വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് മായങ്ക് അഗർവാൾ ആദ്യമായാണ് ഏകദിന ടീമിലേക്ക് എത്തുന്നത്.

ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തുപോകുന്ന രണ്ടാമത്തെ താരമാണ് വിജയ് ശങ്കർ. നേരത്തെ കൈവിരലിന് പൊട്ടലേറ്റ് ഓപ്പണർ ശിഖർ ധവാൻ ടീമിന് പുറത്തായിരുന്നു. പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോർക്കർ കാലിൽകൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നിന്നും ഓൾറൗണ്ടറെ ഒഴിവാക്കിയിരുന്നു. ഋഷഭ് പന്താണ് പകരം ടീമിലെത്തിയത്.

മായങ്ക് അഗർവാൾ ടീമിലെത്തിയാൽ രണ്ടു സാധ്യതകളാണ് ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഓപ്പണിംഗിൽ പരാജയമായ കെ.എൽ.രാഹുലിനെ വീണ്ടും നാലാം നന്പറിലേക്ക് മാറ്റാം. ഇതോടെ ഋഷഭ് പന്തിന് സ്ഥാനം നഷ്ടമാകും. അല്ലെങ്കിൽ മോശം ഫോമിൽ തുടരുന്ന രാഹുലിനെ ഒഴിവാക്കി പന്തിനെയും അഗർവാളിനെയും അന്തിമ ഇലവനിൽ ഉൾപ്പെടുത്താം.

ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. ഈ മത്സരത്തിന് ശേഷമേ മായങ്ക് അഗർവാൾ ടീമിനൊപ്പം ചേരൂ എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ ആറിന് അവസാന പ്രാഥമിക റൗണ്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരേ രോഹിത് ശർമയ്ക്കൊപ്പം അഗർവാൾ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തേക്കും.