ്ഹോമിന്റെയും അർധസെഞ്ചുറിയുടെ കരുത്തിലാണ് 237 റൺസെടുത്തത്. ന്യൂസിലൻഡിനു തുടക്കത്തിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. 83 റണ്‍സിനിടെ അഞ്ച് മുൻനിര ബാറ്റ്സ്മാൻമാരെയാണ് കീവിസിനു നഷ്ടമായത്.
112 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 97 റണ്‍സെടുത്ത നീഷാമിന്റെ പോരാട്ടമാണ് കിവീസിനു കരുത്തായത്. നീഷാമിനു ഉറച്ച പിന്തുണയാണ് ഗ്രാൻഡ്ഹോം നൽകിയത്. 71 പന്തിൽ 64 റണ്‍സാണ് ഗ്രാൻഡ്ഹോം നേടിയത്. ആറാം വിക്കറ്റ് കൂട്ടുക്കെട്ടിൽ നീഷാമും ഗ്രാൻഡ്ഹോമും ചേർന്ന് അടിച്ചു കൂട്ടിയത് 132 റണ്‍സാണ്.
കെയിൻ വില്യംസണ് 41 റണ്‍സും കോളിൻ മണ്‍റോ 12 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. അഞ്ച് റണ്‍സെടുത്ത മിച്ചൽ സ്റ്റാനെർ പുറത്താകാതെ നിന്നു.
പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി പത്ത് ഓവറിൽ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ആമീറും ഷദാബ് ഖാനും ഓരോ വിക്കറ്റ് വീതം നേടി.