ചിറകറ്റ് ലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപത് വിക്കറ്റ് ജയം
ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ സെമി സാധ്യത തേടി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയ ശ്രീലങ്കയ്ക്കു അടിതെറ്റി. ശ്രീലങ്ക ഉയർത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ 77 പന്തുകൾശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.
ഹഷിം അംലയുടെയും(80) ഡുപ്ലസിയുടെയും(96) അർധസെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ അനായാസം വിജയത്തിലെത്തിച്ചത്. രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടിൽ ഇരുവരും ചേർന്നു അടിച്ചുകൂടിയത് 175 റണ്‍സാണ്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റണ്‍ ഡി കോക്കിനെ (15) വീഴ്ത്തിയതു മാത്രമാണ് ലങ്കയ്ക്ക് ആശ്വസമായത്. മലിംഗയ്ക്കാണ് വിക്കറ്റ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറിൽ 203 റണ്‍സിന് ഓൾഔട്ടായി. 30 റണ്‍സ് വീതമെടുത്ത കുശാൽ പെരേരയ്ക്കും അവിഷ്ക ഫെർണാണ്ടോയ്ക്കും മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്. 67 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടിൽ പടുത്തുയർത്തത്.
ഫെർണാണ്ടോയെ പ്രെടോറിയസ് വീഴ്ത്തിയതോടെ ലങ്കയുടെ പതനം ആരംഭിക്കുകയായിരുന്നു. പിന്നീട് ആർക്കും ക്രീസിൽ ഉറച്ചു നിൽക്കാൻ സാധിച്ചില്ല. മെൻഡിസ് 23 റണ്‍സും ഡി സിൽവ 24 റണ്‍സും തിസാര പെരേര 21 റണ്‍സുമെടുത്തു പുറത്തായി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് മോറിസും ഡാനിൽ പ്രെടോറിയസുമാണ് ലങ്കയെ വീഴ്ത്തിയത്. റബാഡ രണ്ട് വിക്കറ്റും നേടി. തോൽവിയോടെ ശ്രീലങ്കയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായി.