സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്‍റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ കിവീസിനാകട്ടെ സെമി ഉറപ്പിക്കാൻ ജയം വേണമെന്ന നിലയുമാണ്.

പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ഓസീസും മൂന്നാം സ്ഥാനത്തുള്ള കിവീസും കൊന്പുകോർക്കുന്പോൾ തീപാറുമെന്ന് ഉറപ്പ്. 2015-ലെ ഫൈനലിൽ ഓസീസിനോടേറ്റ ദയനീയ തോൽവിക്ക് കണക്കു തീർക്കാൻ കൂടിയാണ് കിവീസ് കളത്തിലിറങ്ങുന്നത്.

ഇന്ത്യയ്ക്കെതിരേ തോറ്റതൊഴിച്ചാൽ ഓസീസ് ടൂർണമെന്‍റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കിവീസിന്‍റെ നിലയും മറിച്ചല്ല. ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ അവസാന മത്സരത്തിൽ പാക്കിസ്ഥാനോട് തോൽവി ഏറ്റുവാങ്ങിയത് മാത്രമാണ് കെയ്ൻ വില്യംസണും സംഘത്തിനും തിരിച്ചടിയായി. അയൽക്കാരായ ഇരുവർക്കും മികച്ച ബൗളിംഗ് നിരയുമുണ്ട്.

ഓസീസ് അന്തിമ ഇലവനിൽ മാറ്റം വരുത്താതെയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. കിവീസ് രണ്ടു മാറ്റങ്ങൾ വരുത്തി. മോശം ഫോമിലുള്ള ഓപ്പണർ കോളിൻ മണ്‍റോ, പേസർ മാറ്റ് ഹെൻട്രി എന്നിവരെ ഒഴിവാക്കി. സ്പിന്നർ ഇഷ് സോധിയും ഹെൻട്രി നിക്കോൾസും ടീമിലെത്തി.