ഹിറ്റ്മാനെ അഭിനന്ദിച്ച് ഇതിഹാസം; രോഹിത്തിന്റേത് ആശ്ചര്യകരമായ ബാറ്റിംഗെന്ന് സച്ചിൻ
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും സെഞ്ചുറി നേടിയ രോഹിത് ശർമയെ അഭിന്ദനങ്ങൾ കൊണ്ട് മൂടി ബാറ്റിംഗ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. തുടർച്ചയായ മൂന്ന് സെഞ്ചുറികൾ, ഈ ലോകകപ്പിൽ മാത്രം അഞ്ച് സെഞ്ചുറികൾ. രോഹിത് നിങ്ങൾ അസാമാന്യ ഫോമിലാണ്- സച്ചിൻ കുറിച്ചു.
ലങ്കയ്ക്കെതിരായ സെഞ്ചുറി നേട്ടത്തോടെ രോഹിത് മറ്റൊരു നാഴികകല്ലിനൊപ്പമെത്തുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരമെന്ന സച്ചിന്റെ റിക്കാർഡിനൊപ്പമാണ് രോഹിത് എത്തിയത്. ഇതിനു പിന്നാലെയാണ് സച്ചിൻ തന്നെ രോഹിതിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
മത്സരത്തിൽ മറ്റൊരു സെഞ്ചുറി പ്രകടനത്തിനുടമയായ കെ.എൽ.രാഹുലിനെയും സച്ചിൻ അഭിനന്ദിച്ചു. ഈ രണ്ട് പ്രകടനങ്ങളും ടീം ഇന്ത്യയ്ക്ക് നല്ല ലക്ഷണങ്ങളാണെന്നും മാസ്റ്റർ ബ്ലാസ്റ്റർ കൂട്ടിച്ചേർത്തു.