കിവീസിനെതിരേ ഇംഗ്ലണ്ടിന് ബാറ്റിംഗ്
ചെസ്റ്റർ ലീ സ്ട്രീറ്റ്: ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ന് വിജയിക്കുന്നവർക്ക് സെമിഫൈനൽ ബർത്ത് ഉറപ്പിക്കാം എന്നതിനാൽ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

തുടർ തോൽവികൾക്ക് ശേഷമാണ് കിവീസ് കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്കെതിരേ നേടിയ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. എട്ട് കളികളിൽ നിന്നും 11 പോയിന്‍റുള്ള കിവീസിനും എട്ട് കളികളിൽ നിന്നും 10 പോയിന്‍റുള്ള ഇംഗ്ലണ്ടിനും ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സെമിബർത്ത് ഉറപ്പിക്കാം.

മറിച്ച് ഏത് ടീം തോറ്റാലും പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരഫലത്തെ ആശ്രയിച്ചാവും അവരുടെ സെമി സാധ്യത. ഇംഗ്ലണ്ട് തോൽക്കുകയും പാക്കിസ്ഥാൻ ജയിക്കുകയും ചെയ്താൽ ആതിഥേയർക്ക് സെമികാണാതെ പുറത്തുപോകേണ്ടി വരും. ഇനി തോൽക്കുന്നത് ന്യൂസിലൻഡ് ആണെങ്കിൽ പാക്കിസ്ഥാൻ ജയിച്ച് എത്തിയാൽ റണ്‍റേറ്റായിരിക്കും നാലാം സെമിഫൈനൽ സ്ഥാനക്കാരെ നിശ്ചയിക്കുക.

മികച്ച ഫോമിലുള്ള പേസർ ലോക്കി ഫെർഗൂസന്‍റ അഭാവം കിവീസിന് തിരിച്ചടിയാണ്. പകരം ടിം സൗത്തി ടീമിലെത്തി. ഈ ലോകകപ്പിൽ ആദ്യമായാണ് സൗത്തി 11 അംഗ ടീമിൽ സ്ഥാനം നേടുന്നത്. സ്പിന്നർ ഈഷ് സോധിയെയും കിവീസ് ഒഴിവാക്കി. പകരം മാറ്റ് ഹെൻട്രിയാണ് ടീമിലുള്ളത്. ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരേ വിജയം നേടിയ ടീമിൽ മാറ്റം വരുത്തിയിട്ടില്ല.