ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം തീപാറും.

രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്പിന്നർ കുൽദീപ് യാദവ്, കേദാർ ജാദവ് എന്നിവരെ ഇന്ത്യ ഒഴിവാക്കി. ദിനേശ് കാർത്തിക്കും പരിക്കിൽ നിന്നും മുക്തനായ ഭുവനേശ്വർ കുമാറും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട പ്രകടനം നടത്തിയ ഋഷഭ് പന്തിനെ ഇന്ത്യ നിലനിർത്തുകയും ചെയ്തു. മൂന്ന് മുൻനിര പേസർമാരുമായാണ് ഇന്ത്യ സെമി ലക്ഷ്യംവച്ചുള്ള പോരാട്ടത്തിനിറങ്ങുന്നത്.

അതേസമയം മുഹമ്മദുള്ളയ്ക്ക് പരിക്കേറ്റത് ബംഗ്ലാദേശിന് തിരിച്ചടിയായി. സാബിർ റഹ്മാനാണ് പകരക്കാരൻ. സ്പിന്നർ മെഹിദി ഹസന് പകരം പേസർ റൂബൽ ഹുസൈനെയും ബംഗ്ലാദേശ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.

ഏഴ് പോയിന്‍റുള്ള ബംഗ്ലാദേശിന് ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഒപ്പമെത്താം. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് അവസാന മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റാൽ ജൂലൈ അഞ്ചിന് നടക്കുന്ന പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സര വിജയികൾക്ക് സെമിയിലെത്താൻ കഴിയും.