ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം; ഇന്ത്യയ്ക്ക് എതിരാളി ന്യൂസിലൻഡ്
മാഞ്ചസ്റ്റർ: ലോകകപ്പിലെ അവസാന ലീഗ് പോരാട്ടത്തിൽ ഇതിനോടകം സെമിയിലെത്തിയ ഓസ്ട്രേലിയയെ 10 റൺസിന് തോൽപിച്ച് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയയുടെ രണ്ടാമത്തെ മാത്രം തോൽവിയും ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ മാത്രം വിജയവുമാണിത്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടതോടെ സെമിയിൽ ഇംഗ്ലണ്ടാണ് ഓസ്ട്രേലിയയുടെ എതിരാളികൾ. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനെ നേരിടും.
സ്കോർ: ദക്ഷിണാഫ്രിക്ക- 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 325, ഓസ്ട്രേലിയ- 49.5 ഓവറിൽ 315ന് എല്ലാവരും പുറത്ത്.
ഓസ്ട്രേലിയക്ക് വേണ്ടി 122 റൺസ് എടുത്ത ഓപ്പണർ ഡേവിഡ് വാർണർ ആഫ്രിക്കൻ പാളയത്തിലേക്ക് പട നയിച്ചെങ്കിലും ആശ്വാസ ജയം നേടിയേ തീരൂ എന്ന് ഉറച്ച തീരുമാനത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ പരാജപ്പെടുത്താനായില്ല. വാർണർ സെഞ്ചുറി പ്രകടനം പുറത്തെടുത്തപ്പോൾ 69 പന്തിൽ 85 റൺസ് എടുത്ത കാരെ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ 11 പന്തിൽ 16 എടുത്ത സ്റ്റാർകും ആറ് പന്തിൽ 11 റൺസ് എടുത്ത ബെഹറെൻഡോഫും പൊരുതി നോക്കിയെങ്കിലും മറ്റു ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതോടെ ഓസ്ട്രേലിയ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
നേരത്തെ, 100 റൺസെടുത്ത ഡുപ്ലെസിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 95 റൺസ് എടുത്ത വാൻ ഡെർ ഡുസൺ ഡുപ്ലെസിക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ അർധ സെഞ്ചുറി നേടിയ ഡി കോക്കിന്റെ പ്രകടനവും 34 റൺസ് എടുത്ത മാർക്രമിന്റെ പ്രകടനവും ആഫ്രിക്കൻ സ്കോറിന് തുണയായി.